കാഴ്ചയില്ലാതായിട്ടും ജാസ്മിൻ തകർന്നില്ല, മനക്കരുത്തിൽ സംരംഭകയായി; ജീവിതവെളിച്ചം പകരുന്നത് 30 പേർക്ക്

കോട്ടയം: സെറിബ്രൽ പാൾസിയുള്ള മകൻ പിറന്നതിന്റെ തൊട്ടടുത്ത വർഷമാണ്, ക്രമേണ കാഴ്ചനഷ്ടപ്പെടുന്ന റെറ്റിനൈറ്റിസ് പിഗ്മെന്റോസ എന്ന അപൂർവ രോഗം തന്നെ പിടികൂടിയത് ജാസ്മിൻ തിരിച്ചറിയുന്നത്. എന്നിട്ടും തളർന്ന് വീട്ടിലിരിക്കാതെ വെല്ലുവിളികളെ നേരിടാനുള്ള തീരുമാനം തുടങ്ങനാട് വിച്ചാത്ത് വീട്ടിൽ ജാസ്മിനെ ചെറുകിട സംരംഭകയാക്കി. പൂർണമായി കാഴ്ചനഷ്ടപ്പെട്ട് 13 വർഷങ്ങൾക്കിപ്പുറം ഇന്ന് ‘അപ്പൂസ് ഫുഡ്സെ’ന്ന സ്ഥാപനത്തിലൂടെ 30 പേർക്ക് തൊഴിൽ നൽകുന്നു, ജാസ്മിൻ.
സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ഒരു വൈദികന്റെ ഉപദേശം സ്വീകരിച്ച് വീട്ടിൽത്തന്നെ കുറച്ച് നെയ്യപ്പം ഉണ്ടാക്കിയാണ് തുടക്കം. വീടിനോട് ചേർന്ന്, ഭർത്താവ് അജി നടത്തുന്ന ചെറിയകടയിൽ ഇത് വിൽക്കാൻവെച്ചു. ആദ്യദിവസംതന്നെ മുഴുവനും വിറ്റുപോയി. വാങ്ങിയവർ വീണ്ടും തിരക്കിവന്നതോടെ രണ്ട് സഹായികളെ കൂട്ടി. 2005-ൽ അതൊരു ചെറുകിട സംരംഭമായി.
തുടക്കത്തിൽ ആഴ്ചയിൽ ഒന്നോ രണ്ടോ തവണയാണ് കച്ചവടത്തിനായി നെയ്യപ്പം ഉണ്ടാക്കിയത്. എന്നാൽ 2009-ൽ ഭരണങ്ങാനത്ത് ആദ്യ പെരുന്നാളിന് 1000 കിലോ നേർച്ച അപ്പത്തിന്റെ ഓർഡർ കിട്ടി. ജാസ്മിനും സഹായികളും ചേർന്ന് 10 ദിവസത്തിൽ 1200 കിലോ അപ്പം ഉണ്ടാക്കി. അപ്പോഴേക്കും ജാസ്മിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടിരുന്നു.
‘‘അന്നേ കാഴ്ചയില്ലാതാകുന്ന ദിവസം മുന്നിൽ കണ്ടിരുന്നു. കണ്ണുകൾ അടച്ച് ജോലികൾചെയ്ത് പരിശീലിക്കാൻ തുടങ്ങി. തേങ്ങാക്കൊത്ത് അരിയുന്നത് മുതലുള്ള കാര്യങ്ങൾ അങ്ങനെ ശീലിച്ചു’’-52-കാരിയായ ജാസ്മിൻ പറയുന്നു.
2011-ഓടെ കാഴ്ച പൂർണമായി നഷ്ടപ്പെട്ടു. പക്ഷേ, ബിസിനസിലും ജീവിതത്തിലും ജാസ്മിനും അജിയും കാലിടറാതെ ഉറച്ചുനിന്നു. ആഴ്ചയിൽ രണ്ട് കിലോ നെയ്യപ്പം വിറ്റിരുന്ന സ്ഥാനത്ത് ഇന്ന് ആയിരം കിലോ വിൽക്കുന്നു. പെരുന്നാൾ സമയത്ത് 6000 കിലോ വരെയും. അഞ്ച് രൂപതകളിലായി നിരവധി പ്രധാന പള്ളികളിൽ നേർച്ചയപ്പം എത്തിക്കുന്നതും ഇവിടെനിന്ന്.
Content Highlights: appoos foods appam production unit and jasmines life