‘മുതലാളി ഒരു മാന്യനാണ്’; കമ്പനി വിറ്റ തുകയിൽനിന്ന് 2155 കോടി ജീവനക്കാർക്ക് ബോണസായി നൽകി സിഇഒ

വാഷിങ്ടൺ: കമ്പനി വിറ്റതിൽനിന്ന് ലഭിച്ച തുകയിലൊരുഭാഗം ജീവനക്കാർക്ക് ബോണസായി നൽകി ഒരു സിഇഒ. അമേരിക്കൻ കമ്പനിയായ ഫൈബർബോണ്ടിന്റെ മുൻ സിഇഒ ആയ ഗ്രഹാം വാക്കറാണ്, കമ്പനിയിലെ 540 ജീവനക്കാർക്കായി 24 കോടി ഡോളർ അഥവാ 2,155 കോടിരൂപ ബോണസ് ആയി വീതിച്ചുനൽകിയത്. ഈ ജീവനക്കാർ ആരും കമ്പനിയുടെ ഓഹരിയുടമകളല്ല എന്നതാണ് കൗതുകകരമായ സംഗതി.
സാധാരണഗതിയിൽ, ഒരു കമ്പനി വിൽക്കപ്പെടുമ്പോൾ അതിന്റെ ഓഹരിയുടമകളാണെങ്കിൽ ജീവനക്കാർക്ക് വലിയൊരുതുക ലഭിക്കുക പതിവാണ്. എന്നാൽ, ഫൈബർബോണ്ടിന്റെ കാര്യത്തിൽ, ജീവനക്കാർ ആരും അതിന്റെ ഓഹരിയുടമകളായിരുന്നില്ല. എന്നിട്ടും പണം വിതരണം ചെയ്യാൻ ഗ്രഹാം തയ്യാറാകുകയായിരുന്നു. ഗ്രഹാം വാൽക്കറുടെ കുടുംബ ബിസിനസിന്റെ ഭാഗമായിരുന്നു ഫൈബർ ബോണ്ട്. 1982-ൽ അദ്ദേഹത്തിന്റെ പിതാവ് ക്ലൗഡ് വാക്കറാണ് കമ്പനി സ്ഥാപിച്ചത്.
ഇക്കൊല്ലം ആദ്യമാണ് 15,265 കോടി രൂപയ്ക്ക് ഫൈബർബോണ്ടിനെ ഈറ്റൺ കോർപറേഷന് വിറ്റത്. ഈ തുകയിൽനിന്നൊരു ഭാഗമാണ് തന്റെ ജീവനക്കാർക്ക് ഗ്രഹാം നൽകിയത്. മോശം സമയത്ത് കമ്പനിക്കൊപ്പംനിന്നതിനുള്ള നന്ദിസൂചകമായാണ് ജീവനക്കാർക്ക് ഇത്തരത്തിൽ പണം നൽകിയതെന്ന് ഗ്രഹാം പറഞ്ഞു. ജൂൺമാസം മുതലാണ് പണം നൽകിത്തുടങ്ങിയത്. ജീവനക്കാർക്ക് ശരാശരി 4,443,000 ഡോളർ വീതമാണ് ലഭിക്കുക.
പണം വിതരണം ചെയ്തു തുടങ്ങിയപ്പോൾ അതൊരു തമാശയാണെന്നാണ് പല ജീവനക്കാരും കരുതിയതെന്ന് ഗ്രഹാം പറഞ്ഞു. മറ്റുചിലരാകട്ടെ അതിവൈകാരികമായാണ് പ്രതികരിച്ചത്. പലരും കടംവീട്ടാനും കാർ വാങ്ങാനും കോളേജ് ഫീസ് അടയ്ക്കാനും മറ്റുമാണ് പണം വിനിയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജീവനക്കാരോട് ഇത്രയും സ്‌നേഹം കാണിച്ച ഗ്രഹം വാക്കറിനെ അഭിനന്ദനം കൊണ്ട് മൂടുകയാണ് സാമൂഹികമാധ്യമ ഉപയോക്താക്കൾ. ഗ്രഹാം ഒരു ‘അടിപൊളി മുതലാളി’യാണെന്നാണ് പലരുടെയും അഭിപ്രായം.
Content Highlights: american ceo distributes more than two thousand crore as bonus to employees after selling company