ഡബിള്‍ ഹൈറ്റ് ലിവിങ് റൂമിന് നല്‍കാം കുറഞ്ഞ ചെലവില്‍ അലങ്കാരങ്ങള്‍

പ്രതീകാത്മക ചിത്രം | Photo: Grihalakshmi
പ്രതീകാത്മക ചിത്രം | Photo: Grihalakshmi

ഡബിള്‍ ഹൈറ്റ് ലിവിങ് റൂം ഇന്ന് കേരളത്തിലെ വീടുനിര്‍മാണത്തില്‍ ട്രെന്‍ഡിങ് ആയിക്കൊണ്ടിരിക്കുന്ന കാര്യമാണ്. വീട്ടിലെത്തുന്ന അതിഥികളെ സ്വീകരിക്കുന്ന ഇവിടെ ആര്‍ട്ട് വര്‍ക്കുകള്‍ കൊണ്ടും അലങ്കാര വിളക്കുകള്‍ കൊണ്ടും മനോഹരമാക്കാം. അധികചെലവുകളില്ലാതെ ഡബിള്‍ ഹൈറ്റ് ലിവിങ് ഏരിയ മനോഹരമാക്കുന്നതിനുള്ള കുറുക്കുവഴികള്‍ പരിചയപ്പെടാം. 

ഉയരം കൂടിയ ജനലുകള്‍

ഉയരം കൂടിയ ജനലുകള്‍ കൂടുതല്‍ സൂര്യപ്രകാശം വീടിനുള്ളിലേക്ക് എത്തിക്കുന്നതിന് സഹായിക്കുന്നു. ലിവിങ് ഏരിയയിലെ ജനലുകള്‍ക്ക് ഗ്ലാസ് പാനലിങ് നല്‍കുന്നതും വീടിനുള്ളില്‍ കൂടുതല്‍ സൂര്യപ്രകാശം എത്തിക്കുന്നതിന് വഴിവെക്കും. ഇത് മാത്രമല്ല, പുറത്തെ കാഴ്ചകള്‍ ഉള്ളിലേക്ക് കൊണ്ടുവരുന്നതിനും മുറിക്ക് കൂടുതല്‍ വിശാലത തോന്നിപ്പിക്കുന്നതിനും ഇത് സഹായിക്കും. ഡബിള്‍ ഹൈറ്റ് ലിവിങ് ഏരിയയ്ക്ക് ഇളം നിറങ്ങള്‍ നല്‍കുന്നതാണ് ഉത്തമം.

നല്‍കാം ഫോക്കല്‍ പോയിന്റ്

വാള്‍ ആര്‍ട്ട്, വാള്‍ പേപ്പര്‍, പെയിന്റിങ്‌സ്, 3ഡി വാള്‍ പാനല്‍, സ്റ്റോണ്‍ ക്ലാഡിങ് എന്നിവ കൊണ്ട് ലിവിങ് റൂം അലങ്കരിക്കാം. കൂടുതല്‍ എണ്ണം ഒഴിവാക്കി ഒരെണ്ണം കൊടുക്കുന്നതായിരിക്കും ഉചിതം. എല്ലാവരുടെയും ശ്രദ്ധ പതിക്കുന്ന വിധത്തിലായിരിക്കണം ഇത് ക്രമീകരിക്കേണ്ടത്. കണ്ണുകളുടെ ലെവലിനൊപ്പം ക്രമീകരിക്കാനും ശ്രദ്ധിക്കണം. സമാനമായ തീമിലുള്ള ആര്‍ട്ട് വര്‍ക്കുകളും ഫോട്ടോഗ്രാഫുകളും പ്രിന്റുകളും തിരഞ്ഞെടുക്കാം. ലിവിങ് റൂമില്‍ നിന്നാണ് സ്റ്റെയര്‍കേസ് നല്‍കിയിരിക്കുന്നതെങ്കില്‍ അതിന് ലിവിങ് റൂമിന് യോജിക്കുന്ന ഡിസൈന്‍ നല്‍കാം.

അലങ്കാരവിളക്ക് 

ഡബിള്‍ ഹൈറ്റ് ലിവിങ് റൂമിന് അവശ്യമായ ഒന്നാണ് വലുപ്പം കൂടിയ അലങ്കാര വിളക്ക്. മുറിയുടെ മുകളിലേക്ക് കണ്ണുകള്‍ എത്തിക്കുന്നതിനും വെര്‍ട്ടിക്കലായ വ്യൂ നല്‍കുന്നതിനും ഇത് സഹായിക്കുന്നു.

തട്ടുകളായി ലൈറ്റിങ് 

ഒരൊറ്റ നിരയില്‍ ലൈറ്റുകള്‍ നല്‍കുന്നതിന് പകരം പല തട്ടുകളിലായി ലൈറ്റുകള്‍ നല്‍കാം. സീലിങ്ങില്‍ ലൈറ്റുകള്‍ നല്‍കുന്നതിനൊപ്പം ഫ്‌ളോര്‍ ലാംപുകളും നല്‍കാം. ഉയരം കൂടിയ കണ്ണാടികള്‍ ഇവിടെ നല്‍കാം. വെളിച്ചത്തെ പ്രതിഫലിപ്പിക്കുന്നതിലൂടെ വീടിനുള്ളില്‍ കൂടുതല്‍ വിശാലത തോന്നിപ്പിക്കാനും ഇത് സഹായിക്കും. 

കര്‍ട്ടനുകള്‍

ഡബിള്‍ ഹൈറ്റ് ലിവിങ് ഏരിയയില്‍ ഉയരം കൂടിയ ജനലുകളാണ് നല്ലത്. ഈ ജനലുകള്‍ക്ക് കര്‍ട്ടനുകള്‍ നല്‍കാം. മുറിയ്ക്ക് നല്‍കിയ പെയിന്റിന് യോജിച്ചതായിരിക്കണം കര്‍ട്ടന്റെ നിറങ്ങളും. കര്‍ട്ടനുകള്‍ ഡ്രേപിങ് ശൈലിയില്‍ നല്‍കുന്നത് മുറിക്കുള്ളില്‍ ആഡംബരം കൊണ്ടുവരും.
 

Content Highlights: double height living room, kerala home design, easy way to decorate living room