വീട്ടിനുള്ളില്‍ നിന്ന് പ്ലാസ്റ്റിക് കത്തുന്ന മണം വരാറുണ്ടോ? കാരണങ്ങള്‍ ഇവയൊക്കെയാവാം

Representative Image | Photo: canva.com
Representative Image | Photo: canva.com

പ്ലാസ്റ്റിക് കരിയുന്ന മണം നമുക്ക് പെട്ടെന്ന്‌ തിരിച്ചറിയാനാകും. തടിയും പേപ്പറും ഇലകളുമൊക്കെ കത്തുന്നതില്‍നിന്ന് തികച്ചും വ്യത്യസ്തമായൊരു മണമാണ് അതിന്. തീക്ഷ്ണമായ ഈ ദുര്‍ഗന്ധം അസ്വസ്ഥജനകവുമാണ്. വീട്ടില്‍ നമ്മുടെ അറിവോടെയല്ലാതെ ഈ ഗന്ധം വമിക്കുന്നത് ഗൗരവമുള്ള കാര്യമാണ്.

അപകടകരമായ എന്തോ സംഭവിക്കാന്‍ പോകുന്നതിന്റെ അടയാളമായിരിക്കാം വീടിനുളളില്‍നിന്ന് വരുന്ന ഈ മണം. എത്രയും വേഗം ഇതിന്റെ ഉറവിടം
കണ്ടുപിടിക്കുകയും ഇത് നീക്കം ചെയ്യാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയും വേണം. 

നിങ്ങളുടെ അറിവില്ലാതെ ദുര്‍ഗന്ധം വമിക്കുന്നുണ്ടെങ്കില്‍ അതിന്റെ ഉറവിടങ്ങള്‍ താഴെപ്പറയുന്നവയാവാം:

  • ശരിക്കും പ്ലാസ്റ്റിക് തന്നെയാകാം ഇതിന് പിന്നില്‍. ഡിഷ് വാഷറിന്റെ അടിയില്‍ പ്ലാസ്റ്റിക് പാത്രം വീഴുമ്പോഴോ ബര്‍ണറിലേക്ക് പ്ലാസ്റ്റിക് പാത്രം ഉരുകിപ്പോകുമ്പോഴോ ഈ മണം വരാം. അല്ലെങ്കില്‍ ഹെയര്‍ സ്‌ട്രെയിറ്റ്‌നറിന്റെ അടുത്ത് പ്ലാസ്റ്റിക് വയ്ക്കുമ്പോള്‍ സംഭവിക്കുന്നതുമാകാം. ഇവയൊക്കെ നമുക്ക് പെട്ടന്ന് തിരിച്ചറിയാന്‍ കഴിയും.
  • എന്നാല്‍ പലപ്പോഴും ഈ മണമുണ്ടാക്കുന്ന സ്രോതസ്സുകള്‍ കണ്ടുപിടിക്കാന്‍ അത്ര എളുപ്പമായിരിക്കില്ല. മിക്കപ്പോഴും തെറ്റായ രീതിയില്‍ ഇലക്ട്രിക് വയറിംഗ് നടത്തുന്നതാവാം ഇതിനുപിന്നില്‍. തെറ്റായ രീതിയില്‍ വയറിംഗ് ചെയ്യുന്നത് ഉപകരണങ്ങളെ ഓവര്‍ഹീറ്റാക്കുകയും ഇന്‍സുലേഷനും കണക്ടറുകളുമടക്കമുള്ള ഭാഗങ്ങള്‍ കത്തിപ്പോകുന്നതിനു കാരണമാവുകയും ചെയ്യും. ഇത് കണ്ടുപിടിക്കാന്‍ മിക്കപ്പോഴും പ്രയാസമായിരിക്കും.
  • മിക്കവാറും ഇലക്ട്രിക് ഉപകരണങ്ങളെല്ലാം ഓവര്‍ഹീറ്റായിക്കഴിഞ്ഞാല്‍ പ്ലാസ്റ്റിക് കരിയുന്നതിനു സമാനമായ ഗന്ധം പുറപ്പെടുവിക്കും. എച്ച്‌വിഎസി സിസ്റ്റങ്ങളും ഫര്‍ണസുകളുമെല്ലാം ഇതിനുദാഹരണങ്ങളാണ്. ഇവയുടെ എയര്‍ ഫില്‍റ്റര്‍ അടഞ്ഞുപോയാലും ഫില്‍റ്ററില്‍ പൊടിയായാലും ഓവര്‍ഹീറ്റാകാന്‍ സാധ്യതയുണ്ട്. അതുപോലെ വാള്‍ സോക്കറ്റിലെ പ്ലാസ്റ്റിക് ഭാഗങ്ങള്‍ ഉരുകുമ്പോഴും ഇതേ ഗന്ധം വരാറുണ്ട്.

ദുര്‍ഗന്ധമകറ്റാന്‍ എന്തുചെയ്യണം?

  • മിക്കപ്പോഴും ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണം അമിതമായി ചൂടാകുമ്പോഴോ പ്രവര്‍ത്തിക്കാതെയാകുമ്പോഴോ ആണ് മണം വരുന്നത്. എന്താണിതിന്റെ ഉറവിടമെന്ന് കണ്ടെത്തിക്കഴിഞ്ഞാല്‍ അതിലേക്കുള്ള കണക്ഷന്‍ ഓഫ്‌ ചെയ്യണം. അതിനോട് ബന്ധപ്പെട്ടുകിടക്കുന്ന എല്ലാം ഉപകരണങ്ങളും അണ്‍പ്ലഗ് ചെയ്യുകയും വേണം. ആവശ്യമാണെങ്കില്‍ ആ ഭാഗത്തേക്കുള്ള പവര്‍ സപ്ലൈ മുഴുവനായും നിര്‍ത്തിവെയ്ക്കാം. 
  • എന്നാല്‍, ഉറവിടം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യങ്ങളില്‍, എത്രയും പെട്ടന്ന് ഒരു ഇലക്ട്രീഷ്യനെ വിളിക്കുന്നതാണ് ഉത്തമം. ഏതെങ്കിലും ഇലക്ട്രിക് ഉപകരണങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയാല്‍ അത് റിപ്പയര്‍ ചെയ്യണോ അതോ വൃത്തിയാക്കിയാല്‍ ശരിയാവുന്ന പ്രശ്‌നമേ ഉള്ളോ എന്നൊക്കെ ഇലക്ട്രീഷ്യന് കണ്ടുപിടിക്കാന്‍ സാധിക്കും. എച്ച്‌വിഎസി സിസ്റ്റം പോലെയുള്ള ഉപകരണങ്ങളുടെ ഫില്‍റ്ററില്‍ പൊടി നിറയുന്നതിനാലോ അല്ലെങ്കില്‍ ഫില്‍റ്റര്‍ അടഞ്ഞുപോകുന്നതുമൂലം ഓവര്‍ഹീറ്റായി ദുര്‍ഗന്ധം വന്നാലോ ആ ഫില്‍റ്റര്‍ മാറുകയാണ് പോംവഴി.
  • ഏത് ഉപകരണത്തിനാണോ പ്രശ്‌നം, അത് ഓഫാക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുക. ഒപ്പം വീടിന്റെ ജനലുകളെല്ലാം തുറന്നിടുകയും ഫാന്‍ ഓണാക്കുകയും വേണം. എന്നിട്ടും വീട്ടിനുള്ളില്‍ ദുര്‍ഗന്ധം അവശേഷിക്കുന്നുണ്ടെങ്കില്‍ ഒരു എയര്‍ പ്യൂരിഫയര്‍ കൊണ്ടുവന്ന് വൃത്തിയാക്കാവുന്നതാണ്. മണമുള്ള ഭാഗത്ത് വൈറ്റ് വിനാഗിരി ഒഴിച്ച് പാത്രങ്ങള്‍ വെയ്ക്കുന്നതും വായുവിനെ ശുചീകരിക്കും.

Content Highlights: reasons and solutions to burning plastic smell in home