മാര്‍ബിളിട്ട തറ വൃത്തിയാക്കേണ്ടത് എങ്ങനെ?; കേടുപാടുകള്‍ വരുത്താതെ എങ്ങനെ സൂക്ഷിക്കാം?

Representative Image | Photo: Canva.com
Representative Image | Photo: Canva.com

ഇപ്പോള്‍ പണിയുന്ന മിക്ക വീടുകളുടേയും ഫ്‌ളോറിങിനായി മാര്‍ബിളാണ് ഉപയോഗിക്കാറുള്ളത്. മാര്‍ബിളിട്ട തറയ്ക്ക് പ്രത്യേക ചാരുത തന്നെയാണ്. എന്നാല്‍ മാര്‍ബിളിന്റെ അതിലോലമായ പ്രതലം കേടുപാടുകള്‍ വരുത്താതെ വൃത്തിയായി സൂക്ഷിക്കുക എന്നത് ബുദ്ധിമുട്ട് തന്നെയാണ്. മാര്‍ബിള്‍ ഫ്‌ളോറുകള്‍ വൃത്തിയാക്കാനുള്ള വ്യത്യസ്തമായ മാര്‍ഗങ്ങള്‍ നോക്കാം.

  1. എളുപ്പത്തില്‍ പോറല്‍ വീഴാന്‍ സാധ്യതയുള്ള മെറ്റീരിയലാണ് മാര്‍ബിള്‍. ഇതൊഴിവാക്കാന്‍ സ്ഥിരമായി നിലം അടിച്ചുവാരുന്നത് ശീലമാക്കാം. ഇതുവഴി അഴുക്കും പൊടിയുമെല്ലാം നീക്കം ചെയ്യുകയും അതിലൂടെ പോറലുകളും ഉരസലുകളും ഒരുപരിധിവരെ ഒഴിവാക്കുകയും ചെയ്യാം.
  2. ഒരു മൈക്രോഫൈബര്‍ മോപ് ഉപയോഗിച്ച് തറ തുടയ്ക്കുകയോ അല്ലെങ്കില്‍ പിഎച്ച് ന്യൂട്രലായ ക്ലീനറില്‍ മൃദുവായ തുണി മുക്കി വൃത്തിയാക്കുകയോ ചെയ്യുക. തുടയ്ക്കുമ്പോള്‍ അമിതമായി വെള്ളം ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വെള്ളം കെട്ടിനിന്നാല്‍ അത് മാര്‍ബിളിലേക്ക് അരിച്ചിറങ്ങുകയും കാലക്രമത്തില്‍ കേടുവരുത്തുകയും ചെയ്യും. 
  3. തറയില്‍ എന്തെങ്കിലും കറ പുരളുകയോ തുളുമ്പുകയോ ചെയ്താല്‍ ഉടനടി വളരെ മൃദുവായ ഒരു തുണി ഉപയോഗിച്ച് അത് ഒപ്പിയെടുക്കണം. അതിനുശേഷം മാര്‍ബിളിനുവേണ്ടി സ്‌പെഷ്യലായി നിര്‍മിക്കുന്ന ക്ലീനര്‍ ഉപയോഗിച്ച് ഇവിടെ വൃത്തിയാക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതുവഴി മാര്‍ബിളിന്റെ പുത്തന്‍ ലുക്ക് നഷ്ടപ്പെടാതിരിക്കുകയും കേടുപാടുകളെ നശിപ്പിക്കുകയും ചെയ്യും.
  4. വിനാഗിരി, സിട്രസ് ജ്യൂസുകള്‍, തക്കാളിയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ തുടങ്ങിയ അസിഡിക് പദാര്‍ഥങ്ങള്‍ ഒരിക്കലും മാര്‍ബിള്‍ തറയില്‍ ഒഴിക്കാന്‍ പാടില്ല. ഇത് ഇവയെ പെട്ടന്ന് നശിപ്പിക്കും. 
  5. ഇനി കാലക്രമത്തില്‍ എന്തെങ്കിലും പോറലുകള്‍ വന്നുപോയിട്ടുണ്ടെങ്കില്‍ത്തന്നെ കൃത്യമായ പോളിഷിങിലൂടെ അത് നമുക്ക് വീണ്ടെടുക്കാനാവും. ഇത് ഏറ്റവുമാവശ്യമായി വരുന്നത് വെളുത്ത മാര്‍ബിളിനാണ്. കറകള്‍ പറ്റാനും നിറം മങ്ങാനും ഏറ്റവുമധികം സാധ്യതയുള്ളതും വൈറ്റ്  മാര്‍ബിളിനാണ്. അതിനാല്‍ ഇവ വൃത്തിയാക്കുമ്പോള്‍ കളറുള്ള ക്ലീനിങ് ഉത്പന്നങ്ങള്‍ ഉപയോഗിക്കാതിരിക്കുക. 
  6. സ്ഥിരമായി ഉപയോഗിക്കുന്ന മാര്‍ബിള്‍ തറകള്‍ ആഴ്ചയില്‍ രണ്ടുതവണയൊക്കെ വൃത്തിയാക്കാവുന്നതാണ്. എന്നാല്‍, അധികം ഉപയോഗിക്കപ്പെടാത്തതോ നടക്കാത്തതോ ആയ സ്ഥലങ്ങളിലെ മാര്‍ബിള്‍ മാസത്തില്‍ ഒന്നോ രണ്ടോ തവണ കഴുകിയാല്‍ മതിയാകും.

Content Highlights: how and when to clean marble surfaces