സ്റ്റുഡിയോ അടക്കം എല്ലാ സൗകര്യങ്ങളും; മൂന്ന് നിലകളിലൊരുക്കിയ ഷാനിന്റെ മുംബൈയിലെ വീട്

ഷാൻ, മുബൈയിലെ വീട്ടിലെ ദൃശ്യങ്ങൾ.|Photo credit: AFP/Screengrab
ഷാൻ, മുബൈയിലെ വീട്ടിലെ ദൃശ്യങ്ങൾ.|Photo credit: AFP/Screengrab

പ്രമുഖ ഇന്ത്യന്‍ പിന്നണി ഗായകരില്‍ ഒരാളാണ് ഷാന്‍ എന്നറിയപ്പെടുന്ന ശാന്തനു മുഖര്‍ജി. കലാകാരനായ ഷാനിന്റെ മുംബൈയിലെ വസതിയും അദ്ദേഹത്തിന്റെ കലപോലെത്തന്നെ വ്യത്യസ്തമാണ്. ആധുനികതയും വ്യക്തിപരവുമായ ആവശ്യങ്ങളും ഉള്‍പ്പെടുത്തിയ മൂന്ന് നിലയുള്ള വീട് ജോലി ചെയ്യാനും കുടുംബവുമായി ഒന്നിച്ചിരിക്കാനും സാധിക്കുന്ന മികച്ച സ്ഥലമാക്കുന്നു. ഭാര്യ രാധിക, മക്കളായ മാഹി, സോഹം എന്നിവരോടൊപ്പം ഷാന്‍ താമസിക്കുന്ന വീടിന്റെ മനോഹരമായ ദൃശ്യങ്ങള്‍ കൊറിയോഗ്രാഫറും സംവിധായികയുമായ ഫറ ഖാന്‍ തന്റെ യുട്യൂബ് ചാനലിലൂടെയാണ് പങ്കുവെച്ചത്.

ഒരു താരഗൃഹത്തില്‍ കാണുന്ന ആഡംബരസാധനങ്ങളേക്കാള്‍ കുടുംബവുമൊത്ത് ഇടവേളകള്‍ ആസ്വദിക്കാന്‍ സാധിക്കുന്ന ശാന്തമായ ഒരിടം എന്ന രീതിയിലാണ് ഷാനിന്റെ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. രാധിക തന്നെയാണ് വീടിന്റെ അലങ്കാരം ചെയ്തിരിക്കുന്നത്. മൂന്ന് നിലകളിലായി സൗന്ദര്യവും ആവശ്യങ്ങളും കോര്‍ത്തിണക്കുന്ന മനോഹരമായ ഒരു സ്ഥലമാക്കി വീടിനെ മാറ്റാന്‍ രാധിക ശ്രമിച്ചിട്ടുണ്ട്. വീടിന്റെ മൂന്ന് നിലകള്‍ വ്യത്യസ്തമായ ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഇതില്‍ ആദ്യത്തെ നിലയിലാണ് ഷാനും കുട്ടികളും ഉപയോഗിക്കുന്ന സ്റ്റുഡിയോ ഉള്ളത്.

ഇന്ത്യന്‍ പാരമ്പര്യത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ കാപ്പി നിറത്തിന്റെ വിവിധ ഷെയ്ഡുകളും ബീജ്, വെള്ള, മിഡ്‌നൈറ്റ് ബ്ലൂ എന്നിവയും കോര്‍ത്തിണക്കിയാണ് വീടിന്റെ പ്രധാന ഭാഗം അലങ്കരിച്ചിരിക്കുന്നത്. വീടിനുള്ളില്‍ ഊഷ്മളമായ ഒരന്തരീക്ഷം സൃഷ്ടിക്കാനും ഇത് സഹായിക്കുന്നു. മൂന്ന് നിലകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന മരത്തില്‍ തീര്‍ത്ത കോണിപ്പടികളാണ് വീടിന്റെ മറ്റൊരു പ്രധാന ആകര്‍ണം. ഇതിനടുത്തായി ഇടവേളകളില്‍ കുടുംബവുമൊത്ത് സമയം ചെലവഴിക്കാന്‍ കഴിയുന്ന രീതിയില്‍ സോഫ, ചാരുകസേരകള്‍ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു.

സ്വീകരണമുറിയില്‍ കാപ്പിയും വെള്ളയും സമന്വയിപ്പിക്കുന്ന സോഫകളാണ് അതിഥികളെ സ്വാഗതം ചെയ്യുന്നത്. വീടിന്റെ മൊത്തത്തിലുള്ള ഡിസൈനുമായി ഇണങ്ങുന്ന രീതിയിലാണ് ഇരിപ്പിടങ്ങളുടെ നിറവും സ്വീകരിച്ചിരിക്കുന്നത്. പുറത്തുനിന്ന് വരുന്നവര്‍ക്ക് മാത്രമല്ല കുടുംബവുമായി സമയം ചെലവഴിക്കാനും ഈ സ്ഥലം തിരഞ്ഞെടുക്കാം. ഈ മുറിയില്‍ തന്നെ തുറന്ന രീതിയിലുള്ള ഭക്ഷണം കഴിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

Content Highlights: Explore the stunning 3-storey Mumbai residence of renowned Indian playback singer Shantanu Mukherjee (Shaan). Designed for work and family, it features a modern yet warm aesthetic.