ലണ്ടനിൽ 1,446 കോടിയുടെ ബംഗ്ലാവ് സ്വന്തമാക്കി അദാര്‍ പൂനവാല

അദര്‍ പൂനവാല | Photo: ANI
അദര്‍ പൂനവാല | Photo: ANI

ലണ്ടൻ: മേയ്‌ഫെയറില്‍ മോഹവിലകൊടുത്ത് വീട് സ്വന്തമാക്കിയിരിക്കുകയാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അദാര്‍ പൂനവാല. ലണ്ടനില്‍ ഈ വര്‍ഷം നടന്ന ഏറ്റവും ചിലവേറിയ ഇടപാടാണിതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 138 ദശലക്ഷം പൗണ്ട് അഥവാ 1,446 കോടിയാണ് ഈ വീടിന്റെ വില. 

ഹൈഡ് പാര്‍ക്കിനുസമീപം സ്ഥിതി ചെയ്യുന്ന ഏബര്‍കോണ്‍വേ ഹൗസ് എന്ന ഈ മാളിക 1920-കളിലാണ് പണികഴിപ്പിച്ചത്. 25,000 ചതുരശ്ര അടിയാണ് ഇതിന്റെ വിസ്തീര്‍ണം. പൂനവാല കുടുംബത്തിന്റെ തന്നെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ ബ്രിട്ടീഷ് ഉപസ്ഥാപനമായ സെറം ലൈഫ് സയന്‍സസായിരിക്കും വീട് ഏറ്റെടുക്കുന്നത്. ലണ്ടനില്‍ ഇതുവരെ വിറ്റഴിക്കപ്പെട്ടതില്‍ ഏറ്റവും വിലകൂടിയ രണ്ടാമത്തെ വീടാണിതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

എന്നാല്‍,  പൂനവാല കുടുംബത്തിന് ലണ്ടനിലേക്ക് സ്ഥിരമായി മാറാനുള്ള ഉദ്ദേശമില്ലെന്നും കമ്പനിയുടെ ആവശ്യങ്ങള്‍ക്കായും യുകെ സന്ദര്‍ശിക്കുമ്പോഴുള്ള കുടുംബപരമായ ആവശ്യങ്ങള്‍ക്കായും ഈ വീട് പ്രയോജനപ്പെടുത്തുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. 

2011-ലാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ ആയി അദാര്‍ പൂനവാല നിയമിക്കപ്പെടുന്നത്. കോവിഡ്-19 നെ പ്രതിരോധിക്കാനായി കോവിഷീല്‍ഡ് എന്ന വാക്‌സിന്‍ നിർമ്മിച്ചത്‌ പൂനവാലയുടെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയായിരുന്നു. കോവിഡിനെതിരെയുള്ള വളരെ ഫലപ്രദമായ വാക്‌സിനാണ് കൊവിഷീല്‍ഡ്. അതിനാല്‍, ഇന്ത്യയുടെ 'വാക്‌സിന്‍ രാജകുമാരന്‍' എന്നും ഇദ്ദേഹം അറിയപ്പെടാറുണ്ട്.

Content Highlights: adar poonawalla buys 1,446 crores worth mansion in london most expensive home sale of the year