വീടുകൾ ഫാക്ടറിയിൽ 'ഉത്പാദിപ്പിക്കുന്ന' കാലം വരുന്നു, കെട്ടിടങ്ങൾ ട്രെയിലറിൽ വേണ്ട സ്ഥലത്തെത്തിക്കും

കൊല്ലം: വീടുകൾ മാസങ്ങളെടുത്ത് നിർമിക്കുന്ന രീതി അവസാനിക്കുമോ. ഇനി ഉടൻ ഉപയോഗിക്കാവുന്ന വീട് ഉത്പാദിപ്പിക്കുന്ന കാലം വരികയാണോ? അതെയെന്ന് നിർമാണരംഗത്തെ വിദഗ്ധർ പറയുന്നു. ചവറയിലെ ഐ.ഐ.ഐ.സി.യിൽ നടക്കുന്ന യു.എൽ. അന്താരാഷ്ട്ര സുസ്ഥിരനിർമാണ കോൺക്ലേവിലാണ് ത്രീഡി പ്രിന്റിങ്ങും പ്രീകാസ്റ്റിങ്ങും അടക്കമുള്ള ആധുനികസങ്കേതങ്ങളുടെ വികാസത്തെപ്പറ്റി വിശദീകരിച്ചത്.
വീടുകൾ മാത്രമല്ല, ഒരേതരം മുറികളുള്ള ഹോട്ടലുകളും പാർപ്പിടസമുച്ചയങ്ങളുമൊക്കെ ഉത്പാദിപ്പിക്കാം. ഫാക്ടറിയിൽ നിശ്ചിത രൂപരേഖയനുസരിച്ചു നിർമിക്കുന്ന കോൺക്രീറ്റ് കെട്ടിടങ്ങൾ ട്രെയിലറിൽ വേണ്ട സ്ഥലത്തെത്തിക്കും. ഓരോ സ്ഥലത്തും എത്തിച്ച് നിർമാണം നടത്താവുന്ന 'സഞ്ചരിക്കുന്ന കെട്ടിടനിർമാണ ഫാക്ടറികളും’ വൈകാതെ സാധ്യമായേക്കാം. ബെംഗളൂരുവിലെ ഹോമ്മിഷൻ സ്ഥാപകനും ചെയർമാനുമായ എസ്.ജെ.വിജയ് മുംബൈയിൽ വെറും 33 ദിവസംകൊണ്ട് അഞ്ചുനിലയുള്ള 20 അപ്പാർട്ട്മെന്റുകളുടെ സമുച്ചയം നിർമിച്ച രീതി വിവരിച്ചു. ത്രീഡി മോണോലിത്തിക് മോഡുലാർ പ്രീകാസ്റ്റ് നിർമാണവും പരിചയപ്പെടുത്തി. ഭവനങ്ങൾക്കും വാണിജ്യസ്ഥാപനങ്ങൾക്കുമടക്കം ഡിജിറ്റലായി നിർമിച്ച കെട്ടിടങ്ങൾ ഇതുവഴി എത്തിക്കാൻ കഴിയും.
സ്റ്റേഡിയങ്ങളും കൂറ്റൻ ഫ്ളാറ്റുകളും ഉൾപ്പെടെയുള്ള നിർമാണങ്ങൾ ത്രീഡി പ്രിന്റിങ്ങും പ്രീകാസ്റ്റിങ്ങും വഴി കുറഞ്ഞസമയത്തിൽ നിർമിക്കുന്നത് എൽ.ആൻഡ് ടി. പ്രീകാസ്റ്റ് വിഭാഗം മേധാവി അമിത് ബാർഡെ അവതരിപ്പിച്ചു. ചെറിയ നിർമാണങ്ങൾക്കുള്ള ക്രോളറിൽ റോബോട്ട് കൈ ഘടിപ്പിച്ച സംവിധാനവും രണ്ടും മൂന്നും നിലയുള്ള കെട്ടിടങ്ങൾക്കുള്ള ലാർജ് ഗാൻട്രി പ്രിന്ററും ചെന്നൈയിലെ സ്റ്റാർട്ടപ്പായ ടിവാസ്റ്റയുടെ സി.ഇ.ഒ. വി.എസ്.ആദിത്യ പരിചയപ്പെടുത്തി. ഐ.ഐ.ടി. മദ്രാസുമായി ചേർന്ന് ഇന്ത്യയിലെ ആദ്യത്തെ ത്രീഡി പ്രിന്റഡ് കെട്ടിടം വികസിപ്പിച്ചയാളാണ് വയനാട് കൽപ്പറ്റ സ്വദേശിയായ ആദിത്യ. തൊഴിലാളികളുടെ സഹായമില്ലാതെ റോബോട്ടിന്റെ സഹായത്തോടെ കെട്ടിടത്തിന്റെ ഘടന പൂർണമായും നിർമിക്കാമെന്ന് അദ്ദേഹം പറഞ്ഞു. 14 ലക്ഷം രൂപ ചെലവിൽ ബസ് കാത്തിരിപ്പുകേന്ദ്രം, സൈറ്റ് ഓഫീസ്, സ്മാരകമന്ദിരങ്ങൾ, മതിലുകൾ തുടങ്ങിയ പലതും ത്രീഡി പ്രിന്റിങ്ങിൽ നിർമിച്ചിട്ടുണ്ട്. അരിസോണ സർവകലാശാലയിലെ പ്രൊഫ. നാരായണൻ നെയ്താലത്ത് മോഡറേറ്ററായി.
Content Highlights: Faster, cheaper home construction using 3D printing and precasting