മണ്ണെണ്ണ, ടോയ്‌ലറ്റ് ക്ലീനർ, പെയിന്റുകൾ പൂട്ടിവയ്ക്കാം: കുട്ടികൾക്ക് വേണ്ടി എങ്ങനെ വീടൊരുക്കാം

കുട്ടികൾ അവധിക്കാലമായി വീട്ടിൽ ഉള്ളപ്പോ എപ്പോഴും വീട് വൃത്തിയാക്കി വയ്ക്കുക പ്രയാസമാകും. കുട്ടികൾക്ക് കളിക്കാനും കുത്തിമറിയാനും ഒക്കെ ഉള്ള പ്രായത്തിൽ അതൊക്കെ അനുവദിക്കുകയും വേണം.
ചിലതൊക്കെ അകത്താക്കാം
പൊട്ടിപ്പോകുന്ന കണ്ണാടിയിലോ മണ്ണിലോ ഒക്കെ തീർത്ത പാത്രങ്ങൾ, അലങ്കാര വസ്തുക്കൾ ഒക്കെ അലമാരിക്ക് ഉള്ളിലേക്ക് മാറ്റിവയ്ക്കാം. കുട്ടികൾ തട്ടിയിട്ട് പൊട്ടിക്കുമോ എന്ന പേടി വേണ്ട. ഭാരമുള്ള ഉയരമുള്ള വിളക്കുകൾ, വിഗ്രഹങ്ങൾ; മറിഞ്ഞു വീണു അപകടം പറ്റാൻ സാധ്യതയുള്ള വസ്തുക്കൾ ഒക്കെ ഊരി മടക്കി വയ്ക്കുകയോ ഒതുക്കി വയ്ക്കുകയോ ആകാം. ചെടികൾക്ക് ഉപയോഗിക്കുന്ന കീടനാശിനികൾ, മണ്ണെണ്ണ, ടോയ്‌ലറ്റ് ക്ലീനർ, പെയിന്റുകൾ, മൂർച്ചയുള്ള ഉപകരണങ്ങൾ, ആയുധങ്ങൾ അങ്ങനെ കുട്ടികൾ എടുത്താൽ അപകടമുള്ള സാധനങ്ങൾ ഒക്കെ സ്റ്റോർ റൂമിലോ അലമാരയിലോ പൂട്ടി ഒതുക്കി വെക്കാം.
കളിക്കാൻ സ്ഥലം ഉണ്ടാക്കാം
വീടിനു മുന്നിലോ പിന്നിലോ സ്ഥലമുള്ളവർ കാടൊക്കെ വെട്ടി തെളിച്ച് കുട്ടികൾക്ക് കളിക്കാൻ ഇടമുണ്ടാക്കാം. ആണി, കമ്പിയുടെ കഷ്ണങ്ങൾ ഒക്കെ മണ്ണിൽ നിന്ന് മാറ്റണം. കുഴികളോ, ഇഴജന്തുക്കളുടെ മാളങ്ങളോ ചുറ്റും ഇല്ല എന്നുറപ്പാക്കാം. കറന്റ് കമ്പികൾ, അടുത്ത വീടുകളുടെ പൊട്ടുന്ന ജനലുകൾ ഒക്കെ നോക്കിവേണം കുട്ടികളുടെ കളിസ്ഥലം ഒരുക്കാൻ. മണൽ വിരിക്കുകയോ പുൽത്തകിടി വെച്ച്പിടിപ്പിക്കുകയോ ആയാൽ കുട്ടികൾ കളിക്കുമ്പോ ഉള്ള വീഴ്ചകൾക്ക് ആഘാതം കുറയും. ഫസ്റ്റ് എ്‌യ്ഡ് കിറ്റ് വീട്ടിൽ കരുതണം എപ്പോഴും. ഇപ്പോൾ വിപണിയിൽ കിട്ടുന്ന കളിക്കോപ്പുകൾ വാങ്ങി സ്ഥാപിച്ചാൽ സ്ലൈഡ്, ഊഞ്ഞാൽ ഒക്കെ നമുക്ക് തന്നെ സെറ്റാക്കാം. ഓടിക്കാൻ പറ്റുന്ന കളിപ്പാട്ടം വണ്ടികൾ ഉള്ള കുഞ്ഞുകൾക്ക് വണ്ടി ഓടിക്കാനായി ഒരു കളി റോഡ് വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാം. പുറത്തേക്കുള്ള ഗേറ്റിൽ നിന്ന് വളരെ മാറി, ഒരിക്കലും വീടിനു പുറത്തേക്ക് കുട്ടികൾ അപകടം പറ്റുന്ന വിധം പോകില്ല എന്നുറപ്പാക്കണം.
പണികളിൽ പങ്കാളിയാക്കാം
പെയിന്റ് അടിക്കൽ, വീട്ടുപകരണങ്ങൾ നന്നാക്കൽ തുടങ്ങിയ ജോലികൾക്ക് കുട്ടികളേ സഹായികളാക്കാം. അതിലൂടെ അവർക്ക് പ്രായോഗികമായ ഒരുപാട് അറിവും ഭാവിയിൽ സ്വയംപര്യാപ്തതയും കൈവരും. ചെയ്യുന്ന ജോലിക്ക് ചെറിയ ഒരു കൂലി കൊടുത്താൽ അധ്വാനിക്കുന്നതിന്റെ അർത്ഥവും ആവശ്യവും മനസ്സിലാക്കി കൊടുക്കാം.
കുട്ടികളും പ്രായമായവരും
അല്പം മുതിർന്ന കുട്ടികൾ ഉള്ള വീടുകളിൽ അവരുടെ ഒച്ചയും ബഹളവും പ്രായമായ അച്ഛനമ്മമാർക്ക് തലവേദന ആകാതെ നോക്കാം. കുട്ടികൾ വാരിവലിച്ചിടുന്ന സാധനങ്ങൾ ഒക്കെ അറിയാതെ ചവിട്ടി അപകടം പറ്റാൻ സാധ്യതയുണ്ട്. കളി കഴിഞ്ഞശേഷം കളിപ്പാട്ടങ്ങൾ ഒക്കെ ഒതുക്കി വയ്ക്കാൻ കുട്ടികളേ ശീലിപ്പിക്കാം. അതിന് തരാതരം തിരിച്ചു വയ്ക്കാൻ ഓർഗനൈസർ അലമാരകൾ ഒക്കെ ഉപയോഗപ്പെടുത്താം. ജോലി തിരക്കുള്ള പേരന്റ്‌സ് ആണെങ്കിൽ അച്ഛനമ്മമാർ വീട്ടിൽ ഉള്ളത് കുട്ടികളെ നോക്കാൻ വല്യ സഹായം ആകാറുണ്ട്. പക്ഷേ അവരുടെ പ്രായവും പരിമിതികളും അറിഞ്ഞുവേണം ചുമതലകൾ ഏൽപ്പിക്കാൻ.
കലാബോധം വളർത്താം
അവധിക്കാലത്ത് ചിത്രരചന, ഗിത്താർ, കീബോർഡ്, പാട്ട്, ഡാൻസ്, ക്രാഫ്റ്റ് മേക്കിങ് അങ്ങനെ ഒത്തിരി കാര്യങ്ങൾ പഠിക്കാൻ ഉള്ള സമയം കൂടിയാണ്. കലാപരിശീലനം കുട്ടികളിലെ സർഗവാസനകൾ ഉണർത്തുന്നതിനൊപ്പം ക്ഷമശീലമുള്ളവരും ക്രിയേറ്റീവ് ആയി ചിന്തിക്കാൻ കഴിയുന്നവരും ആക്കിത്തീർക്കും. കുട്ടികളുടെ സൃഷ്ടികളെ വീട്ടിൽ അലങ്കാരവസ്തുക്കളായി ഉപയോഗിക്കാം. അത് അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. അവർക്ക് കിട്ടുന്ന ട്രോഫികൾ അവാർഡുകൾ ഒക്കെ വീട്ടിൽ മറ്റുള്ളവർ കാണുന്ന വിധം പ്രദർശിപ്പിച്ചാൽ അത് അവരിലും അവരുടെ കഴിവുകളിലും നേട്ടങ്ങളിലും നമ്മൾ അഭിമാനിക്കുന്നതിന്റെ അടയാളമാണ്.
Content Highlights: Childproof the home by removing fragile and hazardous items during vacation., Create a safe outdoor or indoor play space for children with proper precautions., Engage children in household chores and creative art activities to build life skills., Manage household safety for both children and elderly family members.