ലിവിങ് റൂം ചെറുതായിപ്പോയോ? വലിപ്പക്കൂടുതൽ തോന്നിക്കാൻ ഇതാ ചില വിദ്യകൾ

Representative Image | Photo: Canva.com
Representative Image | Photo: Canva.com

സ്ഥലപരിമിതിയാണ് വീട് നിർമാണത്തിലെ ഏറ്റവും വലിയ വെല്ലുവിളി. കുറഞ്ഞ സ്ഥലത്ത് സൗകര്യങ്ങൾ കുറയാതെയുള്ള വീട് വെക്കുന്നതിലാണ് ഇന്ന് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഒരു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങളിലൊന്നാണ് ലിവിങ് റൂം. അതിഥികളെ സ്വീകരിക്കുന്നത് മുതൽ ടി.വി. സ്പെയ്സ് വരെയുള്ള കാര്യങ്ങൾ ലിവിങ് ഏരിയയിലാണ് ഉള്ളത്. ഇത്രയധികം കാര്യങ്ങൾ സെറ്റ് ചെയ്യുന്നതിനാൽ ലിവിങ് ഏരിയക്ക് വലിപ്പക്കുറവ് അനുഭവപ്പെടാതിരിക്കാനുള്ള ലളിതമായ മാർഗങ്ങൾ പരിചയപ്പെടാം.

ഓപ്പൺ ഏരിയ പ്ലാൻ

ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, കിച്ചൻ എന്നിവ ഭിത്തികെട്ടി വേർതിരിക്കാതെ ഓപ്പൺ സ്പെയ്സായി ഡിസൈൻ ചെയ്യാം. ഭിത്തിക്ക് പകരം ഗ്ലാസ് ഡൈവേഴ്സ്, റഗ്സ്, കർട്ടൻ എന്നിവ ഇട്ട് വേർതിരിക്കാം. ഈ ഏരിയകൾ ഭിത്തികെട്ടി മറയ്ക്കാതെ ഡിസൈൻ ചെയ്യുന്നത് വീടിനുള്ളിൽ കൂടുതൽ വിശാലത തോന്നിപ്പിക്കും.

ഫർണിച്ചറുകൾ മുറിയുടെ വലിപ്പമനുസരിച്ച് മാത്രം

ലിവിങ് ഏരിയയിലെ പ്രധാനപ്പെട്ട ഫർണിച്ചറാണ് സോഫ. ലിവിങ് ഏരിയയുടെ വലിപ്പം അനുസരിച്ച് മാത്രം ഫർണിച്ചറുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ചെറിയ മുറിയിൽ വലിയ സെറ്റി ഇടുന്നത് മുറിയുടെ വിശാലത കുറയ്ക്കുമെന്ന് മാത്രമല്ല സൗകര്യങ്ങളും കുറയ്ക്കും.

പൊക്കം കുറഞ്ഞ സോഫ

ലിവിങ് ഏരിയയിലേക്ക് പൊക്കം കുറഞ്ഞ സോഫ തിരഞ്ഞെടുക്കാം. പൊക്കം കുറവുള്ള സോഫ എടുക്കുമ്പോൾ സീലിങ്ങിനും സോഫയ്ക്കും ഇടയിലുള്ള അകലം കൂടുന്നത് ലിവിങ് ഏരിയയ്ക്ക് വിശാലത തോന്നിപ്പിക്കും.

ഒഴിവാക്കാം കടുംനിറങ്ങൾ 

കടുംനിറങ്ങൾ ഒഴിവാക്കി ഇളംനിറത്തിലുള്ള സോഫാകവർ നൽകാം. ഇളം നിറങ്ങൾ പ്രകാശത്തെ പ്രതിഫലിപ്പിക്കുകയും മുറിയിൽ നല്ല പ്രകാശം തോന്നിപ്പിക്കുകയും ചെയ്യും. ഇത് ലിവിങ് ഏരിയയ്ക്ക് കൂടുതൽ വിശാലത തോന്നിപ്പിക്കും. അഴുക്കും കറകളും എളുപ്പത്തിൽ നീക്കം ചെയ്യാൻ കഴിയുന്ന തുണികൊണ്ടുള്ള സോഫാകവർ തിരഞ്ഞെടുക്കാം.

വീടിന്റെ അകത്തളങ്ങൾക്ക് ഇളംനിറങ്ങൾ നൽകുന്നത് ഉള്ളിൽ വിശാലത തോന്നിപ്പിക്കും. ഇളംനിറങ്ങൾ പ്രകാശത്തെ പ്രതിപ്പിക്കുന്നതിനാൽ വീടിനുള്ളിൽ കൂടുതൽ പ്രകാശം നൽകും. ഫർണിച്ചറുകൾ, ഭിത്തി, മറ്റ് സാധനങ്ങൾ എന്നിവയ്ക്കെല്ലാം പരസ്പരം ഇണങ്ങുന്ന നിറങ്ങൾ തിരഞ്ഞെടുക്കാം.

ബിൽറ്റ് ഇൻ സ്റ്റോറേജ് സംവിധാനം

സാധനങ്ങൾ സൂക്ഷിക്കുന്നതിന് ഭിത്തിയിൽ തന്നെ അലമാര ഡിസൈൻ ചെയ്യാം. ബുക്കുകളും മറ്റ് ആക്സസറികളും സൂക്ഷിക്കുന്നതിന് ഷെൽഫുകൾ പിടിപ്പിക്കാം. ഇത് ലിവിങ് ഏരിയയ്ക്ക് കൂടുതൽ വിശാലത ഉറപ്പുവരുത്തും.

Content Highlights: tips to make your living room look spacious