പ്രൗഢിയും ആധുനികതയും സമന്വയിക്കുന്നിടം; അജയ് ദേവ്ഗണിന്റേയും കജോളിന്റേയും മുംബൈയിലെ വീട്

കജോളും അജയ് ദേവ്ഗണും | ഫോട്ടോ: പിടിഐ
കജോളും അജയ് ദേവ്ഗണും | ഫോട്ടോ: പിടിഐ

ബോളിവുഡിന്റെ പ്രിയപ്പെട്ട താരജോഡികളാണ് കജോളും അജയ് ദേവ്ഗണും. നാല് വര്‍ഷം നീണ്ട പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹം കഴിച്ചത്. അജയ് ദേവ്ഗണിന് മുംബൈ നഗരത്തില്‍ അതിമനോഹരമായ ഒരു വീടുണ്ട്. 'ശിവ്ശക്തി' എന്നാണ് ആരാധകര്‍ ഈ വീടിനെ വിളിക്കുന്നത്. മുംബൈയിലെ ജുഹു പ്രദേശത്തുള്ള ഈ ബംഗ്ലാവിലാണ് അജയും കജോളും മക്കളായ നൈസയും യുഗും താമസിക്കുന്നത്. 

നാലുപേരുടേയും വ്യക്തിത്വങ്ങളുമായി ഇണങ്ങുന്ന ലുക്കാണ് ശിവ്ശക്തിയുടേത്. അജയ് ദേവ്ഗണ്‍ കടുത്ത ശിവഭക്തനായതിനാലാണ് വീടിന് ശിവ്ശക്തി എന്നു പേരിട്ടത്. ക്രീമും ബ്രൗണും നിറത്തിലുള്ള ഡിസൈനാണ് ഈ ബംഗ്ലാവിന്റേത്. 60 കോടി രൂപയ്ക്കാണ് അജയ് ഈ ബംഗ്ലാവ് വാങ്ങിയത്. മുംബൈയിലെ ഏറ്റവും പോഷ് ലൊക്കാലിറ്റികളില്‍ ഒന്നാണ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്ന ജുഹു. ഒട്ടനേകം ബോളിവുഡ് സെലിബ്രിറ്റികളുടെ വീട് ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്നുണ്ട്. 

വീടിന്റെ മുന്‍വശത്തുതന്നെ രാജകീയമായ ഒരു കവാടമുണ്ട്. കല്ലുകൊണ്ടുള്ള ഭിത്തിയില്‍ കെട്ടിയിരിക്കുന്ന ഈ എന്‍ട്രന്‍സ് വീടിന് ഒരു റസ്റ്റിക് വൈബ് പ്രദാനം ചെയ്യുന്നുണ്ട്. സ്‌റ്റെയര്‍കേസുവഴി ഒന്നാം നിലയിലേക്ക് ചെല്ലുന്നത് വിശാലമായ ലോബിയിലേക്കാണ്. ഒന്നാം നിലയിലെ വെളുത്ത മാര്‍ബിള്‍ വിരിച്ച തറ സ്വര്‍ഗത്തിലെത്തിയതുപോലെയുള്ള പ്രതീതി നല്‍കും. സീലിങ് മുതല്‍ ഫ്‌ളോര്‍ വരെ നീളമുള്ള വലിയ ഗ്ലാസ് ജനാലകള്‍ വീട്ടിനുള്ളിലേക്ക് നല്ലതുപോലെ സൂര്യപ്രകാശം കടത്തിവിടുന്നു.

A post shared by Kajol Devgan (@kajol)

ക്രീമും വെളുപ്പും നിറങ്ങളിലെ ഭിത്തിയാണ് ഈ വീടിന്റേത്. വീടിന്റെ ഹൈലൈറ്റ് എന്താണെന്നുചോദിച്ചാല്‍ നിസ്സംശയം പറയാം അത് ഉള്ളിലുള്ള സ്‌പൈറല്‍ സ്‌റ്റെയര്‍കേസ് തന്നെയാണ്. തടികൊണ്ടുള്ള ഈ സ്‌റ്റെയര്‍കേസിന്റെ പശ്ചാത്തലത്തില്‍ ഓവല്‍ ആകൃതിയിലുള്ള ബള്‍ബുകള്‍ തൂക്കിയിട്ടിരിക്കുന്നത് കാണാം. ഇത് പടികള്‍ക്കിടയിലൂടെ മഴത്തുള്ളികള്‍ പൊഴിയുന്നതുപോലെയുള്ള അനുഭൂതി സൃഷ്ടിക്കുന്നു. ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് കജോളിന് വലിയ ഇഷ്ടമാണ്. ഇതുകൂടാതെ മറ്റൊരു സ്‌റ്റെയര്‍കേസ് കൂടിയുണ്ട് ഈ വീടിന്. തടികൊണ്ടുള്ള ലളിതമായ ഈ സ്‌റ്റെയര്‍കേസില്‍ ഗ്ലാസ് ടൈലിങും മെറ്റല്‍ റെയിലിങുമാണ് പിടിപ്പിച്ചിരിക്കുന്നത്. 

വീട്ടിലെ ലിവിങ് റൂം വളരെ വിശാലമാണ്. ലിവിങ് റൂം മുഴുവന്‍ വെളുത്ത പെയിന്റാണ് നല്‍കിയിരിക്കുന്നത്. ആറുപേര്‍ക്ക് ഇരിക്കാവുന്ന ഡൈനിങ് ടേബിളും ലെതര്‍ കൊണ്ടുള്ള കസേരകളും അതിന് മാച്ചിങായ കുഷ്യനുകളുമുണ്ടിവിടെ. ജനാലയ്ക്കരികിലായി ഐവറി കൗച്ചുകള്‍ സ്ഥാപിച്ചിരിക്കുന്നതും മുറിയുടെ മാറ്റ് കൂട്ടുന്നു. മാത്രമല്ല, പല തരത്തിലുള്ള ലൈറ്റുകളും വിശാലമായ ബാല്‍ക്കണിയും ലാളിത്യം നിറഞ്ഞ അകത്തളവുമെല്ലാം എടുത്തുപറയേണ്ടവയാണ്.

ചുറ്റും പച്ചപ്പ് നിറഞ്ഞ വിശാലമായ ബാല്‍ക്കണിയില്‍ വായിക്കാനും അല്പം ചായകുടിച്ച് റിലാക്‌സ് ചെയ്യാനുമെല്ലാം സൗകര്യമുണ്ട്. കജോളിന്റേയും നൈസയുടേയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ പലപ്പോഴായി ഈ ബാല്‍ക്കണിയില്‍ നിന്നുകൊണ്ടുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ, പുറത്തുനിന്ന് വീടിന്റെ ലോബി കാണാന്‍ പാകത്തിനുള്ള വരാന്തയുമുണ്ട്.

ആധുനിക വാസ്തുവിദ്യ ഉപയോഗിച്ച് ജീവിതം കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിന്റെ ഉദാഹരണമാണ് ഈ വീട്. സ്റ്റെയര്‍കേസിനു ഇപ്പുറത്തായി ഒരു എലവേറ്റര്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രകൃതിയേയും ചെടികളേയും വളരെയധികം ഇഷ്ടപ്പെടുന്ന ദമ്പതികളാണ് കജോളും അജയും. വീടിന് പുറത്തും അകത്തും മനോഹരമായ ധാരാളം ചെടികള്‍ സ്ഥാപിച്ചിട്ടുണ്ട്. 

എല്ലാവര്‍ക്കുമെന്നതുപോലെ, കജോളിനും വീട്ടിലെ ഒരു പ്രത്യേക സ്ഥലത്തോട് ഇഷ്ടം കൂടുതലുണ്ട്. നന്നായി വെളിച്ചം കയറുന്ന വീടിന്റെ ഒരു പ്രത്യേക കോണിലിരുന്ന് പാട്ടുകേള്‍ക്കാനും റിലാക്‌സ് ചെയ്യാനും കജോളിന് വലിയ ഇഷ്ടമാണ്. റോള്‍സ് റോയിസ് കള്ളിനന്‍, മസെരട്ടി, ബിഎംഡബ്ല്യൂ തുടങ്ങിയ ആഡംബര കാറുകളുടെ കളക്ഷനും അജയ് ദേവ്ഗണിനുണ്ട്.

Content Highlights: lets take a tour inside ajay devgan and kajol house in mumbai