ഗൗരി ഖാന്‍ അണിയിച്ചൊരുക്കിയ 200 കോടിയുടെ 'മന്നത്ത്'; ഷാരൂഖിന്റെ അത്ഭുത ലോകം

മുംബൈ നഗരത്തിന്റെ തന്നെ ലാന്‍ഡ്മാര്‍ക്കുകളില്‍ ഒന്നാണ് കിംഗ് ഖാന്റെ ബാന്ദ്രയിലെ വീട്. ബാന്ദ്ര വെസ്റ്റിലെ ബാന്‍ഡ്സ്റ്റാന്‍ഡിലാണ് ഷാരൂഖ് ഖാന്റെ 'മന്നത്ത്'വീട് സ്ഥിതി ചെയ്യുന്നത്. ലോകമെങ്ങുമുള്ള ബോളിവുഡ് ആരാധകര്‍ ദിവസവും ഷാരൂഖിനെ കാണാനും അദ്ദേഹത്തിന്റെ വീടിന്റെ പുറത്തുനിന്ന് ഒരു ചിത്രമെടുക്കാനുമൊക്കെയായി ഇവിടെ എത്താറുണ്ട്.
6000 കോടിക്ക് അടുത്ത് ആസ്തിയുള്ള നടനാണ് ഷാരൂഖ് ഖാന്‍. 2011-ലാണ് വില്ല വിയന്ന എന്നറിയപ്പെട്ടിരുന്ന ആറുനിലവീട് ഷാരൂഖ് സ്വന്തമാക്കുന്നത്. 26,328 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടിന് 13 കോടിയാണ് അന്ന് ഷാരൂഖ് നല്‍കിയത്. 'മന്നത്ത്' എന്ന് വീടിന് പുനര്‍നാമകരണം ചെയ്തതും അദ്ദേഹം തന്നെയാണ്. ഇന്ന് ഈ വീടിന് 200 കോടിയാണ് ഏകദേശ വില!
പ്രമുഖ നിര്‍മാതാവും ഇന്റീരിയര്‍ ഡിസൈനറും ഷാരൂഖ് ഖാന്റെ ഭാര്യയുമായ ഗൗരി ഖാനാണ് മന്നത്തിന്റെ അകത്തളങ്ങള്‍ മനോഹരമായി ഡിസൈന്‍ ചെയ്തത്. ഇന്റീരിയര്‍ ഡിസൈനര്‍ എന്ന നിലയിലെ ഗൗരിയുടെ യാത്ര ആരംഭിച്ചത് മന്നത്തില്‍ നിന്നാണെന്ന് ഷാരൂഖ് പറഞ്ഞിട്ടുണ്ട്. വീടിന്റെ നെയിംപ്ലേറ്റ് തന്നെ പ്രധാന ആകര്‍ഷണകേന്ദ്രമാണ്. നെയിംപ്ലേറ്റിന്റെ അരികില്‍ നില്‍ക്കുന്ന ഫോട്ടോ ഗൗരി ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. വീടിന്റെ പ്രധാന വാതിലാണ് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമുള്ള പ്രവേശന പോയിന്റ്. അതിനാല്‍ പോസിറ്റീവ് എനര്‍ജി പകരുന്നതായിരിക്കണം നെയിം പ്ലേറ്റുകള്‍. ഇത്തരത്തില്‍ പോസിറ്റീവും ശാന്തവുമായ വൈബ് പ്രദാനം ചെയ്യുന്ന ഗ്ലാസ് ക്രിസ്റ്റലുകള്‍ കൊണ്ടുള്ള മെറ്റീരിയലാണ് തങ്ങള്‍ നെയിം പ്ലേറ്റിനായി തിരഞ്ഞെടുത്തത് എന്നാണ് ഗൗരി ഖാന്‍ പറഞ്ഞത്. എന്നാല്‍ താരങ്ങളുടെ ആരാധകര്‍ ഇതിനെ ഡയമണ്ട് നെയിം പ്ലേറ്റ് എന്നാണ് വിളിക്കുന്നത്.