വീട് മാത്രമല്ല, ചുറ്റുമതിലും മനോഹരമാക്കാം

പ്രതീകാത്മക ചിത്രം| Photo: canva
പ്രതീകാത്മക ചിത്രം| Photo: canva

വീടിന്റെ ചുറ്റുവട്ടം മനോഹരമായി സൂക്ഷിക്കാന്‍ ഇഷ്ടപ്പെടാത്തവരുണ്ടാകില്ല. ചെടികളും പൂക്കളും നിറഞ്ഞ, കല്ല് പാകിയ മുറ്റവും അതിനോടു ചേര്‍ന്നൊരു മതിലും ഇന്നത്തെ വീടുകള്‍ക്ക് ഒഴിച്ചുകൂടാനാകാത്തതാണ്. എന്നാല്‍ വെറുതെ കട്ടകെട്ടി മറയ്ക്കുന്നതല്ല മതിലുകള്‍. വീടിന്റെ ഭംഗിയില്‍ മാറ്റം വരുത്താന്‍ ഈ മതിലുകള്‍ക്ക് കഴിയും.

ക്ലാഡിങ് ടൈല്‍, ടെറാക്കോട്ട ശില്‍പങ്ങള്‍, ലൈറ്റുകള്‍ എന്നിവകൊണ്ട് ഭംഗിയാക്കിയ മതിലുകള്‍ മുതല്‍ പഴയകാലത്തെ പടിപ്പുരകള്‍ വരെ ഇന്ന് ട്രെന്‍ഡിങ്ങിലുണ്ട്. മതിലുകളും ഗേറ്റും എങ്ങനെ മനോഹരമാക്കാം എന്ന് ആലോചിക്കുന്നവരാണ് ഇപ്പോള്‍ കൂടുതലുമുള്ളത്. അതിഥി വന്നാല്‍ ആദ്യം കാണുന്നതും ഈ മതിലാണ് എന്നതാണ് അതിന് പിന്നിലെ രഹസ്യം.

മതിലുകള്‍ മനോഹരവും വ്യത്യസ്തവുമാക്കാനുള്ള പല വഴികളുമുണ്ട്. അതില്‍ ചിലത് പരിചയപ്പെടാം.

1.വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍

വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഒരുക്കാന്‍ പറ്റിയ ഇടമാണ് ചുറ്റുമതില്‍. ഒരു സ്‌ക്വയര്‍ഫീറ്റില്‍ 10 ചെടികള്‍ വരെ വെയ്ക്കാം. മതില്‍ ആകര്‍ഷകമാകാന്‍ ഗ്രില്ലോ മെഷോ പിടിപ്പിച്ച് ക്രീപ്പര്‍ പ്ലാന്റുകള്‍ പടര്‍ത്തിയെടുക്കാം. അതല്ലെങ്കില്‍ ബൊഗെയ്ന്‍വില്ല, ഹോപ്പോണിയ, ടെക്കോമ എന്നിവയെല്ലാം ചുറ്റുമതിലിന് മുകളില്‍ വളര്‍ത്താം. 

2. ചിക്ക് എലവേഷന്‍

തട്ടുകളായി പല പാറ്റേണുകള്‍ നല്‍കി ചുറ്റുമതില്‍ പണിയുന്ന രീതിയാണിത്. സ്റ്റെപ്പുകള്‍ പോലുള്ള ഡിസൈന്‍ നല്‍കി അതില്‍ ചെടികള്‍ വളര്‍ത്താം.

3. ഫെന്‍സിങ് മോഡല്‍

ചുറ്റുമതിലുകള്‍ അടച്ചുകെട്ടി പണിയുന്നതിന് പകരം ട്രാന്‍സ്പാരന്റ് വാളുകളോട് താത്പര്യം കൂടിയിട്ടുണ്ട്. മുറ്റത്തിന്റേയും വീടിന്റേയും ഭംഗി പുറത്ത് നിന്ന് ആസ്വദിക്കാവുന്ന തരത്തില്‍ ഫെന്‍സിങ് മോഡലില്‍ ചുറ്റുമതില്‍ കെട്ടുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്.

4. റസ്റ്റിക് ലുക്ക്

പ്രകൃതിദത്തമായ കല്ലുകള്‍ ഉപയോഗിച്ച് പണിയുന്ന മതിലുകള്‍ ഇപ്പോള്‍ ട്രെന്‍ഡാണ്. ചെങ്കല്ലുപയോഗിച്ച് നിര്‍മിച്ച ശേഷം പോളിഷ് ചെയ്ത് അതേ ലുക്കില്‍ തന്നെ മതിലില്‍ നിലനിര്‍ത്തുന്നത് വ്യത്യസ്തത നല്‍കുന്നു.

5. ഓര്‍ണമെന്റല്‍ കോംപൗണ്ട് വാള്‍

പേരുപോലെ അല്‍പം 'റിച്ചാ'ണ് ഈ മതില്‍. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഗ്രില്ലുകളും മേസനറി വാള്‍സും ഇടകലര്‍ത്തിയാണ് ഇത്തരം മതിലുകള്‍ നിര്‍മിക്കുന്നത്. ഡിസൈനര്‍ സ്റ്റീല്‍ ഗ്രില്ലുകളാണ് ഇവയുടെ ആകര്‍ഷണം. വീടിന് എലഗന്റ് ലുക്ക് നല്‍കാന്‍ ഇത്തരം മതിലുകള്‍ സഹായിക്കും.
 

Content Highlights: how to beautify compound wall