500 രൂപയുമായി മുംബൈയിലെത്തിയ ദിഷാ പഠാണി ; ഇന്ന് താമസം 5 കോടിയുടെ വീട്ടില്‍

photo|instagram.com/dishapatani/
photo|instagram.com/dishapatani/

രാധകരുടെ പ്രിയപ്പെട്ട ബോളിവുഡ് താരമാണ് ദിഷാ പഠാണി. ഉത്തര്‍പ്രദേശിലെ സാധാരണകുടുംബത്തില്‍ ജനിച്ച് ബോളിവുഡിലെ വിലയേറിയ താരമായ അവരുടെ ജീവിതം ആരേയും പ്രചോദിപ്പിക്കുന്നതാണ്. സിനിമാപാരമ്പര്യമില്ലാത്ത ഇടത്തരം കുടുംബത്തില്‍ നിന്നാണ് വലിയ സ്വപ്‌നങ്ങളുമായി അവള്‍ മുംബൈയ്ക്ക് വണ്ടി കയറുന്നത്.

അന്ന് കൈയ്യിലാകെ കരുതിയത് 500 രൂപയുടെ നോട്ട് മാത്രമായിരുന്നു. വാടകമുറിയില്‍ താമസിച്ചു കൊണ്ടാണ് അവര്‍ ഓഡിഷനുകളില്‍ പങ്കെടുത്തിരുന്നത്. കുടുംബത്തെ ബുദ്ധിമുട്ടിക്കാന്‍ തയ്യാറാകാതെ സ്വന്തം കാലില്‍ നില്‍ക്കാനുള്ള പരിശ്രമത്തിലായിരുന്നു അവര്‍. സിനിമാ മോഹിച്ചെത്തിച്ചിട്ട് അവര്‍ ജീവിക്കാനായി മറ്റു ജോലികള്‍ ചെയ്തു വരുമാനം കണ്ടെത്തി. ഒരിക്കലും അവര്‍ തോല്‍ക്കാന്‍ തയ്യാറല്ലായിരുന്നു. 

2016 -ല്‍ പുറത്തിറങ്ങിയ എം.എസ് ധോണി: ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ചിത്രമാണ് ദിഷയുടെ ജീവിതത്തെ മാറ്റിമറിച്ചത്. ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോനിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ പ്രിയങ്ക ഝാ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ദിഷയായിരുന്നു. പിന്നീടുള്ള ദിഷയുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. വാടകമുറിയില്‍ നിന്നും അവര്‍ സ്വന്തം കരിയര്‍ പടുത്തുയര്‍ത്തി. 

ഫാഷന്‍ ഫോട്ടോഷൂട്ടുകളും വര്‍ക്കൗട്ട് വീഡിയോകളുമായി സജീവമാണ് താരം. വീട്ടിലെ പ്രിയപ്പെട്ട ഇടങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും ദിഷ പങ്കുവെക്കാറുണ്ട്. 2017-ലാണ് ദിഷാ ബാന്ദ്രയില്‍ 'ലിറ്റില്‍ ഹട്ട്' എന്ന വീട് വാങ്ങുന്നത്. അഞ്ചുകോടി മുടക്കിയാണ് താരം നഗരമധ്യത്തില്‍ തന്റെ സ്വപ്നവീട് വാങ്ങിയത്.

1118.59 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ വീടിന് രണ്ടു കാര്‍ പാര്‍ക്കിങ് സൗകര്യവുമുണ്ട്. മിനിമലിസ്റ്റിക് സ്റ്റൈലിലാണ് ദിഷ തന്റെ വീടിനെ ഒരുക്കിയിരിക്കുന്നത്. വെള്ളനിറമാണ് വീടിന് നല്‍കിയിരിക്കുന്നതെന്നും പ്രത്യേകതയാണ്. വാതിലുകള്‍ക്കും ജനലുകള്‍ക്കുമൊക്കെ വെള്ളനിറമാണ്  നല്‍കിയിരിക്കുന്നത്. വീട്ടിലെ ഭൂരിഭാഗം ഫര്‍ണിച്ചറും വൈറ്റ് ടോണിലാണ് ചെയ്തിരിക്കുന്നത്. മാര്‍ബിളാണ് നിലത്ത് പാകിയിരിക്കുന്നത്.


ആഡംബരഗൃഹമെന്ന സങ്കല്‍പത്തെ പൊളിച്ചെഴുതി ലളിതമായാണ് വീട് അലങ്കരിച്ചിരിക്കുന്നത്. അകത്തളങ്ങളില്‍ വെള്ളയും വുഡന്‍ ടോണും ചേര്‍ത്താണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ലിവിങ് റൂം മുതല്‍ ബെഡ്റൂം ഉള്‍പ്പെടെ ധാരാളം ചെടികളും വീട്ടിലുണ്ട്. വീടിനുള്ളില്‍ നിറയുന്ന പച്ചപ്പില്‍ നിന്നും ഇന്‍ഡോര്‍
പ്ലാന്റിങ്ങിലുള്ള താരത്തിന്റെ താത്പര്യം ഇവിടെ കാണാം. അരുമകളെ വളര്‍ത്തുന്നതില്‍ തത്പരയായ ദിഷ വീടും പെറ്റ് ഫ്രണ്ട്‌ലിയായാണ് ഡിസൈന്‍ ചെയ്യിപ്പിച്ചിരിക്കുന്നത്.

മറ്റു മുറികളിലേതിന് സമാനമായാണ് ബെഡ്റൂമും ദിഷ ഒരുക്കിയിരിക്കുന്നത്. ബെഡ് റൂമിനും വെള്ള നിറമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ചുവരില്‍ കറുത്ത നിറത്തിലുള്ള ധാരാളം ചിത്രശലഭങ്ങളെ പതിപ്പിച്ചിരിക്കുന്നതും കാണാം. ഫര്‍ണീച്ചറുകള്‍ക്ക് വെള്ള നിറം തന്നെ.

എടുത്തു പറയേണ്ട പ്രത്യേകതയാണ് വീടിന്റെ വിശാലമായ ബാല്‍ക്കണി. നീളത്തിലുള്ള ബാല്‍ക്കണിയില്‍ ഇരിപ്പിടവും ചെടികളും മനോഹരമായൊരുക്കിയിട്ടുണ്ട്. വുഡന്‍ ഫ്ളോറിങ് കൂടുതല്‍ ഭംഗി നല്‍കുന്നുണ്ട്. മുകളില്‍ നിന്ന് താഴേക്കു നീണ്ടുകിടക്കുന്ന ഗ്ലാസ്‌കൊണ്ടുള്ള ചുമരുകളും അവളുടെ മിനിമല്‍ സ്‌റ്റൈലിനോടുള്ള താത്പര്യം വ്യക്തമാക്കും. കടുത്ത നിറങ്ങളോ ആഡംബരപൂര്‍ണമായ ഇന്റീരിയറുകളോ ഇവിടെ കാണാനില്ല. വളരെ ശാന്തവും സുന്ദരവുമായൊരിടമായാണ് തന്റെ 'ലിറ്റില്‍ ഹട്ടി'നെ അവര്‍ ഒരുക്കിയിരിക്കുന്നത്.

Content Highlights: Disha Patani,mumbai,littile hut,home,minimalistic style,disha patani birthday,rented home