ഷവറിനുപകരം ബക്കറ്റും മഗ്ഗും, ഉമ്മറത്ത് കിണ്ടി: വീട് എങ്ങനെ ഹരിതഭവനമാക്കി മാറ്റാം

#ഡോ. മാധവന്‍ കോമത്ത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

എന്താണ് ഹരിതഭവനം? ഒരു ഹരിതഭവനം കെട്ടിപ്പടുക്കാൻ എന്തൊക്കെ ചെയ്യണം?

ഹരിതഭവനത്തിൽ ആദ്യത്തെ മുൻഗണന ജലസംരക്ഷണത്തിനായിരിക്കണം. ശുദ്ധമായ ജലം ലഭ്യമാകുന്ന ഒരു കിണർ വീട്ടിലുണ്ടാകുകയും അവയുടെ സംരക്ഷണത്തിന് വേണ്ട മാർഗങ്ങൾ അവലംബിക്കുകയും വേണം. ജലസംരക്ഷണത്തിന് തുടക്കം കുറിക്കേണ്ടത് വീടുകളിൽനിന്നാണ്. വീട്ടിലെ അടുക്കളയിൽനിന്നു ദിവസേന ലിറ്റർ കണക്കിന് വെള്ളമാണ് പാഴായി പോകുന്നത്. അത് നേരാംവണ്ണം സംരക്ഷിച്ചാൽ കുടിക്കുന്നത് ഒഴിച്ച് മറ്റ് പല ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്. രാവിലെ മുതൽ രാത്രി വരെ പാത്രം മാത്രം കഴുകാനായി എത്ര ലിറ്റർ വെള്ളമാണ് നാം ചിലവഴിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?

പ്രകൃതിയിൽനിന്നു വെറുതെ കിട്ടുന്ന ഒരു വസ്തുവായി അതിനെ കാണുന്നത്‌കൊണ്ട് ജലത്തിന്റെ വില നമ്മൾ മനസ്സിലാകാതെ പോകുന്നു. പാത്രങ്ങൾ കഴുകി അടുക്കളയിലെ സിങ്കിലേക്ക് ഒഴിക്കുന്നതിന് പകരം കഴുകുന്ന പാത്രത്തിന്റെ അടിയിൽ ഒരു പ്ലാസ്റ്റിക് ട്രേയോ മറ്റോ വെച്ച് പാഴ്ജലം പിടിച്ചുവെയ്ക്കാവുന്നതാണ്. പല പ്രാവശ്യമായി ഇങ്ങിനെ ലഭിക്കുന്ന പാഴ്ജലം ഒരു ടാങ്കിലേക്കോ വലിയ ബക്കറ്റിലേക്കോ മാറ്റാവുന്നതാണ്. ഈ ടാങ്കിലേക്ക് കുറച്ച് ആലം കലക്കി ഒഴിച്ച് അനങ്ങാതെ ഒരിടത്ത് വെച്ചാൽ ഖരപദാർത്ഥങ്ങൾ ടാങ്കിന്റെ അടിത്തട്ടിൽ അടിഞ്ഞുകൂടുകയും മുകളിലെ വെള്ളം തെളിഞ്ഞതായിരിക്കുകയും ചെയ്യും. ഇത് വാഹനങ്ങൾ കഴുകാനും അടുക്കളത്തോട്ടത്തിലും പൂന്തോട്ടത്തിലും മറ്റും ഉപയോഗിക്കാവുന്നതാണ്.

പ്രതീകാത്മക ചിത്രം | AI

അടുക്കളയിൽനിന്നു വാഷ്‌ റൂമിലേക്ക് വരാം. ഇവിടെ വാട്ടർടാപ്പുകൾ, ഷവർ, ഹെൽത്ത് ഫോസറ്റ് എന്നിവയിൽ വല്ല ലീക്കും ഉണ്ടായെന്ന് ആദ്യം പരിശോധിക്കുക. കുളിമുറിക്ക് പുറമെ അടുക്കള, ബെഡ്‌റൂം, ഹാൾ തുടങ്ങി എല്ലായിടത്തുമുള്ള വാട്ടർ കണക്ഷൻ പരിശോധിച്ച് ലീക്കില്ലെന്ന് ഉറപ്പു വരുത്തണം. രാവിലെ എഴുന്നേറ്റാൽ പല്ലുതേക്കുകയും കുളിക്കുകയും ചെയ്യുന്നവരാണല്ലോ നമ്മെളെല്ലാം. പല്ല് തേക്കുമ്പോൾ വാട്ടർടാപ്പ് ഇടയ്ക്ക് പൂട്ടാതെ വെച്ചാൽ ധാരാളം വെള്ളം നഷ്ടപ്പെടും. എന്നാൽ, ഈ ജലനഷ്ടം ടാപ്പ് ആവശ്യാനുസരണം നിയന്ത്രിക്കുകയാണെങ്കിൽ കുറച്ച് കൊണ്ടുവരാൻ സാധിക്കും. വീട്ടിലെ കുട്ടികളടക്കം ഓരോരുത്തരെയും ഇത് പറഞ്ഞ് പഠിപ്പിക്കണം. അത്‌പോലെ കുളിക്കുമ്പോൾ ഷവർ ഉപയോഗിക്കുകയാണെങ്കിൽ നിരവധി ലിറ്റർ വെള്ളമാണ് നഷ്ടപ്പെടുന്നത്.

ഒരു ബക്കറ്റും മഗ്ഗും ഉപയോഗിച്ച് കുളിക്കുകയാണെങ്കിൽ ജലനഷ്ടം പരമാവധി കുറയ്ക്കാം. അതുപോലെ വസ്ത്രം അലക്കുന്നതിനായി വാഷിംഗ് മെഷീനെയാണ് മിക്ക വീട്ടുകാരും ശരണം പ്രാപിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഒരു പ്രാവശ്യം അലക്കുമ്പോൾ നഷ്ടപ്പെടുന്ന ജലത്തിന്റെ അളവ് 40 ലിറ്ററാണ്. ഒരു ദിവസം തന്നെ ഒന്നിൽ കൂടുതൽ തവണ അലക്കുമ്പോഴുള്ള ജലനഷ്ടം ഭീമമായിരിക്കും. ഇത് കുറച്ച് കൊണ്ട് വരികയും ഒന്നിടവിട്ട് അലക്കുകയും ചെയ്താൽ ജലനഷ്ടത്തോടൊപ്പം ഊർജനഷ്ടവും ഒഴിവാക്കാനാകും.
പണ്ട് കാലത്ത് വീട്ടിൽ കിണ്ടി എന്നൊരു സാധനം ഉണ്ടായിരുന്നു. നമ്മുടെ അപ്പനപ്പൂപ്പന്മാർ പുറത്തും മറ്റും പോയി വന്നാൽ ഈ കിണ്ടിയിലെ വെള്ളം ഉപയോഗിച്ചായിരുന്നു കാലും മുഖവുമെല്ലാം കഴുകിയിരുന്നത്. ജല സംരക്ഷണത്തിൽ കിണ്ടി ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. കിണ്ടി ഉമ്മറത്തുവെച്ച് പുറത്തുപോയി തിരിച്ചുവന്നാൽ പലപ്പോഴും അത് മോഷണം പോയതായി കാണാം അതുകൊണ്ടാണ് കിണ്ടി പിന്നാമ്പുറങ്ങളിലേക്ക് മാറ്റപ്പെട്ടത്. വിലകൂടിയ കിണ്ടിക്ക് പകരം മാർക്കറ്റിൽ ലഭ്യമായ വില കുറഞ്ഞ കിണ്ടികൾ വാങ്ങുകയാണെങ്കിൽ മോഷ്ടിക്കപ്പെടാനുള്ള സാദ്ധ്യത കുറവായിരിക്കും. കിണ്ടിയെ ഫാഷനായി അംഗീകരിക്കുകയും ഒരു കിണ്ടി സംസ്‌കാരം നമ്മുടെ ഭവനങ്ങളിൽ നടപ്പിലാക്കുകയും ചെയ്യുകയാണെങ്കിൽ ജലസംരക്ഷത്തിന്റെ കാര്യത്തിൽ അത് മുതൽകൂട്ടായിരിക്കും.

കിണ്ടി | Mathrubhumi

പുതിയ വീട് വെച്ചാൽ എല്ലാവരും ചെയ്യുന്നത് മുറ്റവും ചുറ്റുപാടും ഉടനെ കോൺക്രീറ്റ് ചെയ്യുക എന്നുള്ളതാണ്. നമുക്ക് ലഭിക്കുന്ന മഴവെള്ളം മണ്ണിലൂടെ കിനിഞ്ഞ് ഇറങ്ങിയാണ് ജലസ്രോതസ്സുകളായ കിണറുകളിലും കുളങ്ങളിലുമെല്ലാം എത്തിച്ചേരുന്നത് കോൺക്രീറ്റ് ചെയ്യുമ്പോൾ വെളളം ഭൂമിയിലേക്ക് ഇറങ്ങാതെ വരുകയും വേനൽകാലത്ത് വരൾച്ചയിലേക്ക് നയിക്കുകയും ചെയ്യും. അതുകൊണ്ട് മുറ്റത്തെ കോൺക്രീറ്റ് ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ പാടുള്ളതല്ല. അടുക്കളയിലും കുളിമുറിയിലേയും അധികജലം ഒന്നോ രണ്ടോ പിറ്റിലേക്ക് ഇറക്കി വിടുകയാണെങ്കിൽ റീചാർജിംഗിന് ആക്കം കൂട്ടുകയും പരിസരമലനീകരണത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
മഴക്കാലത്ത് മഴക്കൊയ്ത്തിലൂടെ നമ്മുടെ പുരയിടത്തിൽ വീഴുന്ന മഴവെള്ളത്തെ പറമ്പിലെ കിണറിലേക്ക് ഇറക്കി കിണറിനെ ഒരു ജലംസംഭരണിയായി മാറ്റാവുന്നതാണ്. മേൽക്കൂരയിലെ വെള്ളം ഒരു പിവിസി പാത്തി ഉപയോഗിച്ച് കിണറ്റിനടുത്ത് സ്ഥാപിച്ച ഒരു ടാങ്കിലേക്കു കടത്തിവിടുക. ടാങ്കിൽ ഫിൽട്ടർ മീഡിയ ആയി കരി, മണൽ, ചരൽ എന്നിവ ഒരു നിശ്ചിത അനുപാതത്തിൽ നിറയ്ക്കണം. ടാങ്കിലെ അടിയിലെ ഒരു ടാപ്പ് വഴി മഴവെള്ളം കിണറിലേക്ക് കടത്തിവിട്ടാൽ വേനൽക്കാലത്ത് ജലവിതാനം ഉയർത്തിക്കൊണ്ടു വരാവുന്നതാണ്. ഈ മഴവെള്ളക്കൊയ്ത്ത് മൂന്ന് വർഷം തുടർച്ചയായി ചെയ്താൽ വേനൽക്കാലത്ത് ജലദൗർലഭ്യം നേരിടുകയില്ല. വീട്ടിലെയും പറമ്പിലെ കൃഷി ആവശ്യങ്ങൾക്കും ധാരാളം വെള്ളം ലഭ്യമാകുകയും ചെയ്യും.
വലിയ പറമ്പുള്ള വീടാണെങ്കിൽ ഒരു ചെറിയ കുളം നിർമിക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്. പറമ്പിന്റെ ഒരു ഭാഗത്ത് ഒരു കുളം പണിതാൽ അതിൽ വെളളം ശേഖരിക്കാവുന്നതാണ്. പറമ്പിന്റെ പല ഭാഗങ്ങളിൽനിന്നും ഒഴുകിയെത്തുന്ന വെള്ളം കുളത്തിൽ സംഭരിക്കുകയും ജലവിതാനം ഉയരാനും ഇടയാകുന്നു. വീട്ടിലെ കൃഷിക്ക് ആവശ്യമായ വെള്ളം ഇതിൽനിന്നു പമ്പ് ചെയ്യാവുന്നതാണ്. കൂടാതെ കുളത്തിൽ കരിമീൻ, വരാൽ മുതലായ മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ നിക്ഷേപിക്കുകയാണെങ്കിൽ മത്സ്യകൃഷിക്ക് സാധ്യത ഏറുകയും ഒരു നല്ല വരുമാനം ലഭ്യമാകുകയും ചെയ്യും.

വൃത്തിയും വെടിപ്പുമുള്ള വീടിനോടൊപ്പം തന്നെ പരിസരവും ശുചിത്വമുള്ളതാകണം. വീടും ചുറ്റുപാടും വൃത്തിഹീനമായി കിടക്കുന്ന ഒരു അവസ്ഥ സങ്കൽപ്പിച്ചു നോക്കൂ, വീടിന് ചുറ്റും ചപ്പുചവറുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും കൊണ്ട് നിറഞ്ഞാൽ എന്തായിരിക്കും സ്ഥിതി? ഹരിതഭവനങ്ങളിൽ ജൈവമാലിന്യങ്ങളും അജൈവമാലിന്യങ്ങളും വേർതിരിച്ചു സൂക്ഷിച്ച് വെക്കണം. അതിനായി വിവിധ തരം കളറുകളുള്ള ബിന്നുകൾ വീട്ടിൽ സ്ഥാപിക്കണം. അജൈവമാലിന്യങ്ങളായ പ്ലാസ്റ്റിക് മുതലായവ ശേഖരിച്ച് മാസത്തിൽ വീട്ടിൽ വരുന്ന ഹരിതകർമ്മസേനയെ ഏൽപ്പിക്കണം.

അടുക്കളയിൽനിന്നു പുറന്തള്ളുന്ന ജൈവമാലിന്യങ്ങൾ ശേഖരിച്ച് റിങ്ങ് കമ്പോസ്റ്റ്, പൈപ്പ് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ് എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് വളമാക്കി മാറ്റിയെടുക്കാവുന്നതാണ്. ബയോഗ്യാസ് പ്ലാന്റ് ആണ് ഉപയോഗിക്കുന്നതെങ്കിൽ വളത്തോടൊപ്പം അടുക്കളയിലേക്ക് ആവശ്യമായ ബയോഗ്യാസും ലഭിക്കുന്നതാണ്. അതുവഴി എൽപിജി സിലിണ്ടറുകളുടെ എണ്ണം കുറച്ചു കൊണ്ടുവരുവാൻ സാധിക്കും. ബയോഗ്യാസ് പ്ലാന്റിൽനിന്നു കിട്ടുന്ന സ്ലറി നല്ലൊരു വളമാണ്. ഈ വളം ഉപയോഗിച്ച് അടുക്കളത്തോട്ടത്തിലൂടെ വിഷരഹിതമായ പഴവർഗ്ഗങ്ങളും പച്ചക്കറികളും നമുക്ക് കൃഷി ചെയ്യാവുന്നതാണ്.

സംസ്ഥാനത്ത് ആദ്യമായി ഊരാളുങ്കൽ സൊസൈറ്റിയുടെ കീഴിലുള്ള സർഗാലയ ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജിലെ മുഴുവൻ ജീവനക്കാരുടെയും വീടുകൾ ഹരിതഭവനങ്ങളായി മാറുവാനുള്ള ശ്രമത്തിലാണ്. അതുപോലെ കാലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും 110 വീടുകൾ ആദ്യഘട്ടത്തിൽ ശാസ്ത്രീയ മാലിന്യസംസ്‌കരണവും ജൈവ പച്ചക്കറി കൃഷിയും ഉൾക്കൊള്ളുന്ന ഹരിതഭവനങ്ങളിലേക്ക് നീങ്ങുകയാണ്. കൂടാതെ, കോഴിക്കോട് പൂനൂർ പുഴയുടെ ശുചീകരണത്തിന്റെ ഭാഗമായി കുന്നമംഗലം പരിധിയിലുള്ള പുഴയോരത്തെ തിരഞ്ഞെടുത്ത ചില വീടുകളും ഹരിതഭവനങ്ങളിലേക്ക് കാലെടുത്ത് വെക്കുകയാണ്.

ഊർജ്ജ പ്രതിസന്ധി നേരിടുന്ന കേരളത്തിൽ വേണ്ടവിധത്തിൽ ഡാമുകളിൽ മഴ ലഭിക്കാത്തത് വൈദ്യുതി പ്രതിസന്ധിയുടെ ആക്കം കൂട്ടുകയാണ്. ഈ സന്ദർഭത്തിൽ പലരും സോളാർ പദ്ധതിയിലേക്ക് മാറുന്നത് നല്ലൊരു പ്രവണതയാണ്. വൈദ്യുതിയുടെ കാര്യത്തിൽ സോളാർ എനർജിയിലൂടെ കേരളത്തിലെ ഓരോ ഹരിതഭവനവും സ്വയം പര്യാപ്തമാകണം.

കുറഞ്ഞ സ്ഥലമാണെങ്കിലും വീടിന് ചുറ്റും പറമ്പിലും നിറയെ ഫലവൃക്ഷങ്ങളും മറ്റ് മരങ്ങളും നട്ടു പിടിപ്പിക്കാൻ ശ്രദ്ധിക്കണം. നമ്മൾ പലവിധത്തിൽ പുറത്തോട്ട് വിടുന്ന കാർബൺ ഡയോക്‌സൈഡിനെ ആഗിരണം ചെയ്യാനുള്ള കഴിവ് വൃക്ഷങ്ങൾക്കാണ് ഉള്ളത്. അന്തരീക്ഷത്തിൽ ചൂട് കൂടുന്നതിനുള്ള പ്രധാന കാരണം കാർബൺ ഡയോക്‌സൈഡ് ആണല്ലോ. അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാർബൺ ഡയോക്‌സൈഡിന്റെ അളവും ചെടികൾ ആഗിരണം ചെയ്യുന്ന കാർബൺ ഡയോക്‌സൈഡിന്റെ അളവും തുല്യമാക്കി ഒരു കാർബൺ ന്യൂട്രൽ സംവിധാനത്തിലേക്ക് നമ്മുടെ ഹരിതഭവനങ്ങളെ ഉയർത്തേണ്ടതുണ്ട്. കാലാവസ്ഥ വ്യതിയാനത്തെ തടഞ്ഞുനിർത്താൻ ഈ സംവിധാനം ഫലപ്രദമാകും.

(കോഴിക്കോട്‌ സി.ഡബ്ല്യൂ.ആർ.ഡി.എം. റിട്ട.സയന്റിസ്റ്റ് ആണ് ലേഖകൻ)

Content Highlights: Prioritize water conservation in the kitchen and bathroom by fixing leaks and reusing greywater., Implement rainwater harvesting systems to recharge wells and prevent summer water scarcity., Avoid unnecessary concrete around the house to allow natural groundwater recharge., Segregate organic and inorganic waste, utilizing biogas plants and composting., Transition to solar energy to achieve self-sufficiency amid power crises.