വെള്ളത്തിൽ ചെടികൾ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ഒരു കാലിക്കുപ്പി, കൂടിച്ച് കാലിയാക്കിയ ബിയറിന്റെയോ റമ്മിന്റെയൊ കുപ്പിയെടുത്ത് അതിൽ കുറച്ച് വെള്ളമൊഴിച്ച്. മണിപ്ലാന്റോ ബാംബുവോ പൊട്ടിച്ച് അതിൽ ഇട്ടാൽ ഒരു പൂന്തോട്ടം വളർത്തിയ സന്തോഷമുണ്ടാകും പലർക്കും. എന്നാൽ ഇത്ര നിസാരമായി ചെയ്യേണ്ട ഒന്നല്ല ഇത്. വെള്ളത്തിൽ ചെടികൾ വളർത്തുമ്പോൾ മണ്ണിൽ നടുന്നതിനേക്കാൾ പരിചരണവും ശ്രദ്ധയും ആവശ്യമാണ്. അല്ലെങ്കിൽ ചെടികൾ ചീയാനും കൊതുകും കൂത്താടികളും വളരാനും കാരണമാകും. ഇതോടെ കുപ്പിയിലെ പൂന്തോട്ടം ഒരു ബാധ്യതയായി മാറും.

1. ആഴ്ചയിലൊരിക്കൽ വെള്ളം മാറ്റുക

കുപ്പിയിൽ ചെടി വളർത്തുന്നവർ ആഴ്ചയിലൊരിക്കലെങ്കിലും വെള്ളം മാറ്റണം. വെള്ളം കൃത്യമായി മാറ്റിയില്ലെങ്കിൽ വെള്ളത്തിൽ കൊതുക് വളരാൻ കാരണമാകും. ആവശ്യത്തിന് പോഷകം കിട്ടാതെ ചെടിയുടെ വളർച്ച മുരടിക്കുന്നതിലേക്ക് ഇത് നയിക്കും.

2. ക്ലോറിൻ അടങ്ങിയ വെള്ളം അരുത്

ടാപ്പ് തുറന്ന് ആ വെള്ളം നേരെ ഉപയോഗിക്കാതെ ഒരു രാത്രി മാറ്റിവെച്ചശേഷം വേണം ചെടി വളർത്താനായി ഉപയോഗിക്കാൻ. ക്ലോറിൻ അടങ്ങിയ വെള്ളം ചെടിയുടെ വളർച്ചയെ ബാധിക്കും.

പ്രതീകാത്മക ചിത്രം | Photo: Canva

3. പാത്രം വൃത്തിയാക്കുക

ചെടി ഇട്ടുവെച്ച പാത്രം ആഴ്ചയിൽ ഒരിക്കലെങ്കിലും കഴുകി വൃത്തിയാക്കുക. അല്ലെങ്കിൽ പായൽ പിടിക്കും. പാത്രത്തിൽ ബാക്ടീരിയ വളരാതിരിക്കാനും ഇത്തരത്തിൽ പാത്രം വൃത്തിയാക്കുന്നത് നന്നായിരിക്കും.

4. ചെടി വൃത്തിയാക്കുക

വെള്ളത്തിൽ വളർത്തുന്ന ചെടികളുടെ വേരുകളും ഇലകളും അഴുകുന്നത് പതിവാണ്. ഇടയ്ക്ക് ചീഞ്ഞ വേരുകളും ഇലകളും അടർത്തിമാറ്റി ചെടി വൃത്തിയാക്കണം.

പ്രതീകാത്മക ചിത്രം | Photo: Canva

5. വെയിലത്ത് വയ്ക്കരുത്, പക്ഷേ വെളിച്ചം വേണം

ആവശ്യത്തിന് സൂര്യപ്രകാശം ലഭിച്ചാൽ മാത്രമെ വെള്ളത്തിൽ വയ്ക്കുന്ന ചെടികൾക്ക് അൽപ്പമെങ്കിലും വളരാനാകു. എന്നാൽ സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന സ്ഥലത്ത് ചെടികൾ വെക്കാതിരിക്കാനും ശ്രദ്ധിക്കണം.

Content Highlights: Change water weekly to prevent mosquitoes and nutrient loss., Avoid using chlorinated tap water directly., Clean the container weekly to prevent algae and bacteria., Trim rotting roots and leaves regularly., Keep plants in bright indirect light, away from direct sunlight.