ഈ ചെടികൾ നിങ്ങളുടെ വീടിനെ സുഗന്ധപൂരിതമാക്കും

പ്രതീകാത്മക ചിത്രം |Canva
പ്രതീകാത്മക ചിത്രം |Canva

വീടിനുള്ളിൽ പ്രകൃതിദത്തമായ സുഗന്ധം വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഇതിന് അനുയോജ്യമായ ചെടികൾ വീടിനുള്ളിൽ വളർത്താവുന്നതാണ്. കൃത്രിമ ഗന്ധങ്ങളിൽ നിറയ്ക്കാതെ നിങ്ങളുടെ വീടിനെ സുഗന്ധപൂരിതമാക്കാനാകും.

1. മുല്ല

മുല്ല |canva

മലയാളിക്ക് പൂക്കളുടെ ഗന്ധമെന്നാൽ മുല്ലയാണ്. മുല്ലയുടെ മണം ഇഷ്ടമുള്ളവരാണ് നിങ്ങളെങ്കിൽ വീട്ടിൽ സുഗന്ധം പരക്കാൻ വേറൊന്നും വേണ്ട.

നല്ല വെളിച്ചവും ആവശ്യത്തിന് സൂര്യപ്രകാശവും ലഭിക്കുന്ന സ്ഥലത്ത് വേണം മുല്ല നടാൻ. വീടിനോട് ചേർന്ന് ജനലിന്റെ സമീപത്താണ് മുല്ലയെങ്കിൽ ഗന്ധം വീടിനുള്ളിലേക്കും എത്തും. ആവശ്യത്തിനുമാത്രം വെള്ളം നൽകി മുല്ലയുടെ കൊമ്പുകൾ വെട്ടിയൊതുക്കി വേണം ചെടിയെ പരിപാലിക്കാൻ.

2. ലാവെൻഡർ

ലാവെൻഡർ| canva

മനം മയക്കുന്ന ഗന്ധമാണ് ലാവെൻഡറിന്റേത്.വയലറ്റ് നിറത്തിലുള്ള പൂക്കളും വ്യത്യസ്തമായ സുഗന്ധവും കൊണ്ട് വീടിന് മനോഹരമായൊരു അലങ്കാരച്ചെടിയായി മാറാൻ ലാവെൻഡറിന് കഴിയും. കാഴ്ചയിൽ തന്നെ മനം കുളിർപ്പിക്കുന്ന ഈ ചെടിയുടെ ഗന്ധം അന്തരീക്ഷത്തിന് ശാന്തത പകരാൻ കഴിയുന്നതാണ്. മെഡിറ്റേഷൻ ചെയ്യുന്നവർ പലപ്പോഴും ലാവണ്ടർ ഗന്ധം തിരഞ്ഞെടുക്കുന്നത് കാണാം. ബാൽക്കണിയിലും സൂര്യപ്രകാശം ലഭിക്കുന്ന രീതിയിൽ ജനലിന്റെ സമീപത്തുമെല്ലാം ലാവൻഡർ വളർത്താം. അമിതമായി വെള്ളം ഒഴിച്ചാൽ ചെടി ചീഞ്ഞുപോകും ഇക്കാര്യം ശ്രദ്ധിക്കണം.

3.ജെറേനിയം

ജെറേനിയം| canva

റോസാപ്പൂവിന്റെയും നാരങ്ങയുടെയും പുതിനയുടെയും സുഗന്ധം അനുഭവപ്പെടുന്ന ചെടിയാണ് ജെറേനിയം. പല വെറൈറ്റിയിലുള്ള പൂക്കൾ ഉള്ളതിനാൽ ഓരോ ഇനത്തിനും ഓരോ ഗന്ധമാണ്. മണം മാത്രമല്ല പൂക്കൾ വളരെ ആകർഷകവുമാണ്. വായു സഞ്ചാരമുള്ള ആവശ്യത്തിന് വെളിച്ചം ലഭിക്കുന്ന സ്ഥലത്തുമാത്രം ജെറേനിയം നടുക. വാടിയ, കരിഞ്ഞ ഇലകളെയും പൂക്കളെയും എടുത്തുമാറ്റി ചെടി എപ്പോഴും ഫ്രഷായി വെയ്ക്കാൻ ശ്രദ്ധിക്കണം.

4.പുതിന

ലെമൺ ബാം | Canva

കറിയിൽ ഇടാൻ മാത്രമല്ല വീട്ടിൽ ഗന്ധം നിറയ്ക്കാനും പുതിന ബെസ്റ്റാണ്. ഒരു നല്ല അലങ്കാര ചെടിയായി പുതിനയെ വീട്ടിൽ വളർത്തിയാൽ കറിയിലും വീട്ടിലും ഒരു പോലെ സുഗന്ധം പരത്താം. . അടുക്കളയിലെ ജനൽപ്പടിയിലോ ബാൽക്കണിയിലോ ഒക്കെ പുതിന വളർത്താവുന്നതാണ്. സൂര്യപ്രകാശം അധികം ഇല്ലാത്ത സ്ഥലത്ത് വേണം പുതിന വളർത്താൻ. വളരെ കുറച്ച് വെള്ളംമാത്രം ഉപയോഗിക്കുക. ചട്ടിയിൽ വളർത്തുന്നതാണ് പരിപാലിക്കാൻ സൗകര്യപ്രദം.

5.ലെമൺ ബാം

ലെമൺ ബാം| canva

നാരങ്ങയുടെ മണം ഇഷ്ടമുള്ളവർക്ക് വീട്ടിൽ വളർത്താവുന്ന മികച്ച ഓപ്ഷനാണ് ലമൺ ബാം. ചെടിക്ക് അത്ര ലുക്കില്ലെങ്കിൽ അന്തരീക്ഷത്തിന് കുളിർമ്മ പകരാൻ ഈ ചെടികൾക്ക് പ്രത്യേക കഴിവുണ്ട്. അത്യാവശ്യം വെയിൽ ലഭിക്കുന്ന ഇടത്ത് ചെടികൾ വളർത്തണമെന്ന് മാത്രം. മിതമായ വെള്ളം മതി. ഇടയ്ക്ക് വെട്ടിയൊതുക്കിയാൽ ചെടികൾ നന്നായി വളരും.

Content Highlights: List of top 5 fragrant indoor plants including jasmine, lavender, and geranium, Natural alternative to artificial room fresheners, Simple maintenance and sunlight requirements for each plant, Tips to keep your indoor living space naturally aromatic