വിവിധ തരം പുല്ലുകളാൽ മുറ്റം മനോഹരമാക്കാം; അറിയാം അനുയോജ്യമായ കാർപ്പറ്റ് ഗ്രാസുകൾ

ലാൻഡ് സ്‌കേപിങ് കേരളത്തിലും ട്രെന്റാവുകയാണ്. മുമ്പ് സമ്പന്നർ മാത്രം ചെയ്തിരുന്ന ലാൻഡ് സ്‌കേപിങ് ഇന്ന് ഇടത്തരം കുടുംബങ്ങൾപോലും ചെറിയ മുറ്റം മനോഹരമാക്കാൻ പണം ചെലവഴിക്കുന്നുണ്ട്. പുല്ല് കരിഞ്ഞ് പോകുന്നു, ചിതൽ കയറുന്നു തുടങ്ങിയ ഒട്ടേറെ പ്രശ്‌നങ്ങൾ ലാൻഡ് സ്‌കേപിങ്ങിലുണ്ട്. പുല്ലുകൾ തിരഞ്ഞെടുക്കുന്നതും മണ്ണിന്റെ പിഎച്ച് ഘടനയുമെല്ലാം ലാൻഡ്‌സ്‌കേപിങ്ങിൽ വളരെ നിർണായകമാണ്.
കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ പുല്ലുകൾ:
പേൾ ഗ്രാസ് (Pearl grass)
ചെറിയ തണലുള്ള, മരങ്ങളുള്ള മുറ്റമാണെങ്കിൽ പേൾ ഗ്രാസാണ് അനുയോജ്യം. വീതി കൂടുതൽ ഉള്ള ഇലകളാണ് ഇതിന്റെ പ്രത്യേകത. ഒരുപാട് ഉയരത്തിൽ വളരാത്ത ചെടിയായതുകൊണ്ട് ഇടയ്ക്കിടെ വെട്ടികൊടുക്കേണ്ട ആവശ്യം വരുന്നുമില്ല. അതുകൊണ്ടുതന്നെ പരിപാലനം വളരെ എളുപ്പമാണ്. എന്നാൽ, സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന സ്ഥലത്ത് ഇലകൾക്ക് നിറവ്യത്യാസം ഉണ്ടാകാം.
മെക്‌സിക്കൻ ഗ്രാസ് (Mexican grass)
സൂര്യപ്രകാശം നന്നായി ലഭിക്കുന്ന ഇടങ്ങളാണെങ്കിൽ മാത്രമേ മെക്‌സിക്കൻ ഗ്രാസ് തിരഞ്ഞെടുക്കാവൂ. വെള്ളം കൂടുതൽ ആവശ്യമായ പുല്ലുവർഗമാണിത്. വേഗത്തിൽ വളരുമെന്നതിനാൽ ഇടയ്ക്കിടെ വെട്ടിയൊതുക്കി നിർത്തണം.
ബഫല്ലോ ഗ്രാസ് (Buffalo grass)
പേൾ ഗ്രാസിന്റെ വലുപ്പം കുറഞ്ഞ ഇനത്തെയാണ് ബെഫല്ലോ ഗ്രാസ് എന്ന് പറയുന്നത്. പരിചരണം വളരെ കുറച്ചു മതിയെന്നതാണ് മറ്റൊരു പ്രത്യേകത. ആറുമാസത്തിൽ ഒരിക്കൽ മാത്രമേ വെട്ടികൊടുക്കേണ്ട ആവശ്യമുള്ളൂ. ചെറിയ തണലിൽപോലും നന്നായി വളരും. മരത്തിന്റെ ചുവട്ടിൽപോലും വെച്ചുപിടിപ്പിക്കാം. പൊതുവേ കാണുന്ന ചിതൽ പ്രശ്‌നം ബെഫല്ലോ ഗ്രാസിൽ ഉണ്ടാകില്ല.
കൊറിയൻ ഗ്രാസ് (Korean grass)
കൊറിയൻ ഗ്രാസിന് ആരാധകർ ഏറെയാണ്. നല്ല തിളക്കമുള്ള ഇവ കാർപ്പറ്റ് പോലെ അനുഭവപ്പെടും. ചവിട്ടുമ്പോൾ വളരെ മൃദുവായി അനുഭവപ്പെടുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. കൃത്യമായ ഇടവേളകളിൽ നനച്ചുകൊടുക്കുകയും വെട്ടിയൊതുക്കുകയും വേണം.
കനത്ത മഴയും കനത്ത വെയിലും അനുഭവപ്പെടുന്ന കേരളത്തിലെ കാലാവസ്ഥയിൽ ലാൻഡ് സ്‌കേപിങ് വളരെ ശ്രദ്ധാപൂർവ്വം വേണം ഒരുക്കാൻ.
Content Highlights: Landscaping has become very popular in Kerala even among middle-class families., Soil pH and climate are crucial factors when selecting grass types., Pearl grass is ideal for yards with partial shade and requires low maintenance., Mexican grass requires direct sunlight and frequent watering., Buffalo grass needs minimal care and is resistant to termites., Korean grass offers a soft, carpet-like texture but requires regular watering and trimming.