പ്രേക്ഷകരെ മുള്‍മുനയിൽ നിർത്തി 'വെൻ ദ ഫോൺ റിങ്സ്'; തിരിച്ചടിയായത് കൊറിയയിലെ രാഷ്ട്രീയ സാഹചര്യം

#ബെറിൽ തെരേസ ബാബു
'വെന്‍ ദ് ഫോണ്‍ റിങ്‌സ്' സീരീസിന്റെ പോസ്റ്റര്‍ | Photo: Wikipedia, Special arrangement
'വെന്‍ ദ് ഫോണ്‍ റിങ്‌സ്' സീരീസിന്റെ പോസ്റ്റര്‍ | Photo: Wikipedia, Special arrangement

കൊച്ചി: താന്‍ അന്വേഷിച്ചുക്കൊണ്ടിരുന്ന ആ അജ്ഞാത ഫോണ്‍കോളര്‍ തന്റെ ഭാര്യയാണെന്ന് അറിഞ്ഞ നിമിഷം സേ-ഓന്‍ ഒരു നിമിഷം പകച്ചു. തന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോവുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ആ കുറ്റവാളിയെ തേടിയുള്ള സേ ഓന്റെ യാത്ര ആ അജ്ഞാതനിലായിരുന്നു എത്തിനിന്നിരുന്നത്. വളരെ വിദഗ്ധമായി ഒളിപ്പിക്കാന്‍ ശ്രമിച്ച രഹസ്യങ്ങള്‍ ഭര്‍ത്താവ് കണ്ടെത്തിയ ഞെട്ടലില്‍ ഒരു നിമിഷം എന്തുചെയ്യണമെന്നറിയാതെ ഹേ-ജോ കുഴങ്ങി. ഇനി എന്തെന്നറിയാനുള്ള കെ-ഡ്രാമ ആരാധകരുടെ കാത്തിരിപ്പ് നീളുകയാണ്. 

നെറ്റ്ഫ്ളിക്സില്‍ ആഗോളതലത്തില്‍ ഇംഗ്ലീഷ് ഇതര ടി.വി. ഷോകളുടെ കാറ്റഗറിയില്‍ രണ്ടാം സ്ഥാനത്തും ഇന്ത്യയില്‍ നാലാം സ്ഥാനത്തുമുള്ള 'വെന്‍ ദ ഫോണ്‍ റിങ്സ്' എന്ന കെ- ഡ്രാമയാണ് ലോകമാകെയുള്ള ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത്. ഡിസംബര്‍ അഞ്ചിന് റീലീസ് ചെയ്യേണ്ട അഞ്ചാം എപ്പിസോഡ് ഡിസംബര്‍ 13-ലേക്ക് മാറ്റിയതോടെയാണ് സൗത്ത് കൊറിയയിലെ രാഷ്ട്രീയ അസ്വാരസ്യങ്ങള്‍ ലോകമാകെയുള്ള കെ-ഡ്രാമ ആരാധകരെ വലച്ചത്. 

ഈ ആഴ്ചയില്‍ മാത്രം 48 രാജ്യങ്ങളില്‍ ഈ ഡ്രാമ ആദ്യ പത്തില്‍ ഉള്‍പ്പെടുകയും മൂന്ന് ആഴ്ചകളിലായി 43 ലക്ഷം പേര്‍ ഈ സീരിസ് കാണുകയും ചെയ്തിട്ടുണ്ട്. 'വെന്‍ ദ ഫോണ്‍ റിങ്‌സ്' എന്ന കെ-ഡ്രാമയുടെ പുതിയ എപ്പിസോഡിന്റെ റിലീസ് മാറ്റിവെച്ചത് സൗത്ത് കൊറിയിയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കണക്കിലെടുത്താണെന്നാണ് സൗത്ത് കൊറിയന്‍ മാധ്യമങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരം. പട്ടാളനിയമം ഏര്‍പ്പെടുത്തിയ സമയത്ത് പ്രധാനപ്പെട്ട എന്‍ടര്‍ടെയ്ന്‍മെന്റ് കമ്പനികളിലെ കെ-പോപ് താരങ്ങള്‍ക്കും കെ-ഡ്രാമ താരങ്ങള്‍ക്കും പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടരുതെന്നുള്ള നിര്‍ദേശങ്ങള്‍ ലഭിച്ചതായും വിവരങ്ങളുണ്ട്.

നെറ്റ്ഫ്ളിക്സിലും മറ്റുമായി റിലീസ് ചെയ്യുന്ന കെ-ഡ്രാമയ്ക്ക് ഇന്ത്യയിലുടനീളം ഒരുപാട് ആരാധകരാണുള്ളത്. 'വെന്‍ ദ ഫോണ്‍ റിങ്സ്' ഉള്‍പ്പെടെ ഓണ്‍ എയറിലുള്ള മറ്റ് ഡ്രാമകളുടെ എപ്പിസോഡുകളുടെ റിലീസ് തീയതിയും മാറ്റിവെച്ചതോടെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ആരാധകര്‍ക്ക് ചെറിയ ക്ഷീണമൊന്നുമല്ല സംഭവിച്ചത്. ആ കാത്തിരിപ്പിന്റെ വേദനകള്‍ സാമൂഹികമാധ്യമങ്ങിലും അലയടിച്ചു.

സാമൂഹിക മാധ്യമങ്ങളിലെ വിവിധ പോസ്റ്റുകള്‍ | Special arrangement

പട്ടാളനിയമം പിന്‍വലിച്ചെങ്കിലും ഇപ്പോഴും സൗത്ത് കൊറിയയില്‍ ജനരോഷം ആളികത്തുകയാണ്. ഇത് കല-സാംസ്‌കാരിക മേഖലയെ ബാധിച്ചത് ലോകത്താകെയുള്ള കെ-ഡ്രാമ, കെ-പോപ് ആരാധകരെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. 

ഡിസംബര്‍ മൂന്നിനാണ് സൗത്ത് കൊറിയയില്‍ പ്രസിഡന്റ് യൂന്‍ സൂക് യൂള്‍ പട്ടാളനിയമം ഏര്‍പ്പെടുത്തിയത്. ആറ് മണിക്കൂര്‍ മാത്രം ഏര്‍പ്പെടുത്തിയ ഈ പട്ടാളനിയമം പക്ഷേ, വലിയ ജനരോക്ഷത്തിനും മറ്റനേകം നാടകീയ സംഭവങ്ങള്‍ക്കും ഇടയാക്കി. പ്രസിഡന്‍റിനെതിരേ ഇംപീച്ച്മെന്റ് കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും ആ ശ്രമം ഫലം കണ്ടില്ല. എന്നാല്‍, യൂന്‍ സൂക് യോളിന് നിയമകാര്യ മന്ത്രാലയം യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൗത്ത് കൊറിയയില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥ തുടരുമ്പോള്‍ അതിന്റെ പ്രകമ്പനം ഏല്‍ക്കുന്നത് ലോകമാകെയുള്ള കെ-ഡ്രാമ, കെ-പോപ് ആരാധകരിലാണ്.

ഡിസംബര്‍ 26-ന് റിലീസ് ചെയ്യുമെന്നറിയിച്ചിട്ടുള്ള 'സ്‌ക്വിഡ് ഗെയിം 2 - ദ ഗെയിം ബിഗിന്‍സി'നെയും ഈ സാഹചര്യം ബാധിക്കുമോയെന്നുള്ള ഭയത്തിലാണ് ആരാധകര്‍. നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്ത സ്‌ക്വിഡ് ഗെയിമിന്റെ ആദ്യ സീസണിന് 265. 2 മില്യണ്‍ കാഴ്ചക്കാരും ഇംഗ്ലീഷ് ഇതര വിഭാഗത്തില്‍ ഒന്നാം റാങ്കുമാണുള്ളത്.

Content Highlights: When the Phone Rings K-Drama series