'ദ പപ്പറ്റ് മാസ്റ്റര്‍' അഥവാ ലോകത്തിലെ ഏറ്റവും വലിയ വഞ്ചകന്റെ കഥ

സ്വന്തം കുട്ടികളുമായി വളരെ സന്തോഷത്തോടെ കുടുംബജീവിതം നയിക്കുന്ന സാന്ദ്ര. ഭര്‍ത്താവ് പീറ്ററില്‍നിന്ന് വിവാഹബന്ധം വേര്‍പ്പെടുത്തിയെങ്കിലും അദ്ദേഹവുമായി മനോഹരമായ സൗഹൃദം കാത്തുസൂക്ഷിക്കുകയും കുട്ടികളുടെ ഉത്തരവാദിത്തം പങ്കുവയ്ക്കുകയും ചെയ്യുന്നു ഈ നാല്‍പ്പതുകാരി. ഒരു ദിവസം സാന്ദ്രയുടെ ജീവിതത്തിലേക്ക് പ്രണയം നടിച്ച് ഡേവിഡ് എന്നൊരാള്‍ കടന്നുവരുന്നു. ആദ്യം മനോഹരമായ സമ്മാനങ്ങള്‍, ആഡംബര യാത്രകള്‍. ഒടുവില്‍ കുടുംബത്തിന്റെ സര്‍വ്വാധികാരം അയാള്‍ ഏറ്റെടുക്കുന്നു. വേണ്ടപ്പെട്ടവരില്‍ നിന്നെല്ലാം ആ കുടുംബത്തെ അയാള്‍ അകറ്റുന്നു. സാമ്പത്തികമായി ചൂഷണം ചെയ്യുന്നു. അമ്മയെയും കുട്ടികളെയും പരസ്പരം പോരടിപ്പിക്കുന്നു. ഒടുവില്‍ സാന്ദ്ര അയാള്‍ക്കൊപ്പം അപ്രത്യക്ഷയാകുന്നു.
ഇംഗ്ലണ്ടിലെ ഒരു കോളേജ് കാമ്പസിന്റെ പരിസരത്താണ് മറ്റൊരു കഥ നടക്കുന്നത്. ബ്രിട്ടീഷ് ഇന്റലിജന്‍സ് ഏജന്‍സിയായ എം.ഐ 5-ന്റെ ഏജന്റ് എന്ന വ്യാജേന ഒരാള്‍ അവിടുത്തെ ഏതാനും വിദ്യാര്‍ഥികളുമായി സൗഹൃദം സ്ഥാപിക്കുന്നു. ഐ.ആര്.എ.(ഐറിഷ് റിപബ്ലിക്കന്‍ ആര്‍മി) സെല്ലിന്റെ ഭീഷണിയെക്കുറിച്ച് അന്വേഷിക്കാനാണ് താന്‍ ഇവിടേക്ക് വന്നതെന്നും വിദ്യാര്‍ഥികള്‍ അവരുടെ ഭീഷണിയിലാണെന്നും പറഞ്ഞു ധരിപ്പിക്കുന്നു. തനിക്കൊപ്പം വന്നാല്‍ ജീവന് ഭീഷണിയില്ലാതെ സംരക്ഷിക്കാമെന്നും കുടുംബാംഗങ്ങള്‍ പോലും അറിയരുതെന്നും ഇയാള്‍ വിദ്യാര്‍ഥികളോട് പറയുന്നു. അയാളുടെ വാക്കുകളെ വിശ്വസിച്ച് രണ്ടു പെണ്കുട്ടികളക്കമുള്ള മൂന്ന് വിദ്യാര്‍ഥികള്‍ യാത്ര ആരംഭിക്കുന്നു. കുടുംബാംഗങ്ങളില്‍നിന്ന് അകറ്റി, അവരെ തന്റെ വരുതിയിലാക്കി, സാമ്പത്തികമായ ചൂഷണം ചെയ്ത് ഇയാള്‍ ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിലേക്കും വിദ്യാര്‍ഥികളുമായി യാത്ര ചെയ്യുന്നു. ഭയപ്പാടോടെ അഭയാര്‍ഥികളെപ്പോലെ നീണ്ട പത്ത് വര്‍ഷമാണ് ഈ മൂവര്‍ സംഘം ഇയാളുടെ നിയന്ത്രണത്തില്‍ ജിവിച്ചത്. ഒടുവില്‍ ഇയാളുടെ കള്ളങ്ങള്‍ തിരിച്ചറിയുമ്പോഴാണ് തങ്ങള്‍ക്ക് സംഭവിച്ച നഷ്ടങ്ങള്‍ എത്രത്തോളം വലുതാണെന്ന് അവര്‍ മനസ്സിലാക്കുന്നത്.
ഈ സംഭവങ്ങള്‍ നടന്നത് സിനിമയിലല്ല, യഥാര്‍ഥ ജീവിതത്തില്‍. മാനസികമായും സാമ്പത്തികമായും അങ്ങനെ എല്ലാ തലത്തിലും ഇയാളുടെ തട്ടിപ്പിനിരയായി തകര്‍ന്നത് ഒട്ടേറെ ജീവിതങ്ങള്‍, കുടുംബങ്ങള്‍. ദ പപ്പറ്റ് മാസ്റ്റര്‍; ഹണ്ടിങ് ദ അള്‍ട്ടിമേറ്റ് കോണ്‍മാന്‍ എന്ന ഡോക്യുമെന്ററി ചിത്രം അക്ഷരാര്‍ഥത്തില്‍ സിരകളെ മരവിപ്പിക്കും. നെറ്റ്ഫ്ലിക്സില്‍ പുറത്തിറങ്ങിയിരിക്കുന്ന ഈ ഡോക്യുമെന്ററി മൂന്ന് എപ്പിസോഡുകളായാണ് ഒരുക്കിയിരിക്കുന്നത്. തട്ടിപ്പിനിരയായ വ്യക്തികളിലൂടെ അവരുടെ വേദന നിറഞ്ഞ അനുഭവങ്ങളിലൂടെയാണ് ദ പപ്പറ്റ് മാസ്റ്റര്‍ സഞ്ചരിക്കുന്നത്. ഒടുവില്‍ ആ വഞ്ചകനിലേക്കും.
Content Highlights: The Puppet Master, Hunting the Ultimate Conman, Netflix, Crime Documentary