ഗാൽ ഗാഡറ്റിന്റെ പ്രതിനായികയായി ആലിയ; 'ഹാർട്ട് ഓഫ് സ്റ്റോണി'ന്റെ വെടിക്കെട്ട് ട്രെയിലർ

നെറ്റ്ഫ്ളിക്സ് ഒരുക്കുന്ന സ്പൈ-ആക്ഷൻ ത്രില്ലർ ചിത്രം ഹാർട്ട് ഓഫ് സ്റ്റോണിന്റെ ട്രെയിലർ പുറത്തുവന്നു. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ചിത്രത്തിൽ ഗാൽ ഗാഡറ്റ് ആണ് മുഖ്യവേഷത്തിൽ. പ്രതിനായികയാവുന്നത് ആലിയ ഭട്ട് ആണ്. ആലിയയുടെ ഹോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്.
ബ്രസീലിൽ നടന്ന പ്രത്യേക ചടങ്ങിലാണ് ഹാർട്ട് ഓഫ് സ്റ്റോണിന്റെ ട്രെയിലർ അവതരിപ്പിച്ചത്. ഏജന്റ് ആയ റേച്ചൽ സ്റ്റോൺ എന്ന കഥാപാത്രത്തെയാണ് ഗാൽ ഗാഡറ്റ് അവതരിപ്പിക്കുന്നത്. ദ ഹാർട്ട് എന്ന് വിളിക്കപ്പെടുന്ന ഒരു വസ്തുവിനുവേണ്ടിയുള്ള പോരാട്ടമായിരിക്കും ചിത്രമെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. ഹാർട്ട് മോഷ്ടിക്കാനെത്തുന്ന കഥാപാത്രമാണ് ആലിയയുടേത്.
ടോം ഹാർപ്പർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗ്രെഗ് റെക്കയുടെ കഥയ്ക്ക് അദ്ദേഹവും ആലിസൺ ഷ്രൂഡറുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഈ വർഷം ഓഗസ്റ്റ് 11-ന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകരിലേക്കെത്തും.
Content Highlights: heart of stone trailer, gal gadot and alia bhatt new movie, netflix movie