താത്പര്യമില്ലാതെ വഴങ്ങിക്കൊടുക്കേണ്ടിവരുന്ന ഭാര്യ; ഭർതൃബലാത്സംഗം പ്രമേയം, സീരീസിനെതിരേ വ്യാപകവിമർശനം

#Movies Desk
ചിരൈയ വെബ് സീരീസ് ട്രെയ്ലറിൽനിന്ന് | Photo: Screen grab/ YouTube: JioHotstar
ചിരൈയ വെബ് സീരീസ് ട്രെയ്ലറിൽനിന്ന് | Photo: Screen grab/ YouTube: JioHotstar

ഭർതൃബലാത്സംഗം പ്രമേയമായ ഹിന്ദി വെബ് സീരീസ് 'ചിരൈയ' കഴിഞ്ഞയാഴ്ച ജിയോഹോട്‌സ്റ്റാറിൽ പുറത്തിറങ്ങിയിരുന്നു. ദിവ്യ ദത്ത, സഞ്ജയ് മിശ്ര, സിദ്ധാർഥ് ഷാ, പ്രസന്ന ബിഷ്ട് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീരീസ് ഒരുക്കിയിരിക്കുന്നത് ശശ്വന്ത് ഷായാണ്. കൈകാര്യംചെയ്യുന്ന പ്രമേയത്തിന്റെ പേരിൽ വെബ് സിരീസ് പ്രശംസ നേടിയിരുന്നു. എന്നാൽ, പരമ്പരയ്‌ക്കെതിരായ വ്യാപകവിമർശനമാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ഉയരുന്നത്.

സ്വന്തം ഇഷ്ടത്തേക്കാൾ കുടുംബത്തിന്റെ മാനത്തിന് വിലനൽകുന്ന സമൂഹത്തിൽ ജീവിക്കുന്ന പെൺകുട്ടിയുടെ കഥയാണ് പരമ്പര പറയുന്നത്. അവൾക്ക് ദാമ്പത്യത്തിൽനേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളും പ്രമേയമാവുന്നു. ഭർതൃബലാത്സംഗവും ലൈംഗികബന്ധത്തിലെ സമ്മതത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും ആത്മാഭിമാനത്തോടെയുള്ള നിലനിൽപ്പിനായുള്ള പെൺകുട്ടിയുടെ പോരാട്ടവും പരമ്പരയിൽ പ്രതിപാദിക്കുന്നു. പരമ്പരയിൽനിന്നുള്ള ഒരു സീൻ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വ്യാപകവിമർശനമുയർന്നത്.

സമ്മതമില്ലാതെയുള്ള ലൈംഗികബന്ധത്തിന് യുവതി നിർബന്ധിക്കപ്പെടുന്ന രംഗമാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. താത്പര്യമില്ലാതെ ഭർത്താവിന്റെ ആവശ്യങ്ങൾക്ക് യുവതിക്ക് വഴങ്ങിക്കൊടുക്കേണ്ടിവരുന്നു.

ഭൂരിഭാഗം ഇന്ത്യൻ പുരുഷപങ്കാളികളും തങ്ങളുടെ ഭാര്യമാരെ ഭർതൃബലാത്സംഗത്തിന് ഇരയാക്കുന്നവരാണെന്ന തെറ്റിദ്ധാരണയാണ് പരമ്പര പ്രചരിപ്പിക്കുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ വിമർശനം. പരമ്പരാഗത ഹിന്ദു വിവാഹങ്ങൾക്കെതിരേയുള്ള പ്രൊപ്പഗാൻഡയാണിതെന്നും ചിലർ ആരോപിക്കുന്നു. പരമ്പരാഗത വിവാഹങ്ങൾ വഴിയുണ്ടാവുന്ന ദാമ്പത്യജീവിതത്തെ മോശമായി ചിത്രീകരിക്കുന്നുവെന്നും വിമർശിക്കുന്നവർ പറയുന്നു.

രംഗത്തിന്റെ ചിത്രീകരണത്തിനെതിരേയും വ്യാപകവിമർശനമുണ്ട്. ഷോക്ക് വാല്യുക്ക് വേണ്ടി മാത്രം ചിത്രീകരിച്ചതാണ് രംഗമെന്നാണ് മറ്റൊരു വിമർശനം. രംഗം ഉത്തരവാദിത്തത്തോടെയാണ് പരമ്പരയിൽ ചേർത്തിരിക്കുന്നതെന്നും ചിലർ ചോദിക്കുന്നു. ആഖ്യാനത്തിൽ സംവേദനക്ഷമതയില്ലെന്നും ചിലർ കുറ്റപ്പെടുത്തുന്നു.

അതേസമയം, പലപ്പോഴും പറയപ്പെടാതെ പോകുന്ന യാഥാർഥ്യത്തെയാണ് പരമ്പര ചിത്രീകരിക്കുന്നതെന്ന് അനുകൂലിക്കുന്നവരുമുണ്ട്. ദാമ്പത്യത്തിലെ കൺസെന്റുമായി ബന്ധപ്പെട്ട പ്രശ്‌നം ഉയർത്തിക്കാട്ടാൻ ഇത്തരം രംഗങ്ങൾ ആവശ്യമാണെന്നാണ് പരമ്പരയെ പിന്തുണയ്ക്കുന്നവരുടെ അഭിപ്രായം. രംഗം സൃഷ്ടിക്കുന്ന അസ്വസ്ഥത ബോധപൂർവവും സ്ത്രീകളുടെ അവകാശങ്ങളെയും ശരീരത്തിന്റെ സ്വയംഭരണത്തെയും കുറിച്ചുള്ള സംഭാഷണങ്ങൾക്ക് അത്യാവശ്യവുമാണെന്ന് പിന്തുണയ്ക്കുന്നവർ പറയുന്നു.

ആറ് എപിസോഡുകൾ മാത്രമുള്ള ചെറു സീരീസാണ് 'ചിരൈയ'. കമലേഷ് എന്ന കഥാപാത്രത്തെയാണ് ദിവ്യ ദത്ത പരമ്പരയിൽ അവതരിപ്പിക്കുന്നത്. പൂജയായി പ്രസന്ന ബിഷ്ടുമെത്തുന്നു. സിദ്ധാർഥ് ഷായാണ് പൂജയുടെ ഭർത്താവായ അരുൺ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രസന്നയും സിദ്ധാർഥും യഥാർഥജീവിതത്തിലും ഭാര്യയും ഭർത്താവുമാണ്.

Content Highlights: Analysis of the controversial marital rape scene in the series 'Chiraiya'. Examination of the societal backlash regarding traditional marriage portrayals. Discussion on the necessity of portraying consent in modern Indian storytelling