‘അണലി’ റിലീസിന് വിലക്ക്; നടപടി വിചാരണയെ ബാധിക്കുമെന്ന കൂടത്തായി കൊലക്കേസ് പ്രതി ജോളിയുടെ ഹർജിയിൽ

#മൂവി ഡെസ്ക്
അണലി എന്ന വെബ്സീരീസിന്റെ പോസ്റ്റർ, ജോളി ജോസഫ് | ഫോട്ടോ: Facebook, കെ.കെ. സന്തോഷ്\ മാതൃഭൂമി
അണലി എന്ന വെബ്സീരീസിന്റെ പോസ്റ്റർ, ജോളി ജോസഫ് | ഫോട്ടോ: Facebook, കെ.കെ. സന്തോഷ്\ മാതൃഭൂമി

കൊച്ചി: ‘അണലി’ വെബ് സീരീസിന്റെ റിലീസ് എറണാകുളം അഡീഷണൽ മുൻസിഫ് കോടതി വിലക്കി. കൂടത്തായി കൂട്ടക്കൊലക്കേസ് പ്രമേയമാക്കി നിർമിച്ചതെന്ന് ആരോപിക്കപ്പെടുന്നതാണ് ഈ വെബ് സീരീസ്. കോടഞ്ചേരി പോലീസ് സ്റ്റേഷനിലും താമരശ്ശേരി സ്റ്റേഷനിലും ജോളിയെ പ്രതിയാക്കി രജിസ്റ്റർ ചെയ്തിട്ടുള്ള ക്രിമിനൽ കേസുകളുടെ വിചാരണ പൂർത്തിയാകുന്നതുവരെയാണ് വിലക്ക്.

സീരീസ് പുറത്തുവന്നാൽ അത് കൂടത്തായി കേസിന്റെ വിചാരണയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ജോളി നൽകിയ ഹർജിയിലാണ് ഉത്തരവ്. വിചാരണ തീരുന്നതിന് മുൻപുതന്നെ കുറ്റവാളിയായി ചിത്രീകരിക്കുന്നത് സ്വകാര്യത, അന്തസ്സ്, നീതിയുക്തമായ വിചാരണ എന്നിവയെ ഗുരുതരമായി ബാധിക്കുമെന്നും ജോളി ചൂണ്ടിക്കാട്ടിയിരുന്നു.

നിയമപ്രകാരം കുറ്റം തെളിയിക്കുന്നതുവരെ നിരപരാധിയാണെന്നുകരുതാനുള്ള അവകാശം ഹർജിക്കാരിക്കുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. മുഖ്യകഥാപാത്രമായി ഹർജിക്കാരിയെ തിരിച്ചറിയുകയും യഥാർഥ കുറ്റവാളിയായി ചിത്രീകരിക്കുകയും ചെയ്യുന്ന രീതിയിലാണ് റിലീസ് ചെയ്യുന്നതെങ്കിൽ അവരുടെ അന്തസ്സിനും സത്കീർത്തിക്കുമുണ്ടാകുന്ന ഹാനി പിന്നീട് നഷ്ടപരിഹാരം നൽകി നികത്താനാവില്ലെന്നും കോടതി പറഞ്ഞു.

Also Read: ജോളിയുടെ ഹർജിയിൽ നടപടി: 'അണലി' വെബ് സീരീസിന് കോടതിയുടെ സ്റ്റേ

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് നിഖിലാ വിമലും ലിയോണ ലിഷോയിയും മുഖ്യവേഷത്തിലെത്തുന്നതാണ് വെബ് സീരീസ്. ഇതിന് നേരത്തേ മുൻസിഫ് കോടതി താത്കാലിക സ്റ്റേ അനുവദിച്ചിരുന്നു. പരമ്പരയുടെ നിർമാതാക്കളായ ജിയോ ഹോട്ട്സ്റ്റാർ ഇന്ത്യ ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചു. സംപ്രേഷണം വൈകുന്നത് സാമ്പത്തികനഷ്ടത്തിന് ഇടയാക്കുമെന്നായിരുന്നു വാദം. തുടർന്ന് ഹർജി വേഗത്തിൽ തീർപ്പാക്കാൻ ഹൈക്കോടതി മുൻസിഫ് കോടതിക്ക് നിർദേശം നൽകി. മുൻപ് കോടതി നൽകിയ ഇടക്കാല സ്റ്റേ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംപ്രേഷണാവകാശമുള്ള ഒ.ടി.ടി. പ്ലാറ്റ്ഫോം നൽകിയ ഹർജിയും കോടതി തള്ളി.

Content Highlights: The Ernakulam Additional Munsiff Court has stayed the release of Midhun Manuel Thomas's upcoming web series Anali until the completion of the trial in the Koodathayi murder case, acting on a petition filed by prime accused Jolly Joseph.