ഒരു അസാധാരണ ഗെയിം, രഹസ്യങ്ങൾ പുറത്തുവരുന്ന ഒരു രാത്രി; 1001 നുണകളെത്തുന്നു സോണി ലിവിലൂടെ

1001 നുണകൾ സിനിമയിൽ നിന്നൊരു രം​ഗം | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്
1001 നുണകൾ സിനിമയിൽ നിന്നൊരു രം​ഗം | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ഫ്ലാറ്റിലെ തീപിടിത്തത്തിന് ശേഷം പോകാനിടമില്ലാത്ത ദമ്പതികൾ തങ്ങളുടെ സുഹൃത്തായ വിനയ് യുടെ വീട്ടിൽ അഭയം തേടുന്നു. ഒന്നു രണ്ടു ദിവസം കൂടി തങ്ങി വിവാഹ വാർഷികം ആഘോഷിച്ചു മടങ്ങാൻ വിനയ് അവരെ നിർബന്ധിക്കുന്നു. വിനയ്ക്കും മറ്റു സുഹൃത്തുക്കളോടുമൊപ്പം അവർ തങ്ങളുടെ പത്താം വിവാഹവാർഷികം ആഘോഷിക്കുന്നു. പക്ഷേ ഒരു അസാധാരണ ​ഗെയിം കളിക്കുന്നത്തിലൂടെ  ജീവിതത്തിലെ പറയാരഹസ്യങ്ങളും നുണകളും തങ്ങളുടെ ബന്ധത്തെ ശിഥിലമാക്കുന്ന ഒരു വഴിത്തിരിവായി ആ രാത്രി മാറുന്നു.

സലിം അഹമ്മദ് നിർമ്മിച്ച 1001 നുണകൾ (ആയിരത്തൊന്ന് നുണകൾ) സംവിധാനം ചെയ്തത് താമർ കെ.വിയാണ്. രചന നിർവഹിച്ചത് താമറും ഹാഷിം സുലൈമാനും ചേർന്നാണ്. ഛായാഗ്രാഹകനായി ജിതിൻ സ്റ്റാൻസിലാസും സംഗീതസംവിധായകരായി നേഹ നായരും യക്‌സനും, ഫിലിം എഡിറ്ററായി നിഷാദ് യൂസഫും ചിത്രത്തിൻ്റെ അണിയറയിൽ ഭാഗമാകുന്നു. വിഷ്ണു അഗസ്ത്യ, രമ്യ സുരേഷ്, ഷംല ഹംസ, നിനിൻ കാസിം, ജിൻസ് ഷാൻ, നൗഫൽ റഹ്മാൻ, വിദ്യാ വിജയ്കുമാർ, സൂരജ് കെ നമ്പ്യാർ, രശ്മി കെ നായർ, സുധീഷ് കോശി, സജിൻ അലി, സുധീഷ് സ്കറിയ, അനുഷ ശ്യാം തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു.

പരസ്പരം അറിയാത്ത രഹസ്യങ്ങളാൽ പരീക്ഷിക്കപ്പെടുന്ന ഒരു സൗഹൃദങ്ങളുടെ കഥയായിരിക്കും 1001 നുണകൾ എന്നാണ് സംവിധായകൻ താമർ കെ.വി പറയുന്നത്. കാണുന്നതെല്ലാം സത്യമായിരിക്കണമെന്നില്ലെന്നും അടഞ്ഞ വാതിലുകൾക്കപ്പുറത്ത് നമുക്ക് മനസ്സിലാക്കാൻ കഴിയാത്ത പലതും സംഭവിക്കുന്നുണ്ടെന്നും ഈ സിനിമ നമ്മെ ഓർമപ്പെടുത്തും. അപ്രതീക്ഷിതമായ വെളിപ്പെടുത്തലുകളും വേദനപ്പെടുത്തുന്ന സംഭവങ്ങളും ട്വിസ്റ്റുകളുമെല്ലാം ഈ സിനിമയിലുണ്ടാവും. വീണ്ടും വീണ്ടും കാണാൻ അത് നമ്മെ പ്രേരിപ്പിക്കും. സോണി ലൈവിലൂടെ വലിയൊരു വിഭാഗം പ്രേക്ഷകരുടെ മുന്നിലേക്ക് ഈ സിനിമയെത്തുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: 1001 nunakal movie ott release through sony liv