അലവലാതി ഷാജി എന്ന് ജയേട്ടൻ വിളിച്ചത് എന്നെ, പിന്നെ നാട്ടുകാരും ആ പേര് വിളിക്കാൻതുടങ്ങി -ടി.ജി. രവി

#മൂവി ഡെസ്ക്
നടൻ ടി.ജി. രവി | ഫോട്ടോ: സിദ്ദിക്കുൽ അക്ബർ\ മാതൃഭൂമി
നടൻ ടി.ജി. രവി | ഫോട്ടോ: സിദ്ദിക്കുൽ അക്ബർ\ മാതൃഭൂമി

തൃശ്ശൂർ: ‘വാടാനപ്പള്ളി കടപ്പുറത്ത് പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ജയൻ ചിത്രം ‘ചാകര’യുടെ ചിത്രീകരണം നടക്കുന്നു. ആദ്യം എടുക്കുന്നത് ജയനും ഞാനും തമ്മിലുള്ള സംഘട്ടനരംഗം. കടലിലെ വെള്ളത്തേക്കാൾ കൂടുതൽ ജനം കടപ്പുറത്ത്. എല്ലാവരും ജയനെ കാണാനെത്തിയവർ. ആളുകളെ മാറ്റി ചിത്രീകരണം തുടങ്ങാനാകുന്നില്ല. ഒടുവിൽ അതുവഴിപോയ ആനയെ ജനങ്ങൾക്കിടയിലൂടെ നടത്തിയാണ് ജനത്തെ നിയന്ത്രിച്ചത്’-‘ചാകര'യുടെ നിർമാതാവ് കൂടിയായ നടൻ ടി.ജി. രവി തന്റെ നേരനുഭവം പങ്കുവെച്ചു.

വിഖ്യാത നടൻ ജയന്റെ 87-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി തൃശ്ശൂരിൽ ജയദീപം ജയൻ ഫാൻസ്‌ ഇന്റർനാഷണൽ സംഘടിപ്പിച്ച ഒരുദിവസം നീണ്ട പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരുകാലത്ത് വെള്ളിത്തിരയിൽ നായകനും വില്ലനുമായി ഏറ്റുമുട്ടിയ ജയനും ടി.ജി. രവിയും വീണ്ടും ഒരേ ഫ്രെയിമിൽ. ജയന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ‘ജയദീപം ജയൻസ് ഫാൻസ് ഇന്റർനാഷണൽ’ തൃശ്ശൂർ കേരള സാഹിത്യ അക്കാദമിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ജയന്റെ കട്ടൗട്ടിനരികെ നടൻ ടി.ജി. രവി | ഫോട്ടോ: മാതൃഭൂമി

‘നീയാണല്ലേടാ ഈ അലവലാതി ഷാജി എന്ന് ജയേട്ടൻ വിളിച്ചത് എന്നെയാണ്. പിന്നീട് കുറെ നാൾ ജനങ്ങൾ എന്നെ വിളിച്ചിരുന്നത് അലവലാതി ഷാജി എന്നാണ്. ഞാൻ സന്തോഷപൂർവം കേട്ടിരുന്ന പേരാണ് അത്. പിന്നീട് അദ്ദേഹത്തോടൊപ്പം ഒരു സിനിമ കൂടി ചെയ്യണമെന്ന ആഗ്രഹവുമായി മദിരാശിയിൽ ചെന്നിറങ്ങിയ ഞാൻ ആദ്യം കേൾക്കുന്നത് ജയൻ മരിച്ചു എന്ന വാർത്തയാണ്’- ജയനോടൊത്തഭിനയിച്ച ഒരേയൊരു സിനിമയുടെ ഓർമകളിൽ ടി.ജി. രവി വാചാലനായി

ഒരാൾ മരിച്ചു കഴിഞ്ഞാൽ അയാളുടെ സ്മാരകം പണിയുന്നത് ജീവിച്ചിരിക്കുന്നവരുടെ മനസ്സിലാണ്. പ്രേക്ഷകരുടെ മനസ്സിൽ ഏറ്റവും കൂടുതൽ സ്മാരകം നടൻ ജയനുവേണ്ടിയാണ് പണിതിട്ടുള്ളത്- അദ്ദേഹം പറഞ്ഞു.

അതുവരെയുള്ള നായകസങ്കല്പത്തെയെല്ലാം മാറ്റിമറിച്ച് വ്യത്യസ്തമായ ശൈലിയിൽ വന്ന് ആരാധകമനസ്സിനെ കീഴടക്കിയ താരരാജാവായിരുന്നു ജയനെന്ന് നടനും കാരിക്കേച്ചറിസ്റ്റുമായി ജയരാജ് വാര്യർ പറഞ്ഞു.

Content Highlights: Veteran actor and producer TG Ravi shared nostalgic memories of working with late Malayalam superstar Jayan during his 87th birth anniversary commemoration organized by Jayan Fans International in Thrissur.