യഷിന്റെ സ്വാഗ്, നയൻതാരയുടെ മാസും കിയാരയുടെ ക്ലാസും; ഞെട്ടിച്ച് ഗീതു മോഹൻദാസിന്റെ ‘ടോക്സിക്’

'കെ.ജി.എഫ്' പരമ്പരയോടെ പാൻ-ഇന്ത്യൻ താരമായിമാറിയ നടനാണ് യഷ്. നാലുവർഷത്തെ കാത്തിരിപ്പിന് ഒടുവിൽ തിയേറ്ററിലെത്തിയ യഷ് ചിത്രമാണ് 'ടോക്സിക്: എ ഫെയറിടെയ്ൽ ഫോർ ഗ്രോൺ- അപ്സ്'. ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ വൻ താരനിര അണിനിരന്ന ചിത്രം മാസും ക്ലാസും ഒരുപോലെ ഒത്തുചേർന്ന മികച്ച തിയേറ്റർ അനുഭവമാണ്.
'കേൾക്കുന്നുണ്ടോ' എന്ന ഹ്രസ്വചിത്രത്തിലൂടെ തന്നെ സംവിധായിക എന്ന നിലയിൽ ശ്രദ്ധ പിടിച്ചുപറ്റിയ നടി ഗീതു മോഹൻദാസ്, 'ലയേഴ്സ് ഡൈസ്', നിവിൻ പോളി നായകനായ 'മൂത്തോൻ' എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമാണ് 'ടോക്സിക്'. 87-ാം ഓസ്കർ അവാർഡിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു ഗീതുവിന്റെ 'ലയേഴ്സ് ഡൈസ്'. മൂന്നാം ചിത്രമായ 'ടോക്സി'ക്കിൽ യഷ്, നയൻതാര, കിയാര അദ്വാനി, രുക്മിണി വസന്ത്, താരാ സുതാരിയ, ഹുമാ ഖുറേഷി, സുദേവ് നായർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ ഉള്ളത്.
ഗോവയാണ് ചിത്രത്തിന്റെ പശ്ചാത്തലം. സ്വാതന്ത്ര്യത്തിന് മുമ്പും, രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം പോർച്ചുഗീസുകാരുടെ കൈവശമായപ്പോഴുമുള്ള ഗോവയാണ് ചിത്രത്തിൽ സംവിധായിക ദൃശ്യവത്കരിക്കുന്നത്. രായ എന്ന ഗ്യാങ്സ്റ്റർ കഥാപാത്രമായാണ് യഷ് ചിത്രത്തിലെത്തുന്നത്. യഷിന്റെ സഹോദരിയായ ഗംഗയായി നയൻതാര എത്തുന്നു. ഡാരൽ ഡി സിൽവ അവതരിപ്പിക്കുന്ന സാൽവദോർ എന്ന ഗോവ അടക്കിവാഴുന്ന മാഫിയാ തലവന്റെ വിശ്വസ്തനാണ് രായ. ഭൂതകാലത്തെക്കുറിച്ച് അസ്വസ്ഥമായ ഓർമകളുള്ള രായയും ഗംഗയും തന്നെയാണ് യഥാർഥത്തിൽ സാൽവദോറിന്റെ സംഘത്തെ നിയന്ത്രിക്കുന്നത്. എന്നാൽ, എപ്പോഴും അവരുടെ കീഴിലായിരിക്കാൻ ഇവർ ശ്രമിക്കുകയും ചെയ്യുന്നു. ഇതിനിടെ രായയുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങൾ വൈകാരികമായി അയാളെ തകർക്കുകയും ചെയ്യുന്നു. തുടർന്ന് അയാൾക്കുണ്ടാവുന്ന തകർച്ചയും അതിനോട് രായയുടെ പോരാട്ടവുമാണ് ചിത്രം പറയുന്നത്.
ചിത്രത്തിൽ ഇരട്ടവേഷത്തിലാണ് യഷ്. രായയുടെ കഥയാണ് 'ടോക്സിക്'. ചിത്രത്തിന്റെ രണ്ടാം പകുതിയിൽ എത്തുന്ന രായയുടെ മകനായ ടിക്കറ്റ് എന്ന വേഷത്തിലും യഷ് എത്തുന്നു. എന്നാൽ, ചിത്രത്തിന്റെ ക്ലൈമാക്സിൽ രണ്ടുകഥാപാത്രങ്ങളെയും സംബന്ധിച്ച മറ്റൊരു സസ്പെൻസ് സംവിധായിക ഒളിപ്പിച്ചുവെക്കുന്നുണ്ട്. അതുതന്നെയാണ് വെറുമൊരു ഗ്യാങ്സ്റ്റർ സിനിമയായിപ്പോവുമായിരുന്ന 'ടോക്സിക്കി'ന്റെ തിരക്കഥയിലെ ബ്രില്യൻസ്.
ആക്ഷനും വയലൻസിനും മാസിനും പ്രാധാന്യമുള്ള മറ്റൊരു യഷ് ചിത്രം തന്നെയാണ് 'ടോക്സിക്'. എന്നാൽ, അതിനുമപ്പുറം ചിത്രത്തെ മികച്ചതാക്കുന്ന മറ്റുചില ഘടകങ്ങളുണ്ട്. അതിൽ പ്രധാനം സ്ത്രീപക്ഷത്തുനിന്നുള്ള തിരക്കഥയാണ്. കിയാര അദ്വാനി അവതരിപ്പിക്കുന്ന നാദിയ, നയൻതാരയുടെ ഗംഗ, ഹുമാ ഖുറേഷിയുടെ എലിസബത്ത്, താരാ സുതാരിയയുടെ റെബേക്ക, രുക്മിണി വസന്തിന്റെ മെല്ലിസ എന്നിവ ഗ്യാങ്സ്റ്റർ സിനിമയിൽ വെറുതെ വന്നുപോകുന്ന സ്ത്രീസാന്നിധ്യങ്ങളല്ല. യഷിന്റെ രായയോളം പ്രാധാന്യം നയൻതാരയുടെ ഗംഗ എന്ന കഥാപാത്രത്തിനുണ്ട്. ഏതാനും മാസ് ആക്ഷൻ സീനുകളിലും ഗംഗയുണ്ട്. അവ അതിശയിപ്പിക്കുംവിധം പൂർണതയോടെയാണ് നയൻതാര മികച്ചതാക്കുന്നത്.
'ടോക്സിക്കി'ലെ യഷ് സ്വാഗും ഹൈ ഒക്ടെയ്ൻ ആക്ഷനും കാണിക്കുന്ന വെറുമൊരു മാസ് അവതാരമല്ല. അതിനപ്പുറം അയാളിലെ നടനെക്കൂടി ചിത്രം പ്രേക്ഷകന് മുന്നിലേക്ക് വെക്കുന്നുണ്ട്. കിയാര അദ്വാനിയുടെ അഭിനയമാണ് ചിത്രത്തിൽ പ്രശംസയർഹിക്കുന്ന മറ്റൊരു ഘടകം. സർക്കസുകാരിയായ നാദിയ എന്ന കഥാപാത്രത്തിന്റെ വികാരങ്ങൾ മുഴുവൻ അത്രയും ആഴത്തിലാണ് കിയാര അദ്വാനി പകർന്നുവെക്കുന്നത്. രായയുടെ വലംകൈയായ കർമാഡി എന്ന വേഷത്തിൽ മലയാളി നടൻ സുദേവ് നായരും കൈയടക്കമുള്ള പ്രകടനമാണ് കാഴ്ചവെക്കുന്നത്.
ഗ്യാങ്സ്റ്റർ പടങ്ങളിൽ പതിവുള്ള പ്രമേയപരിസരമല്ല 'ടോക്സിക്കി'ന്റേത്. അത്തരമൊരു കഥപറയാൻ യഷിനെപ്പോലെയൊരു താരശരീരത്തെ തിരഞ്ഞെടുത്തതിന് തന്നെ സംവിധായിക കൈയടി അർഹിക്കുന്നുണ്ട്. എന്നാൽ, തിരക്കഥയിലെ പാളിച്ചകൊണ്ട് ചിലയിടങ്ങളിൽ ചിത്രം സ്വന്തം കഥാതന്തുവിനോട് തന്നെ നീതിപുലർത്താൻ പാടുപെടുന്നുണ്ട്. മൂന്നുമണിക്കൂറിലേറെയാണ് ചിത്രത്തിന്റെ ദൈർഘ്യം.
സാങ്കേതികമായി ഏറ്റവും മികച്ച ദൃശ്യവിരുന്നാണ് ഗീതു പ്രേക്ഷകർക്കായി തിയേറ്ററിൽ ഒരുക്കിയത്. രാജീവ് രവിയുടെ ഫ്രെയ്മുകളും രവി ബസ്രൂറിന്റെ പശ്ചാത്തലസംഗീതവും മികച്ചുനിൽക്കുന്നു. വിശാൽ മിശ്ര, തനിഷ്ക് ബാഗി, അർസ്ലാൻ നിസാമി, ഫഹീം അബ്ദുള്ള എന്നിവരുടെ ഗാനങ്ങളും പ്രശംസയർഹിക്കുന്നു. ഹോളിവുഡ് ആക്ഷൻ ഡയറക്ടറായ ജെ.ജെ. പെറി, അൻപറിവ്, കെച്ച കംപാക്ഡീ, അമൃത് സിങ് എന്നിവരുടെ ആക്ഷൻ സീനുകളിൽ യഷ് അഴിഞ്ഞാടുകയാണ്. എഡിറ്റർ ഉജ്വൽ കുൽക്കർണിയും ചിത്രത്തിനായി തന്റെ പരമാവധി നൽകിയിട്ടുണ്ട്.
സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഗോവയും രണ്ടാംപകുതിയിൽ ചൈനയിലെ മക്കാവുവും പശ്ചാത്തലമായി വരുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ടി.പി. ആബിദ്, ആർട്ട് ഡയറക്ടർമാരായ മോഹൻ ബി. കെരെ, സന്ദീപ് ജി. ശർമ, വസ്ത്രാലങ്കാരം നിർവഹിച്ച നേഹ ആർ. ബജാജ്, സാനിയ സർധാരിയ, മേക്കപ്പ് ആർട്ടിസ്റ്റുകളായ ഷിപ്ര സിങ് ആചാര്യ, പ്രശാന്ത് ജെ. ഡോയിഫോഡ് എന്നിവരും പ്രത്യേക പരാമർശം അർഹിക്കുന്നു.
യഷിന്റെ പതിവ് ചേരുവകളുള്ള ഒരു ഗ്യാങ്സ്റ്റർ ചിത്രം തന്നെയാണ് 'ടോക്സിക്'. എന്നാൽ, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' അതിനും മുകളിലാണ്. കലാപരമായും സാങ്കേതികമായും ഏറെ ഉയർന്നുനിൽക്കുന്ന ചിത്രം നടത്തുന്ന പരീക്ഷണങ്ങൾക്കൊണ്ടുകൂടിയാണ് കൈയടി അർഹിക്കുന്നത്.
Content Highlights: "Toxic: A Fairytale for Grown-ups," directed by Geetu Mohandas and starring KGF-fame Yash, has released in theaters to strong audience responses. The film features a star-studded cast including Nayanthara, Kiara Advani, Huma Qureshi, Tara Sutaria, Rukmini Vasanth, and Sudev Nair. Set in pre- and post-independence Goa, the narrative revolves around Raya (played by Yash), a gangster navigating emotional turmoil, rivalry, and dual roles. The movie stands out for giving well-defined, prominent screen space and action sequences to its female leads rather than reducing them to side characters. Supported by Rajeev Ravi's cinematography and Ravi Basrur's background score, the film delivers a technically slick gangster action drama despite minor pacing flaws