നർമ്മത്തിൽ ചാലിച്ച പ്രണയവും പ്രതികാരവും രാഷ്ട്രീയവും; മാർത്താണ്ഡൻ്റെ 'മഹാറാണി'| REVIEW

ചിത്രത്തിൻ്റെ പോസ്റ്റർ
ചിത്രത്തിൻ്റെ പോസ്റ്റർ

ഒരു പുസ്തകമെഴുതാൻ കഥയന്വേഷിച്ച് നടക്കുകയായിരുന്ന ​ഗ്രാമത്തിലെ മുതിർന്ന സഖാവിന്റെ മുന്നിൽ അവിചാരിതമായി കുറച്ച് സംഭവവികാസങ്ങൾ അരങ്ങേറുകയാണ്. താൻ അന്വേഷിച്ച് നടന്ന കാമ്പുള്ള കഥ കൺമുന്നിൽ തെളിഞ്ഞ സന്തോഷത്തിൽ അയാൾ തന്റെ പഴയ ടെെപ്പ് റെെറ്റർ പൊടിതട്ടിയെടുത്ത് കഥയെഴുത്ത് ആരംഭിക്കുകയാണ്, 'മഹാറാണി'. പിന്നീട് പ്രണയത്തിന്റേയും പ്രതികാരത്തിന്റേയും നർമ്മത്തിൽ ചാലിച്ച അവതരണമാണ് പ്രേക്ഷകന് മുന്നിൽ തെളിയുന്നത്.

കൂട്ടുകാരെപ്പോലെ ജീവിതം ആഘോഷിച്ച് നടക്കുന്ന ഒരു അച്ഛനും രണ്ട് മക്കളും അമ്മയും അടങ്ങുന്ന ഒരു കുടുംബത്തെ ചുറ്റിപ്പറ്റിയാണ് കഥപുരോ​ഗമിക്കുന്നത്. അച്ഛനെ അണ്ണനെന്ന് വിളിച്ച് തോളിൽ കെെയിട്ട് നടക്കുന്ന രണ്ടുമക്കളും ചേർന്നുണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരു നാടിനെയാകെ ബാധിക്കുന്ന തരത്തിലേയ്ക്ക് എങ്ങനെ മാറുന്നുവെന്നാണ് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രം പറഞ്ഞുവെക്കുന്നത്. അച്ഛൻ കഥാപാത്രമായി ജോണി ആന്റണിയും ഭാര്യ മം​ഗളമായി നിഷ സാരം​ഗും വേഷമിട്ടിരിക്കുന്നു. ഷെെൻ ടോം ചാക്കോയും റോഷൻ മാത്യൂസുമാണ് അജീഷ്, വിജീഷ് എന്നീ സഹോദരങ്ങളായി എത്തുന്നത്. 

അജീഷിന്റെയും വിജീഷിന്റേയും പ്രണയങ്ങളാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ഒന്നിലധികം പ്രണയമുള്ള കഥാപാത്രമാണ് റോഷൻ അവതരിപ്പിച്ച വിജീഷ്. ഒരു ദിവസം വിജീഷിന്റെ കാമുകിമാരിലൊരാളായ റാണിയെ കാണാതാകുന്നു. പെൺകുട്ടിയെത്തേടി അവളുടെ വീട്ടുകാർ എത്തുന്നതോടെ രാഷ്ട്രീയ പാർട്ടിയിൽ അഭയം തേടാൻ സഹോദരങ്ങൾ തീരുമാനിക്കുകയാണ്. പെൺകുട്ടിയുടെ വീട്ടുകാരാകട്ടെ മറുപാർട്ടിക്കാരും. രണ്ട് കുടുംബക്കാർ തമ്മിലുള്ള പ്രശ്നം പാർട്ടി പ്രശ്നമായി വളരുകയും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും പൂർണമായും ഹാസ്യപശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ സംവിധായകൻ.

റാണിയെ കണ്ടെത്താനുള്ള ഇരുകൂട്ടരുടേയും ശ്രമങ്ങളും രസകരമായ സംഭവങ്ങളും ഒക്കെയാണ് സംവിധായകൻ പ്രേക്ഷകന് മുന്നിലെത്തിക്കുന്നത്. ​ഗ്രാമത്തിലെ പാർട്ടിക്കാർ തമ്മിലുള്ള രസച്ചേർച്ചകളും ആരെക്കിട്ടിയാലും രക്തസാക്ഷിയാക്കാൻ തയാറായി നിൽക്കുന്ന രാഷ്ട്രീയത്തെക്കുറിച്ചും ചിത്രം സംസാരിക്കുന്നുണ്ട്. സാഹചര്യത്തിനനുയോജ്യമായ പാട്ടുകളും ചിത്രത്തിന് രസം പകരുന്നുണ്ട്. സാധാരണ പ്രണയചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ അവതരണരീതി സ്വീകരിക്കാനും ചിത്രത്തിനായി.

ഇഷ്ക്, പുള്ളിക്കാരൻ സ്റ്റാറാ, അടി എന്നീ ചിത്രങ്ങൾ രചിച്ച രതീഷ് രവിയാണ് മഹാറാണിയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സം​ഗീതം നിർവഹിച്ചിരിക്കുന്നത്.  മുരുകൻ കാട്ടാക്കടയും അൻവർ അലിയും രാജീവ്‌ ആലുങ്കലുമാണ് ​ഗാനങ്ങൾക്ക് വരികളൊരുക്കിയിരിക്കുന്നത്. നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും  എസ്. ലോകനാഥൻ ഛായാ​ഗ്രഹണവും നിർവഹിച്ചിരിക്കുന്നു. 

വലിയൊരു താരനിരയുമായാണ് ചിത്രം എത്തിയിരിക്കുന്നത്. ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, ബാലു വർഗീസ്, സ്മിനു സിജോ, ശ്രൂതി ജയൻ, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ, രഘുനാഥ് പാലേരി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. കുറച്ച് രം​ഗങ്ങളിൽ വന്നുപോകുന്ന കഥാപാത്രങ്ങളേയും പ്രാധാന്യത്തോടെ അവതരിപ്പിക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. എസ്. ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബാദുഷ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എൻ. എം ബാദുഷയാണ് സഹ നിർമ്മാതാവ്. 

Content Highlights: shine tom chacko balu varghese roshan mathew movie maharani review