ജീവിക്കാനുള്ള പോരാട്ടം; യാതനകളോടുള്ള നിഴൽയുദ്ധമായി 'ഷാഡോ ബോക്‌സ്'

ജീവിതം കരകയറ്റാനുള്ള നെട്ടോട്ടത്തിനിടയിൽ ജീവിക്കാൻതന്നെ മറന്നുപോകുന്ന ഒരുകൂട്ടം മനുഷ്യരുടെ കഥയാണ് 'ഷാഡോ ബോക്‌സ്'. തിരക്കുകൾക്കിടയിൽ നീറുന്ന ജീവിതങ്ങളുടെ കഥ തീവ്രമായി അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകരായ തനുശ്രീ ദാസും സൗമ്യനന്ദ സഹിയും. ഐഎഫ്എഫ്‌കെയിൽ അന്താരാഷ്ട്ര മത്സരവിഭാഗത്തിലാണ് ഈ ബംഗാളി ചിത്രം പ്രദർശനത്തിനെത്തിയത്.
കൊൽക്കത്തയിലെ തിരക്കുകളിൽ കുടുംബം പോറ്റാനായി രാപ്പകൽ വിശ്രമില്ലാതെ പായുകയാണ് മായ. കുടുംബത്തിന്റെ യാതൊരു പിന്തുണയും സഹാനുഭൂതിയും ലഭിക്കില്ലെന്ന് അറിഞ്ഞിട്ടും അവൾ പിന്മാറാൻ ഒരുക്കമായിരുന്നില്ല. വിരമിച്ച പട്ടാളക്കാരനായ സുന്ദറിനും മകൻ ദേബുവിനുമൊപ്പമാണ് മായയുടെ യാതനകൾ നിറഞ്ഞ ജീവിതം. സന്തോഷമെന്തെന്ന് അറിയാത്ത മായയുടെ ജീവിതത്തെ വേരോടെ തകർക്കുന്ന സംഭവങ്ങളുടെ നിരയാണ് അവളെ കാത്തിരുന്നത്.
ഭർത്താവിന്റെ മാനസിക പ്രശ്‌നവും മകന്റെ വാശികളും ആ കുടുംബത്തിന്റെ സമാധാനം തകർക്കുകയാണ്. നല്ലൊരു ജീവിതത്തിനായി പോരാടുന്ന മായ സിനിമ പുരോഗമിക്കുമ്പോൾ ജീവൻ നിലനിർത്താനാനുള്ള പോരാട്ടത്തിലാണ്. വിരമിച്ച പട്ടാളക്കാരനായ സുന്ദർ കോളേജുകൾക്ക് തവളകളെ എത്തിച്ചു നൽകുന്ന ജോലി ചെയ്യുന്നതിൽ മായയ്ക്ക് അമർഷമുണ്ട്. ഭർത്താവിനായി പല ജോലികൾ നോക്കിയെങ്കിലും ഒന്നും ലക്ഷ്യം കാണുന്നില്ല.
പഠനത്തിൽ ഉഴപ്പിനടക്കുന്ന മകനും മായയുടെ സമാധാനം തകർക്കുന്നുണ്ട്. ഒരുപാട് പ്രശ്‌നങ്ങൾക്കിടയിലും ജീവിതം ചേർത്തുപിടിക്കാൻ മായ ശ്രമിക്കുന്നുണ്ട്. പക്ഷേ ഒരു രാത്രി അവളുടെ കുടുംബത്തെ തകർക്കാൻ പോന്ന ഒരു കൊലപാതകം അരങ്ങേറുകയാണ്. ആ കൊലപാതകവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പിന്നീടുള്ള കഥയിൽ.
കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ നിരവധി തിരിച്ചറിവുകളിലേയ്ക്കും മായ എത്തുകയാണ്. സ്വന്തം ജീവിതത്തോടുള്ള അവളുടെ ദേഷ്യവും നിരാശയുമൊക്കെ പലപ്പോഴും അവളെത്തന്നെ നശിപ്പിക്കുകയാണ്. തന്റെ നിഴലിനെപ്പോലും വിശ്വസിക്കാനാകാത്ത അവസ്ഥയിലേക്കാണ് മായയുടെ ജീവിതം എത്തിച്ചേരുന്നത്. ഒപ്പമുണ്ടാകുമെന്ന് കരുതിയ ഭർത്താവും മകനുമെല്ലാം അവളുടെ കൈയിൽ നിന്നും വഴുതിപ്പോവുകയാണ്. പലപ്പോഴും നിസ്സഹായാവസ്ഥയിലേയ്ക്ക് അവൾ എത്തിപ്പെടുന്നു. എങ്കിലും പോരാട്ടത്തിൽ നിന്നും പിന്മാറാൻ അവൾ തയാറായിരുന്നില്ല.
ഒരുപാട് ജീവിതങ്ങളുടെ ഒരു പ്രതീകമായാണ് സംവിധായകർ മായയെ അവതരിപ്പിച്ചിരിക്കുന്നത്. എത്രയൊക്കെ പ്രശ്‌നങ്ങൾ സംഭവിച്ചാലും പ്രതീക്ഷയുടെ ഒരു കണം മുന്നിലുണ്ടാകുമെന്നും ചിത്രം പറയാൻ ശ്രമിക്കുന്നുണ്ട്. യാതനകളോട് പൊരുതിക്കൊണ്ടിരുന്നാലും വിജയം അകലെയല്ലെന്നും 'ഷാഡോ ബോക്‌സ്' അടിവരയിടുന്നു.
Content Highlights: Explore `Shadow Box`, a Bengali film depicting the struggle for survival and the fight against life`s hardships. A powerful portrayal of human resilience.