Nellikkampoyil Night Riders Review | പ്രണയത്തിനും പേടിക്കുമിടയിലെ കിടിലന്‍ സിനിമാറ്റിക് അനുഭവം

പ്രതീകാത്മക ചിത്രം | Photo: Instagram/ Nellikkampoyil Night Riders
പ്രതീകാത്മക ചിത്രം | Photo: Instagram/ Nellikkampoyil Night Riders

മിത്തും ഹൊററും മേമ്പൊടിക്ക് ചിരിയും ചേര്‍ന്ന കിടിലന്‍ സിനിമാറ്റിക് എക്‌സ്പീരിയന്‍സ്‌- മാത്യു തോമസ് നായകനായി നൗഫല്‍ അബ്ദുള്ള സംവിധാനംചെയ്ത 'നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്‌സി'നെ ഇങ്ങനെ വിശേഷിപ്പിക്കാം. കേരളാ- തമിഴ്‌നാട് അതിര്‍ത്തിയിലെ സാങ്കല്‍പ്പിക ഗ്രാമവും അവിടെ നടക്കുന്ന പേടിപ്പെടുത്തുന്ന ചില സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പരിചിതമായ മിത്തിനെ ഫാന്റസിയും യാഥാര്‍ഥ്യവും ചേര്‍ത്ത് മികച്ച മേക്കിങ്ങിലൂടെ അവതരിപ്പിക്കുകയാണ് ചിത്രം.

‘അനുരാഗ കരിക്കിന്‍വെള്ളം’, ‘ദ ഗ്രേറ്റ് ഫാദര്‍’, ‘സുഡാനി ഫ്രം നൈജീരിയ’, ‘കെട്ടിയോളാണ് എന്റെ മാലാഖ’, ‘കപ്പേള’, ‘സുലൈഖ മന്‍സില്‍’, ‘ജാനകി ജാനേ’ എന്നീ ചിത്രങ്ങളുടെ എഡിറ്റര്‍ എന്ന നിലയില്‍ ശ്രദ്ധേയനായ നൗഫല്‍ അബ്ദുള്ള സ്വതന്ത്രസംവിധായകനായ ആദ്യചിത്രമാണ് 'നെല്ലിക്കാംപൊയില്‍ നൈറ്റ്‌റൈഡേഴ്‌സ്'. മാത്യു തോമസ് നായകനായ ചിത്രത്തില്‍ ആവേശത്തിലൂടെ ശ്രദ്ധേയനായ റോഷന്‍ ഷാനവാസ്, ശരത് സഭ എന്നിവര്‍ മുഴുനീള വേഷങ്ങള്‍ ചെയ്തിരിക്കുന്നു. മീനാക്ഷി ഉണ്ണികൃഷ്ണന്‍ നായികയായ ചിത്രത്തില്‍ ഡോ. റോണി ഡേവിഡ് രാജ്, അബു സലിം, മെറിന്‍ ഫിലിപ്പ് എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മംഗളൂരുവില്‍ എന്‍ജിനിയറിങ് പഠിക്കുന്ന നെല്ലിക്കാംപൊയില്‍ ഗ്രാമത്തിലെ യുവാവായ ശ്യാം എന്ന കഥാപാത്രത്തെയാണ് മാത്യു തോമസ് അവതരിപ്പിക്കുന്നത്. ശ്യാമിന്റെ അടുത്ത കൂട്ടുകാരായ കണ്ണന്‍, രാജേഷ് എന്നീ വേഷങ്ങളിലാണ് റോഷനും ശരത് സഭയും എത്തുന്നത്. മീനാക്ഷി ശ്യാമിന്റെ കാമുകി കഥാപാത്രമായ ധന്യയായി എത്തുന്നു.

ഫാന്റസിയും യാഥാര്‍ഥ്യവും ഇടകലര്‍ന്ന കുട്ടിക്കാലത്തെ ഒരു സംഭവം ശ്യാമിന് ഇരുട്ടിനോട് പേടിയുണ്ടാക്കുന്നു. മെറിന്‍ ഫിലിപ്പ് അവതരിപ്പിക്കുന്ന, ചോതി ചേച്ചി എന്ന് ശ്യാം വിളിക്കുന്ന കഥാപാത്രത്തിന്റെ മരണമാണ്‌ ശ്യാമിന് ജീവിതകാലം മുഴുവന്‍ ട്രോമയായി മാറുന്നത്‌. യുവാവായ ശ്യാമിന് മുന്നില്‍ കാമുകിയായ ധന്യ ഒരു ‘അവസരം’ വെച്ചുനീട്ടുന്നു. എന്നാല്‍, ഇരുട്ടിനോടുള്ള പേടി ശ്യാമിനെ പിന്തിരിപ്പിക്കുന്നു. ഇതേസമയത്താണ് നാടിനെ വിറപ്പിക്കുന്ന ഒരുസംഭവം മിത്തുകളെ മുറുകെപ്പിടിക്കുന്ന നെല്ലിക്കാംപൊയിലില്‍ നടക്കുന്നത്. പ്രണയത്തിനും ഭയത്തിനും ഇടയില്‍പ്പെട്ടുപോയ ശ്യാമിനിത് കൂനിന്മേല്‍ക്കുരുവാവുന്നു. നാടിനെ വിഴുങ്ങിയ നിഗൂഢത ഒരുഘട്ടത്തില്‍ ശ്യാമിന്റേയും സുഹൃത്തുക്കളുടേയും വ്യക്തിപരമായ പ്രശ്‌നമായി മാറുന്നു. ഇതില്‍നിന്ന് പുറത്തുകടക്കാന്‍ ശ്യാമും സുഹൃത്തുക്കളും നെല്ലിക്കാംപൊയില്‍ ഗ്രാമവും നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ചിരിയില്‍പ്പൊതിഞ്ഞാണ് 'നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്‌സ്' കഥ പറയുന്നത്. ശ്യാമും ധന്യയും തമ്മിലെ പ്രണയവും അതിന്റെ വികാസവും മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ചിരിയുയര്‍ത്താനുള്ള ശ്രമങ്ങള്‍ ചിലയിടങ്ങളിലെങ്കിലും പാളുന്നുണ്ട്. എല്ലാകഥാപാത്രങ്ങളും അവരുടെ പരമാവധി ഓരോ സീനിനും നല്‍കുന്നുണ്ട്. വാസപ്പന്‍ എന്ന എക്‌സ് മിലിറ്ററി കഥാപാത്രമായാണ് അബു സലിം എത്തുന്നത്. കുട്ടപ്പന്‍ എന്ന കഥാപാത്രത്തെ റോണി ഡേവിഡ് രാജും അവതരിപ്പിക്കുന്നു. വ്യത്യസ്തമായ ഗെറ്റപ്പില്‍ എത്തിയ ഇരുവരും കൈയടി അര്‍ഹിക്കുന്നുണ്ട്. ജാഫര്‍ സാദിഖ് ആണ് വില്ലനായി എത്തുന്നത്. കഥാപാത്രത്തെ അവതരിപ്പിച്ച ആള്‍ക്കൊപ്പം തന്നെ ഡ്യൂപ്പിനും ചിത്രത്തില്‍ വലിയ പ്രധാന്യമാണുള്ളത്. അമല്‍ ദേവ് എം.കെയാണ്‌ വില്ലന്റെ ഡ്യൂപ്പായി എത്തുന്നത്. എസ്‌ഐ പുഷ്പരാജായി എത്തിയ വിഷ്ണു അഗസ്ത്യ, ചൈത്ര പ്രവീണ്‍, രഞ്ജി കാങ്കോല്‍, പ്രേമലത, നസീര്‍ സംക്രാന്തി, നൗഷാദ് ബോംബെ എന്നിവരും തങ്ങളും ഭാഗങ്ങള്‍ മികച്ചതാക്കുന്നു.

അടിസ്ഥാന പ്രമേയമാണ് ചിത്രത്തിന്റെ ശക്തി. മലയാളികള്‍ക്ക് പരിചിതമായ, പലപ്പോഴും വലിയ ചിത്രങ്ങളില്‍ തന്നെ അവതരിപ്പിക്കപ്പെട്ട മിത്തുകള്‍ക്ക് മുകളിലാണ് തിരക്കഥ കെട്ടിപ്പൊക്കിയിരിക്കുന്നത്. പലപ്പോഴും പ്രവചനീയമാണെങ്കിലും മേക്കിങ്ങിലെ ക്വാളിറ്റി മറ്റ് പോരായ്മകളെ മറികടക്കുന്നു. പേടിപ്പിക്കേണ്ടിടത്ത് പേടിപ്പിച്ചും ചിരിപ്പിക്കേണ്ടിടത്ത് ചിരിപ്പിച്ചുമാണ് ചിത്രം മുന്നേറുന്നത്. സംവിധായകനെന്ന നിലയിലെ ആദ്യസംരംഭം നൗഫല്‍ അബ്ദുള്ള മികച്ചതായി. ജ്യോതിഷ് എം, സുനു എ.വി. എന്നിവര്‍ ചേര്‍ന്ന് എഴുതിയ ചിത്രം നിര്‍മിച്ചിരിക്കുന്നത് അബ്ബാസ് തിരുനാവായ, സജിന്‍ അലി, ഹംസ തിരുനാവായ എന്നിവരാണ്‌.

ചിത്രം കംപ്ലീറ്റ് സിനിമാറ്റിക് എക്‌സ്പീരിയന്‍സ് ആക്കി തീര്‍ക്കുന്നതില്‍ അണിയറപ്രവര്‍ത്തകര്‍ എല്ലാവരുടേയും ശ്രമങ്ങള്‍ മികച്ച കൈയടി അര്‍ഹിക്കുന്നുണ്ട്. സംവിധായകന്‍ തന്നെയാണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. അഭിലാഷ് ശങ്കറിന്റെ ക്യാമയും വിക്കിയുടെ സൗണ്ട് മിക്‌സിങ്ങും ചിത്രത്തിന് പൂര്‍ണ്ണത നല്‍കുന്നു. യാക്‌സന്‍ ഗാരി പെരേര, നേഹ എസ്. നായര്‍ എന്നിവരുടെ സംഗീതവും പശ്ചാത്തല സംഗീതവും പ്രത്യേക പ്രശംസയര്‍ഹിക്കുന്നുണ്ട്. ചിത്രത്തിലുടനീളം ഹൊറര്‍- ഫാന്റസി മൂഡ് നിലനിര്‍ത്തുന്നത് ഇരുവരുടേയും പശ്ചാത്തലസംഗീതമാണ്. വിനായക് ശശികുമാര്‍, മനു മഞ്ജിത്ത്, കിങ് ഒരേഖ്, ഗബ്രി, ഡോപ് ഡാഡ്ഡി എന്നിവരുടേതാണ് വരികള്‍. വേടന്റെ റാപ്പും ചിത്രത്തിലുണ്ട്. കലൈ കിങ്‌സണ്‍ സംഘട്ടനം ഒരുക്കിയിരിക്കുന്നു. വില്ലന്‍ കഥാപാത്രത്തിന്റെ വ്യക്തിത്വം നിലനിര്‍ത്തുന്നത് കലൈ കിങ്‌സണിന്റെ സംഘട്ടന രംഗങ്ങളാണ്. തനിക്ക് കോമഡി റോളുകള്‍ മാത്രമല്ല, ആക്ഷന്‍ ഹീറോയായും തിളങ്ങാന്‍ കഴിയുമെന്ന് മാത്യൂസും തെളിയിക്കുന്നു.

ശബ്ദലേഖനം നിര്‍വഹിച്ച എം.ആര്‍. രാജാകൃഷ്ണന്‍, വസ്ത്രാലങ്കാരമൊരുക്കിയ മെല്‍വി ജെ, മേക്കപ്പ് വിഭാഗം കൈകാര്യംചെയ്ത റോണക്‌സ് സേവ്യര്‍, വിഎഫ്എക്‌സ് ഒരുക്കിയ പിക്‌റ്റോറിയല്‍ എഫ്എക്‌സ്, കലാസംവിധായകന്‍ നവാബ് അബ്ദുള്ള എന്നിവര്‍ ചിത്രത്തിന്റെ നട്ടെല്ലാണ്. മിത്തും ഫാന്റസിയും ഹൊററും റിയാലിറ്റിയും പെര്‍ഫെക്ട് മിക്‌സില്‍ അവതരിപ്പിക്കുന്ന ചിത്രം മികച്ച അനുഭവമാണ് പ്രേക്ഷകന് തീയേറ്ററില്‍ സമ്മാനിക്കുന്നത്.

Content Highlights: Nellikkampoyil Night Riders Movie Review