സിനിമയ്ക്കുള്ളിലെ സിനിമയാണ്, പക്ഷേ ഇതുവരെ കണ്ട പോലെയല്ല | Mollywood Times Review

മലയാള സിനിമ അതുവരെ കണ്ടുപരിചയിച്ചിട്ടില്ലാത്ത ചിത്രമായിരുന്നു 2022-ൽ പുറത്തിറങ്ങിയ മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്. പലരുടേയും 'കപ്പ് ഓഫ് ടീ' അല്ലാതിരുന്നിട്ടും ഡാർക്ക് ഹ്യൂമർ ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗം പ്രേക്ഷകർ സിനിമയെ വലിയ വിജയമാക്കിത്തീർത്തു. അതിനാൽ തന്നെ മുകുന്ദനുണ്ണിയുടെ സംവിധായകൻ അഭിനവ് സുന്ദർ നായകിന്റെ അടുത്ത ചിത്രത്തേയും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. തന്റെ സക്‌സസ് ട്രിലോജിയിൽ മുകുന്ദനുണ്ണി അസോസിയേറ്റ്‌സിന് ശേഷം രണ്ടാമതെത്തുന്ന സിനിമയാണ് മോളിവുഡ് ടൈംസ് എന്ന സംവിധായകന്റെ പ്രഖ്യാപനം കൂടിയെത്തിയതോടെ പ്രതീക്ഷ ആവേശത്തിന് വഴിമാറി.
ആ പ്രതീക്ഷ നിലനിർത്തുന്ന ചിത്രം തന്നെയാണ് നസ്‌ലെൻ ഗഫൂർ പ്രധാനവേഷത്തിലെത്തുന്ന മോളിവുഡ് ടൈംസ്. കഥയും പശ്ചാത്തലവുമെല്ലാം തീർത്തും വ്യത്യസ്തമാണെങ്കിലും മുകുന്ദനുണ്ണിയുടെ അതേ പാറ്റേണിലാണ് ചിത്രം മുന്നോട്ടുപോകുന്നത്. മുൻ ചിത്രം പോലെ പ്രധാനകഥാപാത്രമായ വിനീത് മാധവന്റെ മൈൻഡ് വോയിസിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ഒപ്പം ഡാർക്ക് ഹ്യൂമറുകളാലും സമ്പന്നമാണ് ചിത്രം.
മലയാള സിനിമാലോകത്ത് ക്യാമറയ്ക്ക് പിന്നിൽ നടക്കുന്ന പല മോശം പ്രവണതകളുമാണ് ചിത്രം വരച്ചുകാട്ടുന്നത്. ചിരിച്ച മുഖങ്ങൾക്ക് പിന്നിലെ ചതിയും വഞ്ചനയുമെല്ലാം ചിത്രം കൃത്യമായി പറയുന്നു. കുട്ടിക്കാലം മുതൽ സിനിമ പാഷനായി കൊണ്ടുനടക്കുന്ന വിനീത് മാധവൻ നേരിടുന്ന പ്രതിസന്ധികളും അതെല്ലാം അയാളെ ഏത് തരത്തിലാണ് മാറ്റിമറിക്കുന്നത് എന്നുമെല്ലാം ചിത്രം രസകരമായി കാണിക്കുന്നു. ആ തരത്തിൽ കമിങ് ഓഫ് ഏജ് ചിത്രം കൂടിയാണ് മോളിവുഡ് ടൈംസ്.
നസ്‌ലെൻ ഉൾപ്പെടെയുള്ള താരങ്ങളുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. സംഗീത് പ്രതാപ്, ഗോപികാ രമേഷ്, ഷറഫുദ്ദീൻ, അൽത്താഫ് സലിം, റോഷൻ ഷാനവാസ്, രാജേഷ് മാധവൻ, പ്രശാന്ത് അലക്‌സാണ്ടർ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ഇവർക്ക് പുറമെ അതിഥി താരങ്ങളായും ഒരുപിടി അഭിനേതാക്കൾ മോളിവുഡ് ടൈംസിൽ എത്തുന്നുണ്ട്. ഇതുവരെ ചെയ്ത സ്ഥിരം വേഷങ്ങളിൽ നിന്ന് മാറി വളരെ വ്യത്യസ്തമായ കഥാപാത്രമാണ് നസ്‌ലെന്റെ വിനീത് മാധവൻ.
ജാതിസംവരണത്തോട് സമൂഹത്തിന് പൊതുവേയുള്ള ധാരണകളേയും സിനിമ സ്പർശിച്ച് പോകുന്നുണ്ട്. സംവരണത്തോടും അതിന്റെ പേരിൽ സംവരണവിഭാഗത്തിൽ പെട്ടവരോടുമുള്ള പൊതുമനോഭാവം എത്രത്തോളം അസംബന്ധമാണെന്ന് ചൂണ്ടിക്കാട്ടുന്ന സൂക്ഷ്മ രാഷ്ട്രീയം പറയുന്ന ലെയർ കൂടി ചിത്രത്തിലുണ്ട്. സിനിമയുൾപ്പെടെ ഏത് മേഖലയിലാണെങ്കിലും ജാതിയെ കുടഞ്ഞെറിയുക ഏതാണ്ട് അസാധ്യമാണെന്ന സന്ദേശം ചിത്രത്തിൽ നിന്ന് വായിച്ചെടുക്കാം.
കമിങ് ഓഫ് ഏജ് ചിത്രമായതിനാൽ തന്നെ എൺപതുകളിലും തൊണ്ണൂറുകളിലും ജനിച്ച 'കുട്ടികളി'ൽ ചിത്രം നൊസ്റ്റാൾജിയ ഉണർത്തുന്നുണ്ട്. വീഡിയോ കാസറ്റ്, കാസറ്റ് കട, കാസറ്റ് പ്ലയർ, സിഡി, സിഡി കട, കാംകോഡർ, അക്കാലത്തെ ടെലിവിഷൻ, മൊബൈൽ ഫോൺ, സോണി വയോ ലാപ്‌ടോപ്പ് തുടങ്ങി ഒട്ടേറെ നൊസ്റ്റു ഒബ്ജക്ടുകൾ ചിത്രത്തിലുണ്ട്. ഇതിന് പുറമെ ഓർക്കുട്ട്, ഫേസ്ബുക്കിന്റെ ആദ്യകാല രൂപം, മൈ ഡിയർ കുട്ടിച്ചാത്തൻ 3ഡിയുടെ അന്നത്തെ റീറിലീസ് തുടങ്ങിയവയുമുണ്ട്. ഇതിനെല്ലാം പുറമെ സിനിമാപ്രേമികൾ ഒരിക്കലും മറക്കാത്ത ഡിടിഎസ് സൗണ്ടിന്റെ ഇൻട്രോ വീഡിയോയും ഒരിക്കൽ കൂടെ ബിഗ് സ്‌ക്രീനിലെത്തുന്നുണ്ട്.
സിനിമയുടെ സാങ്കേതികവിഭാഗവും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. ജേക്ക്‌സ് ബിജോയ് ഒരുക്കിയ റാപ്പ് സോങ്ങുകളും ബിജിഎമ്മുമെല്ലാം മികച്ചുനിൽക്കുന്നതാണ്. നസ്‌ലെന്റെ സിനിമാ കരിയറിലെ നാഴികക്കല്ലെന്നോ വഴിത്തിരിവെന്നോ വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ഇത്. അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറി പോലും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. രണ്ടേമുക്കാൽ മണിക്കൂറോളമാണ് ചിത്രത്തിന്റെ ദൈർഘ്യം. സ്ലോ പേസിലാണ് മുന്നേറുന്നതെങ്കിലും എൻഗേജ് ചെയ്ത് തിയേറ്ററിൽ തന്നെ കാണാവുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്.
Content Highlights: Director Abhinav Sunder Nayak follows up 'Mukundan Unni Associates' with his second dark-comedy venture, 'Mollywood Times'. Starring Naslen Gafoor, the film explores the dark underbelly of cinema while weaving in sharp social commentary and a heavy dose of 80s and 90s nostalgia.