കാടിറങ്ങുന്ന വന്യജീവികളും കാടുകയറുന്ന മനുഷ്യമൃഗങ്ങളും; ചെറുത്തുനിൽപ്പിന്റെ 'ലർക്ക്'

#അരുൺ മധുസൂദനൻ
ലർക്ക് എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്
ലർക്ക് എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്

കാടിറങ്ങുന്ന വന്യജീവികൾ മനഷ്യജീവിതത്തെ ദുസ്സഹമാക്കുന്ന സംഭവങ്ങൾ കേരളത്തിൽ പതിവുവാർത്തകളാണ്. കാടിനോട് ചേർന്ന് ജീവിക്കുന്ന ഒട്ടേറെ സാധാരണക്കാർക്കാണ് ജീവൻ നഷ്ടമാവുകയും അംഗവൈകല്യം സംഭവിക്കുകയും ചെയ്തിട്ടുള്ളത്. അങ്ങനെ മലയാളികൾക്ക് സുപരിചതമായ സാമൂഹികപ്രശ്‌നത്തിന്റെ പശ്ചാത്തലത്തിൽ അരികുവത്കരിക്കപ്പെടുന്ന ജനവിഭാഗം എന്നും നേരിടേണ്ടിവരുന്ന മറ്റൊരു കടന്നുകയറ്റത്തിന്റെ കഥ പറയുന്ന ചിത്രമാണ് 'ലർക്ക്'. എം.എ. നിഷാദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം സാമൂഹികപ്രശ്‌നങ്ങളെ മൂർച്ചയോടെയാണ് അവതരിപ്പിക്കുന്നത്.

കേരള ടാക്കീസിന്റെ ബാനറിൽ നിർമിക്കപ്പെട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ജുബിൻ ജേക്കബ് ആണ്. ആർ. ഹരികുമാർ അവതരിപ്പിക്കുന്ന ചിത്രത്തിൽ എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, ബ്രിക് സ്ട്രീറ്റ് ആൻഡ് കോ, സെൻസ് അഡ്വഞ്ചർ ടൂർസ്, അരുൺ കുമാർ ടി.വി, മനോജ് രത്‌നാകർ എന്നിവർ സഹനിർമാതാക്കളാണ്. രജീഷ് രാമൻ ഛായാഗ്രഹണവും വിപിൻ മണ്ണൂർ എഡിറ്റിങ്ങും നിർവഹിക്കുന്നു. സംഗീതം മിനീഷ് തമ്പാനും പശ്ചാത്തല സംഗീതം പ്രകാശ് അലക്‌സും ഒരുക്കിയിരിക്കുന്നു.

ഇടുക്കിയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. കുട്ടിക്കാനം, വാഗമൺ പ്രദേശങ്ങളിലായിരുന്നു ചിത്രീകരണം. വനത്തോട് ചേർന്ന് ജീവിക്കുന്ന തദ്ദേശീയർക്ക് നിരന്തരം വന്യമൃഗശല്യം നേരിടേണ്ടി വരുന്നു. ഇതിന് പരിഹാരം കാണാൻ സർക്കാർ പദ്ധതിയിടുന്നു. വന്യജീവികളെ തളയ്ക്കാൻ വരുന്ന ഷൂട്ടർ പിന്നീട് നാട്ടുകാർക്ക് മറ്റൊരു ശല്യമായി മാറുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പ്രകൃതിയുടെ പരീക്ഷണങ്ങളും മനുഷ്യന്റെ ആസക്തിയും ചേർന്ന് ജീവിതങ്ങൾ നശിപ്പിക്കുന്നതിനിടെയിലേക്ക് മുതലെടുപ്പുമായി മറ്റൊരു സംഘവും എത്തുന്നു. ഇവരോടെല്ലാം തദ്ദേശീയർ പോരാടുന്നു. അവരുടെ വിജയം പോലും നിയമവിരുദ്ധമാകുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്.

സംവിധായകൻ എം.എ. നിഷാദ് തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജയറാം കല്യാണരാമൻ എന്ന വെറ്ററിനറി സർജന്റെ വേഷമാണ് നിഷാദ് അവതരിപ്പിക്കുന്നത്. വനം മന്ത്രിയുടെ വേഷത്തിൽ സൈജു കുറുപ്പും അലോഷ്യസ് ആന്റണി എന്ന സർക്കാർ ഉദ്യോഗസ്ഥന്റെ വേഷം അജു വർഗീസും കൈകാര്യം ചെയ്യുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരായി പ്രശാന്ത് അലക്‌സാണ്ടർ, ബിജു സോപാനം എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. കാടിനോട് ചേർന്ന് ജീവിക്കുന്ന യൂസഫ് എന്ന കഥാപാത്രത്തെയാണ് മുതിർന്ന നടൻ ടി.ജി. രവി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വിനയൻ എന്ന മാവോയിസ്റ്റ് പശ്ചാത്തലമുള്ള കഥാപാത്രമായി സുധീർ കരമന എത്തുന്നു. ജാഫർ ഇടുക്കി, മഞ്ജു പിള്ള, മുത്തുമണി, പ്രശാന്ത് മുരളി, സോഹൻ സീനുലാൽ, കുമാർ സുനിൽ, അനുമോൾ, വിനോദ് കെടാമംഗലം, സരിത കുക്കു, നീതാ മനോജ്, ബിന്ദു പ്രദീപ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്രധാന കഥാപാത്രമായി നിഷാദിന്റേത് ഭേദപ്പെട്ട പ്രകടനമാണ്. അജു വർഗീസും സൈജു കുറുപ്പും ഇരുവർക്കും സഹജമായ അനായാസതയോടെ വേഷങ്ങൾ അവതരിപ്പിക്കുന്നു. ടി.ജി. രവിയുടേതാണ് ചിത്രത്തിൽ എടുത്തുപറയേണ്ട പ്രകടനങ്ങളിൽ ഒന്ന്. ഗൗരവം നിറഞ്ഞ കഥാപാത്രത്തെ ആഴത്തിൽ അദ്ദേഹം അഭിനയിച്ച് പ്രതിഫലിപ്പിക്കുന്നു. ചിത്രത്തിൽ പ്രധാന ഭാഗത്ത് വൈകാരികമായ സന്ദർഭത്തിൽ ടി.ജി. രവിയുടെ പ്രകടനം പ്രേക്ഷകന്റെ ഉള്ളുലയ്ക്കുന്നതാണ്.

ഇടുക്കിയുടെ ഭംഗി ചിത്രത്തിന്റെ കഥപറച്ചിലിന് അനുയോജ്യമാംവിധം ഒപ്പിയെടുക്കുന്നതിൽ രജീഷ് രാമൻ വിജയിച്ചിരിക്കുന്നു. വിപിന്റെ ചിത്രസംയോജനം പ്രേക്ഷകനെ ചിത്രത്തിൽ പിടിച്ചുനിർത്തുന്നു. സമകാലികമായ സംഭവങ്ങളെ എന്നും പ്രസക്തമായ വിഷയവുമായി കൂട്ടിച്ചേർത്ത് തിരക്കഥയൊരുക്കിയ ജുബിൻ ജേക്കബും പ്രശംസ അർഹിക്കുന്നു. ചിത്രത്തിൽ ഒരു ഗാനമാണുള്ളത്. മിനീഷ് തമ്പാന്റെ ഈണത്തിന് മികച്ച വരികളാണ് മനു മഞ്ജിത്ത് സംഭാവന ചെയ്തിരിക്കുന്നത്. പ്രകാശ് അലക്‌സിന്റെ പശ്ചാത്തലസംഗീതമാണ് ചിത്രത്തെ സംബന്ധിച്ച ഏറ്റവും വലിയ പോസിറ്റീവ്.

Content Highlights: Directed by M.A. Nishad and scripted by Jubin Jacob, Lurk is a socially relevant film set against the backdrop of human-wildlife conflicts in Idukki. The plot revolves around indigenous people living near forest borders who face existential threats from both wild animals and human greed. M.A. Nishad leads the cast as a veterinary surgeon alongside notable performances from Saiju Kurup, Aju Varghese, and a standout emotional portrayal by veteran actor T.G. Ravi. Technical aspects like Rajeesh Raman's cinematography and Prakash Alex's impactful background score elevate the storytelling experience. Overall, the film effectively merges a contemporary social crisis with strong character arcs, highlighting the endless struggles of marginalized communities