കുടിയന്മാരുടെ പരക്കം പാച്ചിൽ; ലോക്ഡൗണിലെ തമാശകളുമായി 'കൊറോണ ധവാൻ' | REVIEW

ചിത്രത്തിന്റെ പോസ്റ്റർ
ചിത്രത്തിന്റെ പോസ്റ്റർ

കോവിഡ് ലോക്ഡൗൺ കാലം പെട്ടെന്നൊന്നും ജനങ്ങൾ മറക്കാനിടയില്ല, പ്രത്യേകിച്ച് മലയാളികൾ. ഭീതിയുടെ ആ കാലത്തെ പരോക്ഷമായും നേരിട്ടും പ്രതിപാദിക്കുന്ന ധാരാളം സിനിമകൾ വന്നു, ചിലത് വേദനിപ്പിച്ചപ്പോൾ ചിലത് ചിരിപ്പിച്ചു. അക്കൂട്ടത്തിലേയ്ക്ക് പൊട്ടിച്ചിരിപ്പിക്കാൻ ഒരു ചിത്രം കൂടി എത്തിയിരിക്കുകയാണ്,  സി. സി നിധിൻ സംവിധാനം ചെയ്ത 'കൊറോണ ധവാൻ'. 

'കൊറോണ ജവാൻ' എന്ന പേരിലാണ് പ്രഖ്യാപിച്ചതെങ്കിലും സെൻസർ ബോർഡിന്റെ ഇടപെടൽ ചിത്രത്തെ 'കൊറോണ ധവാൻ' ആക്കി. ടെെറ്റിൽ സൂചിപ്പിക്കും പോലെ മദ്യവും കൊറോണയും തന്നെയാണ് ചിത്രത്തിന്റെ പ്രമേയം. ലുക്മാനാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ആസിഫ് അലിയുടെ ശബ്ദശകലത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. 

തൃശ്ശൂർ പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ആനത്തടം ദേശത്ത് വെള്ളമടിയും കളിചിരികളുമായി നാടുചുറ്റിയിരുന്ന കുറച്ചാളുകൾക്കിടയിലേയ്ക്ക് കൊറോണ എത്തിയാൽ എങ്ങനെയുണ്ടാകുമെന്ന് നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തിൽ. അപ്രതീക്ഷിതമായി ലോക്ഡൗൺ വന്നതോടെ മദ്യം കിട്ടാത്ത കുടിയന്മാർ അസ്വസ്ഥരായി. പലകാരണങ്ങൾ കൊണ്ടും മദ്യം സ്വന്തമാക്കുക എന്നതായി ഇവരുടെ ലക്ഷ്യം. അക്കൂട്ടത്തിൽ തൊഴിൽ രഹിതരായ ചെറുപ്പക്കാരും വൃദ്ധന്മാരും ​​ഗൾഫുകാരും മുതലാളിമാരും ​ഗുണ്ടകളും മുതൽ എക്സെെസ് ഉദ്യോ​ഗസ്ഥൻ വരെ ഉൾപ്പെടുന്നു. 

ലുക്മാൻ അവതരിപ്പിക്കുന്ന ധവാൻ വിനു എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം പുരോ​ഗമിക്കുന്നത്. തൊഴിൽ രഹിതനും ധാരാളം പ്രശ്നങ്ങളുള്ള മദ്യപാനിയുടെ വേഷം ലുക്മാന്റെ കെെയിൽ ഭദ്രമായിരുന്നു. ശ്രുതി ജയനാണ് ചിത്രത്തിലെ നായിക. ശ്രീനാഥ് ഭാസി, ജോണി ആന്‍റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപാല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. അന്തരിച്ച നടൻ ഹരീഷ് പേങ്ങനും ചിത്രത്തിൽ നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

എക്സെെസ് ഇൻസ്പെക്ടറായ സത്യജിത്തായി വേഷമിട്ടിരിക്കുന്ന ജോണി ആന്റണി കെെയടി നേടുന്നുണ്ട്. മദ്യം കിട്ടാത്തതുകൊണ്ട് സാനിറ്റെെസർ പോലും കുടിക്കുന്ന പ്രശ്നക്കാരനായി വേഷമിട്ട ശ്രീനാഥ് ഭാസിയും പോലീസ് ഉദ്യോ​ഗസ്ഥനായ ഇർഷാദും തങ്ങളുടെ വേഷം ഭം​ഗിയാക്കി. 

ലോക്ഡൗൺ കാലത്ത് നാമെല്ലാം കേട്ടതും അറിഞ്ഞതുമായ ഒരുപാട് സംഭവങ്ങളെ രസകരമായി കോർത്തിണക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. കൊറോണക്കാലത്ത് മദ്യത്തിനായുള്ള ഒരു കൂട്ടം ആളുകളുടെ പരക്കംപാച്ചിലാണ് ചിത്രമെന്ന് പറയാം. ലോക്ഡൗൺ സമയത്ത് അളവിലുമധികം മദ്യം കെെവശമുള്ളയാൾ കാണിച്ചുകൂട്ടാൻ ഇടയുള്ള സംഭവങ്ങളും ചിത്രം ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചിട്ടുണ്ട്. പ്രണയവും പണത്തോടുള്ള ആർത്തിയുമെല്ലാം ചിത്രത്തിലെ കഥാപാത്രങ്ങളാകുന്നുണ്ട്. 

ഒരു മുഴു നീളന്‍ കോമഡി എന്‍റര്‍ടെയിനറായ ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സുജയ് മോഹന്‍രാജ് ആണ്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിച്ചത്. ജെനീഷ് ജയാനന്ദനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. അരുണ്‍ പുരയ്ക്കല്‍, വിനോദ് പ്രസന്നന്‍, റെജി മാത്യൂസ് എന്നിവരാണ് കോ പ്രൊഡ്യൂസര്‍മാര്‍. 

രസകരമായ പശ്ചാത്തലസം​ഗീതമാണ് ചിത്രത്തിലേത്. ‌സാഹചര്യത്തിന് അനുയോജ്യമായ മികച്ച പാട്ടുകളും ചിത്രത്തിലുണ്ട്. സിനിമയ്ക്ക് സംഗീതമൊരുക്കിയത് റിജോ ജോസഫും പശ്ചാത്തല സംഗീതം ബിബിന്‍ അശോകുമാണ്. അജീഷ് ആനന്ദാണ് എഡിറ്റിങ്. ജെയിംസ് & ജെറോം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്നാണ് 'കൊറോണ ധവാൻ' നിര്‍മ്മിച്ചിരിക്കുന്നത്.
 

Content Highlights: lukman sreenath bhasi in corona dhawan movie review