പുത്തൻ ദൃശ്യാനുഭവം ഒരുക്കുന്ന മുത്തശ്ശിക്കഥ | Kumari Review

കാഴ്ചക്കാരനെ ഭയത്തിന്റെയും ഉത്കണ്ഠയുടെയും ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ദൃശ്യവിസ്മയം, ഒറ്റവാചകത്തിൽ ഇതാണ് 'കുമാരി'. ഐശ്വര്യ ലക്ഷ്മിയാണ് ടെെറ്റിൽ കഥാപാത്രമായ കുമാരിയായി ചിത്രത്തിലെത്തുന്നത്. സ്റ്റെെലിഷ് മേക്കിങ് കൊണ്ട് പ്രത്യേക ഫാൻബേസുണ്ടാക്കിയ 'രണ'ത്തിന് ശേഷം നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നാടോടിക്കഥകളുടെയും കെട്ടുകഥകളുടെയും പശ്ചാത്തലത്തിൽ മികച്ച ഒരു ഹൊറർ ത്രില്ലർ ഒരുക്കിയിരിക്കുകയാണ് സംവിധായകൻ 'കുമാരി'യിലൂടെ.
ഒരു മുത്തശിക്കഥയിലൂടെയാണ് പ്രേക്ഷകനെ സംവിധായകൻ ശാപം പിടിച്ച കാഞ്ഞിരങ്ങാട്ട് എന്ന ഗ്രാമത്തിലേയ്ക്ക് എത്തിക്കുന്നത്. അവിടെ ദുഷ്ന്മാരായ, ദുരാഗ്രഹികളായ തമ്പുരാക്കന്മാരുണ്ട്. ഇവരുടെ ആജ്ഞാനുവർത്തികളായി കഴിയേണ്ടിവരുന്ന കുറെ പാവങ്ങളുണ്ട്. പിന്നെ യുക്തിക്കുമൊക്കെ അപ്പുറം ഭയപ്പെടുത്ത ചില മായക്കാഴ്ചകളും ശക്തികളും കൂട്ടിനുണ്ട്, ഇല്ലിമല ചാത്തനും ഗാരീ ദേവനും ഒക്കെ. ഈ നാട്ടിലേയ്ക്ക് കുമാരി എത്തുന്നതും അവളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന സംഭവങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
നിഗൂഢതകളിലൂടെ സഞ്ചരിക്കുന്ന ചിത്രം ഓരോ നിമിഷവും പ്രേക്ഷകനെ ഉദ്വേഗത്തിലാക്കുന്നുണ്ട്. കാഞ്ഞിരങ്ങാട്ട് എന്ന ഗ്രാമത്തിൽ എത്തിക്കഴിഞ്ഞാൽ കൺമുന്നിൽ തെളിയുന്നത് കാഴ്ചയുടെ പുത്തൻ അനുഭവമാണ്. ഭയം, അധികാര മോഹം, മാതൃസ്നേഹം തുടങ്ങിയ വികാരങ്ങളുലൂടെയെല്ലാം ചിത്രം സഞ്ചരിക്കുന്നുണ്ട്.
ഐശ്വര്യ ലക്ഷ്മിയുടെ അഭിനയജീവിതത്തിൽ 'കുമാരി'യിലെ കഥാപാത്രം ഒരു നാഴികക്കല്ലാകുമെന്ന് തീർച്ചയാണ്. അതിമനോഹരമായാണ് താരം ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കുമാരിയുടെ ഭർത്താവായ ധ്രുവനായി എത്തുന്ന ഷെെൻ ടോം ചാക്കോയും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. കഥയിലെ നെടുംതൂണുകളിലൊന്നായ കഥാപാത്രത്തിലൂടെ ഷെെൻ കെെയടി നേടുകയാണ്. താനൊരു പുരുഷനായിരുന്നുവെങ്കിൽ ഷൈൻ ടോം ചാക്കോ ചെയ്ത കഥാപാത്രത്തെ അവതരിപ്പിച്ചേനെയെന്ന് മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ പറഞ്ഞത് ധ്രുവൻ എന്ന കഥാപാത്രത്തിന്റെ പ്രാധാന്യത്തെ വിളിച്ചോതുന്നു.
ചിത്രത്തിൽ മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സുരഭി ലക്ഷ്മിയാണ്.. മലയാള സിനിമയിൽ കണ്ടുപരിചയമില്ലാത്ത രൂപഭാവമുള്ള കഥാപാത്രത്തെ മികച്ചതാക്കാൻ താരത്തിനായി. സ്വാസിക, തൻവി റാം, ജിജു ജോൺ, രാഹുൽ മാധവ്, സ്ഫടികം ജോർജ്, ശ്രുതി മേനോൻ എന്നിവരും തങ്ങൾക്ക് ലഭിച്ച കഥാപാത്രങ്ങൾ ഭദ്രമാക്കി.
കെട്ടുകഥയെന്നോ മുത്തശിക്കഥയെന്നോ വിളിക്കാവുന്ന പ്രമേയത്തെ കെട്ടുറപ്പുള്ള തിരക്കഥയിലൂടെയും ഗംഭീര മേക്കിങ്ങിലൂടെയും മികച്ചതാക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ജേക്ക്‌സ് ബിജോയ് ഒരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതവും കാലഘട്ടത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന കലാ സംവിധാനവും പുത്തൻ കാഴ്ചാനുഭവം സമ്മാനിക്കുന്ന എബ്രഹാം ജോസഫിന്റെ ഛായാഗ്രഹണവും ഒത്തുചേരുന്നതോടെ 'കുമാരി' കെെയടി നേടുകയാണ്.
ദി ഫ്രഷ് ലൈം സോഡാസിന്റെ ബാനറിൽ ജിജു ജോൺ, നിർമൽ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്‌സ് ബിജോയ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഐശ്വര്യാ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുലാ പിൻപല, ജിൻസ് വർഗീസ് എന്നിവരാണ് കുമാരിയുടെ സഹനിർമാണം. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് കേരളത്തിൽ ചിത്രം അവതരിപ്പിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തിയേറ്ററുകളിലെത്തിച്ചത്.
പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രം കുമാരി എന്ന നോവൽ വായിക്കുന്നതാണ് ചിത്രത്തിന്റെതായി പുറത്തുവന്ന ടീസറിലുള്ളത്. തന്നിലെ വായനക്കാരനെ പിടിച്ചിരുത്താൻ കഴിയുന്ന എന്തോ ഒരു മാന്ത്രികത ആ കഥയ്ക്കുണ്ടെന്ന് അയാൾ മനസിലാക്കുകയാണ്. പിന്നാലെ പതിയെ അയാൾ 'കുമാരി'യുടെ ലോകത്തിലേയ്ക്ക് വഴുതിവീഴുന്നു. ആ മാന്ത്രികത അനുഭവിച്ചറിയാനായി മികച്ച ശബ്ദവിന്യാസമുള്ള തിയേറ്ററിൽ നിന്നുതന്നെ 'കുമാരി' കണ്ട് ആസ്വദിക്കാം.
Content Highlights: kumari malayalam movie review