ഒരു വ്യക്തിയുടെ സ്വകാര്യതയെ വേറൊരാൾ ചോദ്യം ചെയ്യുമ്പോൾ | Kudukku 2025 Review

ബിലഹരിയുടെ സംവിധാനത്തിൽ കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത് ചെയ്ത ചിത്രമാണ് കുടുക്ക് 2025. പ്രമേയം കൊണ്ടും വളരെ സൂക്ഷ്മമായ കഥ പറച്ചിൽ കൊണ്ടും വ്യത്യസ്ത പുലർത്തുന്ന ഈ ചിത്രം പുതുമയുള്ള ഒരു സിനിമ അനുഭവം നൽകുന്നു. സ്വകാര്യത എന്നത് നമ്മൾ ഓരോരുത്തരും വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്ന ഒന്നാണ്.
നമ്മുടെ സ്വകാര്യതയെ ഒരാൾ ചോദ്യം ചെയ്യുമ്പോൾ, പിന്തുടരുമ്പോൾ എതൊക്കെ അവസ്ഥകളിലൂടെ നാം കടന്നുപോകേണ്ടി വരും എന്നിങ്ങനെയുള്ള ചില ചോദ്യങ്ങളും ഉത്തരവുമാണ് കുടുക്ക് പ്രേക്ഷകരുമായി സംവദിക്കുന്നത്.
സാങ്കേതികപരമായ സിനിമ ഉന്നത നിലവാരം പുലർത്തുന്നുണ്ട്. പുതിയ രീതിയിൽ ജംപ് കട്ടുകളിലൂടെ സിനിമ പറയുന്ന രീതി ശ്ലാഘനീയമാണ്. ബിലഹരി അതിൽ വിജയിച്ചു എന്ന് തന്നെ പറയാം. തെയ്തക, മാരൻ സോങ്ങുകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരുന്നു. സിനിമയുടെ അവസാനം തെയ്തക റീലുകളുടെ കൊളാഷ് കാണാം.
ഓരോ ആർട്ടിസ്റ്റുകളും തങ്ങളുടെ വേഷങ്ങൾ മികച്ചതാക്കിയിട്ടുണ്ട്. വരുൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റാം മോഹൻ വേറിട്ട് നിന്നു. പ്രേമത്തിലെ കോയയിൽ നിന്നു മാരനിലേക്ക് വരുമ്പോഴുള്ള കൃഷ്ണ ശങ്കറിന്റെ മാറ്റം അത്ഭുതകരമാണ്. ദുർഗ്ഗ കൃഷ്ണയുടെ ഏറ്റവും നല്ല പ്രകടനങ്ങളിൽ ഒന്നാണ് കുടുക്ക്. സ്വാസികയും, ഷൈനും കഥാപാത്രങ്ങളോട് നീതി പുലർത്തി.
സിനിമയുടെ പൊതുവെയുള്ള ആഖ്യാന രീതി കടുപ്പമേറിയതാണ്. ഒരു കഥയിൽ നിന്നും മറു കഥയിലേക്കുള്ള ട്രാൻസിഷൻ കുറച്ചു കൂടി ശ്രദ്ധിക്കാമായിരുന്നു. നായകൻ്റെ ഹീറോയിസത്തിൽ കൂടുതൽ ശ്രദ്ധിച്ചതും കഥകൾ ബാലൻസ് ചെയ്യാത്തതും മാരൻ കഥയിലെ അനാവശ്യ വലിച്ചു നീട്ടലുകളും ഒഴിവാക്കിയാൽ മികച്ച അനുഭവം തന്നെയാണ് കുടുക്ക്. തീയറ്ററുകളിൽ തന്നെ കാണേണ്ട സിനിമയാണ് കുടുക്ക്.
Content Highlights: kudukku 2025 movie review, krishna sankar, durga krishna