'ഖജുരാഹോ ഡ്രീംസ്'; യുവതാരനിര അണിനിരന്ന ഫണ്‍ എന്റര്‍ടെയ്‌നര്‍ | Review

#ശ്രീദേവി
ചിത്രത്തിൻെറ പോസ്റ്റർ
ചിത്രത്തിൻെറ പോസ്റ്റർ

ജീവിതം വിരസമാകുമ്പോള്‍ വ്യത്യസ്തമായ അനുഭവങ്ങള്‍ തേടുന്നവരെയും അപരിചിതമായ സ്ഥലങ്ങളിലേക്ക് യാത്ര പോകാന്‍ ആഗ്രഹിക്കുന്നവരെയും ആകര്‍ഷിക്കുന്ന സിനിമയാണ് ഗുഡ്ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ. നാസര്‍ നിര്‍മിച്ച് മനോജ് വാസുദേവ് സംവിധാനംചെയ്ത 'ഖജുരാഹോ ഡ്രീംസ്'.

കൊച്ചിയില്‍നിന്നും മധ്യപ്രദേശിലെ ഖജുരാഹോ എന്ന ഗ്രാമത്തിലേക്ക് ബൈക്കില്‍ യാത്ര പോകുന്ന അഞ്ച് ചെറുപ്പക്കാരുടെ കഥയാണിത്. സിനിമയിലുടനീളം അവര്‍ക്കൊപ്പം പ്രേക്ഷകരും യാത്ര ചെയ്യുന്നു.

സൗഹൃദവും പ്രണയവും, യാത്ര നല്‍കുന്ന പല അനുഭവങ്ങളുമെല്ലാം നിറഞ്ഞ ഒരു ഫണ്‍ എന്റര്‍ടെയ്‌നറാണ് 'ഖജുരാഹോ ഡ്രീംസ്'. പുരാതന രതിശില്‍പങ്ങളാല്‍ പ്രശസ്തമാണ് ഖജുരാഹോ. അവിടെയുള്ള ഗ്രാമത്തിലെ ഒരപൂര്‍വ ആചാരത്തെക്കുറിച്ച് കേട്ടറിഞ്ഞ് അവിടേക്ക് യാത്ര പുറപ്പെടുകയാണ് ചിത്രത്തിലെ സുഹൃത്തുക്കള്‍. വളരെ ലാഘവത്തോടെയാണ് അവര്‍ യാത്ര തുടങ്ങുന്നതെങ്കിലും ഖജുരാഹോയിലെത്തിയ ശേഷം സ്ഥിതി മാറുന്നു.

അര്‍ജുന്‍ അശോകന്‍, ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്‍, ധ്രുവന്‍, അതിദി രവി എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായ ഗൗതം, ഇഷാന്‍, ജോബ്, സൂര്യ, ലോല എന്നിവരെ അവതരിപ്പിച്ചത്. വ്യത്യസ്തമായ സംസ്‌കാരത്തില്‍ ജീവിക്കുന്നവര്‍ക്കൊപ്പം താമസിക്കേണ്ടി വരുന്ന സുഹൃദ്‌സംഘത്തെയും അവരുടെ രസകരമായ നിമിഷങ്ങളെയും മനോഹരമാക്കിയിട്ടുണ്ട് യുവതാരങ്ങള്‍.

പ്രത്യേകിച്ച് ലക്ഷ്യബോധമൊന്നുമില്ലാതിരുന്ന കഥയിലെ യുവാക്കള്‍, കഥ മുന്നോട്ടു പോകവെ ഗൗരവമേറിയ വിഷയങ്ങള്‍ കൈകാര്യംചെയ്യുന്നതായി കാണാം. സൗഹൃദ്ബന്ധത്തോടൊപ്പം, നഷ്ടമായ കുടുംബബന്ധങ്ങളെ തിരിച്ചുപിടിക്കുന്നതിനെക്കുറിച്ചും ഈ സിനിമ സംസാരിക്കുന്നുണ്ട്.

ഇന്ത്യയിലെ ഉള്‍ഗ്രാമങ്ങളിലെ ജീവിതത്തെ സിനിമയിലെ സാങ്കല്‍പിക ഗ്രാമത്തിലൂടെ പകര്‍ത്തിവെക്കുന്നുണ്ട് 'ഖജുരാഹോ ഡ്രീംസ്'. ഹിന്ദിയിലും മലയാളത്തിലും സംഭാഷണങ്ങളുള്ള ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് സേതുവാണ്.

ഗുഡ്ലൈന്‍ പ്രൊഡക്ഷന്‍സ് ത്രൂ ആശിര്‍വാദ് റിലീസ് ആണ് 'ഖജുരാഹോ ഡ്രീംസ്' പ്രദര്‍ശനത്തിനെത്തിച്ചത്. ചന്തുനാഥ്, ജോണി ആന്റണി, സോഹന്‍ സീനുലാല്‍, സാദിഖ്, വര്‍ഷാ വിശ്വനാഥ്, നൈന സര്‍വാര്‍, അമേയ മാത്യു, രക്ഷരാജ്, നസീര്‍ ഖാന്‍, അശോക് എന്നിവരും ചിത്രത്തിലുണ്ട്.

റോഡ് മൂവിയുടെ ആവേശം ചോരാതെയാണ് പ്രദീപ് നായരുടെ ഛായാഗ്രഹണം. കഥാസന്ദര്‍ഭത്തെ മനോഹരമാക്കുന്ന ഒരുപിടി നല്ല ഗാനങ്ങളും സിനിമയിലുണ്ട്.

Content Highlights: Experience the adventure of five friends on a bike trip from Kochi to Khajuraho. `Khajuraho Dreams` is a fun entertainer exploring friendship, love, and unexpected journeys.