ആട് പോരിന്റെ വീറും വാശിയും, പുതുമയുള്ള പ്രമേയം | ജോക്കി റിവ്യൂ

മഡ്ഡി എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ഡോ. പ്രഗഭൽ. ഓഫ് റോഡ് മഡ് റേസായിരുന്നു മഡ്ഡിയുടെ പ്രമേയം. ഇപ്പോൾ തന്റെ രണ്ടാമത്തെ ചിത്രത്തിലും പുതുമയുള്ള കാഴ്ചയാണ് പ്രഗഭൽ ഒരുക്കിയിരിക്കുന്നത്. ആടുകൾ തമ്മിലുള്ള പോരാട്ടമായ കെഡാ സണ്ടയാണ് ജോക്കി എന്ന ചിത്രത്തിന്റെ ആകർഷണം. ആദ്യചിത്രമായ മഡ്ഡി മലയാളത്തിലായിരുന്നെങ്കിൽ ജോക്കി അണിയിച്ചൊരുക്കിയിരിക്കുന്നത് തമിഴ്ചിത്രമായാണ്. പി.കെ. സെവൻ സ്റ്റുഡിയോസാണ് നിർമാണം.
മധുരൈയാണ് ജോക്കി എന്ന ചിത്രത്തിന്റെ പശ്ചാത്തലം. മധുരൈയുടെ നാട്ടിൻപുറ സംസ്കാരവും മനുഷ്യരുടെ ജീവിതവും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ അവതരണം. മധുരയിലെ പരമ്പരാഗതമായ ആട് പോരാട്ടം (കെഡാ സണ്ടൈ) എന്ന സാംസ്‌കാരിക കായിക ഇനത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. രണ്ട് കെഡാ സണ്ട ടീമുകളും അവരുടെ വാശിയുമെല്ലാമാണ് ജോക്കിയെ ആവേശഭരിതമാക്കുന്നത്. കെഡാ സണ്ടയെ കേന്ദ്രീകരിക്കുമ്പോഴും സംഘർഷവും പ്രണയവുമെല്ലാം ചിത്രത്തിൽ ഒഴുക്കിനൊപ്പം കടന്നു വരുന്നുണ്ട്.
മഡ്ഡി എന്ന ചിത്രത്തിലൂടെ ഡോ. പ്രഗഭൽ അവതരിപ്പിച്ച യുവൻ കൃഷ്ണ, റിദാൻ കൃഷ്ണാസ് എന്നിവർ നായകന്മാരായി വീണ്ടും എത്തുകയാണ്. പോർക്കളത്തിൽ കൊമ്പുകോർക്കാനൊരുങ്ങുന്ന മുട്ടനാടുകൾ എന്ന ആശയത്തിൽത്തന്നെയാണ് രണ്ട് നായകന്മാരെയും അവതരിപ്പിച്ചിരിക്കുന്നത്. നായികയായ അമ്മു അഭിരാമിയും കഥാപാത്രത്തോട് നീതി പുലർത്തി.
ശക്തി ബാലാജിയാണ് സംഗീത സംവിധാനം. ഛായാഗ്രഹണം ഉദയകുമാറും എഡിറ്റിങ് ശ്രീകാന്തും നിർവഹിക്കുന്നു. ക്രിയേറ്റീവ് പ്രൊഡ്യൂസറായി ആർ. പി. ബാലയും, പ്രൊഡക്ഷൻ കൺട്രോളറായി എസ്. ശിവകുമാറും പ്രവർത്തിക്കുന്നു. കലാസംവിധാനം: സി. ഉദയകുമാർ, ഓഡിയോഗ്രാഫി: എം. ആർ. രാജകൃഷ്ണൻ, സ്റ്റണ്ട് കൊറിയോഗ്രഫി: ജാക്കി പ്രഭു, വസ്ത്രാലങ്കാരം: ജോഷ്വ മാക്സ്വെൽ ജെ, മേക്കപ്പ്: പാണ്ട്യരാജൻ , കളറിസ്റ്റ് : രംഗ.
Content Highlights: JOCKEY Tamil Movie Review