'ഫീൽ ബെറ്റർ' ഫാന്റസി എന്റർടെയ്‌നർ; കോമഡിയിലെ വെറ്ററൻസിന്റെ ‘ടൈറ്റൻസ്’

'ടൈറ്റന്‍സ്' പോസ്റ്റര്‍ | Photo: Facebook/ Nerambokku
'ടൈറ്റന്‍സ്' പോസ്റ്റര്‍ | Photo: Facebook/ Nerambokku

'ആട്' ഫ്രാഞ്ചൈസിയിലൂടെ കോമഡിയിൽ തങ്ങൾ മലയാളത്തിലെ പ്രഥമഗണനീയരാണെന്ന് തെളിയിച്ച ഒരുകൂട്ടം താരങ്ങൾ. ഫാന്റസി സ്വഭാവമുള്ള കഥാതന്തു. ഇവ രണ്ടും സമം സമന്വയിക്കുമ്പോൾ പ്രേക്ഷകന് ലഭിക്കുന്ന സംതൃപ്തി നൽകുന്ന സിനിമാനുഭവം. അതാണ് ജയസൂര്യയെയും വിനായകനെയും പ്രധാന കഥാപാത്രങ്ങളായി പ്രിൻസ് ജോയ് സംവിധാനം ചെയ്ത 'ടൈറ്റൻസ്'.

ജീവിതം നന്നാവാൻ മോശം വഴികൾ മാത്രമേ മുന്നിലുള്ളൂ എന്ന് കരുതുന്ന ആന്റണി. അയാളിൽ എവിടെയെങ്കിലും ഒരുതരി നന്മ ബാക്കിയുണ്ടാവുമെന്ന് കരുതുന്ന- പലയിടത്ത്, പലകാലങ്ങളിൽ, പല പേരുള്ള- മറ്റൊരാൾ. ആന്റണിയെ നന്നാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏറെ പ്രത്യേകതകളുള്ള രണ്ടാമത്തെയാൾ എത്തിച്ചേരുന്നത്. ഒരിക്കലും വെളിപ്പെടാൻ സാധ്യതയില്ലാതിരുന്ന കാര്യങ്ങൾ തന്റെ മുന്നിൽ കെട്ടഴിയുമ്പോൾ ആന്റണിക്ക് എന്ത് സംഭവിക്കും? തിന്മകളിൽനിന്ന് നന്മയെക്കണ്ടെത്താനുള്ള രണ്ടാമത്തെയാളുടെ ശ്രമം വിജയിക്കുമോ? ഈ ചോദ്യങ്ങൾക്ക് രണ്ടുപേർ ചേർന്ന് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നതാണ് 'ടൈറ്റൻസി'ന്റെ പ്രമേയം.

സ്വന്തമായി പേരുണ്ടാക്കാൻ ശ്രമിക്കുന്ന ഗ്യാങ്സ്റ്റർ സംഘാംഗമായ ആന്റണി യക്കൂസ എന്ന കഥാപാത്രമായാണ് ജയസൂര്യ ചിത്രത്തിൽ എത്തുന്നത്. റെജിമോൻ എന്ന പേരിൽ അറിയപ്പെടുന്ന ഫാന്റസി സ്വഭാവമുള്ള കഥാപാത്രത്തെ വിനായകൻ അവതരിപ്പിക്കുന്നു. അൻവർ എന്ന ഹാക്കറായി നിഹാൽ നിസാം, ഗ്യാങ്സ്റ്റർ ആയ പീറ്റർ എന്ന കഥാപാത്രമായി ബേബി ജീൻ, ജി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇന്ദ്രൻസ്, ജിയുടെ 'ആജീവനാന്ത എതിരാളി'യുടെ വേഷത്തിൽ സണ്ണി വെയ്ൻ, സി.ഐ. വ്യാസനായി സുരേഷ് കൃഷ്ണ, സേവ്യർ ആയി മണികണ്ഠൻ ആചാരി, ഇവർക്ക് പുറമേ അമീൻ, ഗോകുലൻ, മനോഹരി ജോയ്, അപ്പുണ്ണി ശശി തുടങ്ങി ഒട്ടേറെപ്പേർ ചിത്രത്തിൽ ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

കോമഡി ട്രാക്കിലാണ് ചിത്രം കഥ പറയുന്നത്. ആട് പോലുള്ള ചിത്രങ്ങളിൽ കണ്ടതിന് സമാനമായ പ്രകടനമാണ് ജയസൂര്യയും വിനായകനും ഇന്ദ്രൻസും സണ്ണി വെയ്‌നും കോമഡി രംഗങ്ങളിൽ കാഴ്ചവെക്കുന്നത്. സംഭാഷണങ്ങളും സാഹചര്യങ്ങളുംകൊണ്ടുണ്ടാവുന്ന തമാശകളെ വിശ്വസനീയമായി, തന്റെ തനത് രീതിയിൽ ജയസൂര്യ അവതരിപ്പിക്കുന്നു. ഇതുവരെയുള്ളതിൽനിന്ന് വ്യത്യസ്തമായ വേഷമാണ് വിനായകന്റേത്. വെല്ലുവിളിയേറിയ കഥാപാത്രത്തെ വിനായകൻ നന്നായിത്തന്നെ കൈകാര്യം ചെയ്യുന്നുണ്ട്. നിഹാൽ നിസാം, ബേബി ജീൻ, ഇന്ദ്രൻസ്, സണ്ണി വെയ്ൻ എന്നിവരുടെ പ്രകടനം പതിവുപോലെ മികച്ചതാണ്. 'ഓടും കുതിര ചാടും കുതിര', 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' സിനിമകളുടേതിന് സമാനമായി കോമഡി റോളിൽ കൈയടക്കത്തോടെയുള്ള പ്രകടനമാണ് സി.ഐ. വ്യാസനായി സുരേഷ് കൃഷ്ണയുടേത്.

'അനുഗ്രഹീതൻ ആന്റണി' എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ പ്രിൻസ് ജോയ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജെയിംസ് സെബാസ്റ്റിയൻ രചന നിർവഹിച്ചിരിക്കുന്നു. വിഷ്ണു ശർമ ഛായാഗ്രാഹണവും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും. ഡോൺ വിൻസെന്റിന്റേതാണ് ഗാനങ്ങളും പശ്ചാത്തല സംഗീതവും. നേരമ്പോക്ക്, മാനുവൽ മൂവി മേക്കേഴ്‌സ്, അവനിർ ടെക് എന്നീ ബാനറുകളിൽ സംവിധായകൻ മിഥുൻ മാനുവൽ തോമസും ഇർഷാദ് ഹസനും, ബാബു ഏട്ടൻ ഫിലിംസിന്റെ ബാനറിൽ പ്രദീപ് സി.എസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിൽ കൈയടി അർഹിക്കുന്നത് വി.എഫ്.എക്‌സ്. വിഭാഗമാണ്. ഫാന്റസി സ്വഭാവമുള്ള കഥ നമ്മുടെ ചുറ്റുവട്ടത്തേക്കാണ് പറിച്ചുനട്ടിരിക്കുന്നത്. അതിനാൽ, വി.എഫ്.എക്‌സ് സ്വാഭാവികമായും വിശ്വസനീയമായി അവതരിപ്പിക്കുക എന്നത് ചിത്രത്തെ സംബന്ധിച്ച് വെല്ലുവിളിയേറിയതാണ്. അതിനെ മികച്ച രീതിയിൽ തന്നെ സംവിധായകനും വിശാഖ് ബാബുവിന്റെ നേതൃത്വത്തിലുള്ള വി.എഫ്.എക്‌സ്. ഡിപ്പാർട്‌മെന്റും മറികടക്കുന്നു.

നന്മയും തിന്മയും തമ്മിലെ പോരാട്ടം എന്ന, സിനിമകളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയത്തെ കോമഡിയുടെയും വൈകാരികതയുടെയും പിന്തുണയോടെ അവതരിപ്പിക്കുന്നതിൽ തിരക്കഥ വിജയിച്ചിരിക്കുന്നു. സ്പൂൺഫീഡിങ്ങുകൾ ഇല്ലെന്നത് തിരക്കഥയുടെ ശക്തിവർധിപ്പിക്കുന്ന ഘടകമാണ്. പലയിടത്തും വളരെ സൂക്ഷ്മമായി അവതരിപ്പിച്ചുപോവുന്ന ഘടകങ്ങളാണ് മറ്റുപലയിടത്തും വിശദീകരണങ്ങളായി തീരുന്നത്. ആദ്യ പകുതിയിൽ കോമഡി വർക്കൗട്ട് ആകുമ്പോൾ, രണ്ടാം ഭാഗത്ത് വൈകാരികതയാണ് പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്. വിഷ്ണു ശർമയുടെ ഛായാഗ്രഹണവും ഷമീർ മുഹമ്മദിന്റെ ചിത്രസംയോജനവും ചിത്രത്തിന്റെ മറ്റ് ന്യൂനതകളെ മറച്ചുപിടിക്കുന്ന ഘടകങ്ങളാണ്. ഡോൺ വിൻസന്റിന്റെ പാട്ടുകളും പശ്ചാത്തലസംഗീതവും ചിത്രത്തോട് ചേർന്ന് നിന്നുതന്നെ അതിനെ പുതിയ തലത്തിലേക്ക് ഉയർത്തുന്നു.

ആദ്യപകുതിയിൽ കോമഡി ട്രാക്കിലൂടെ സഞ്ചരിക്കുന്ന ചിത്രം ഇനിയെന്ത് എന്ന് പ്രേക്ഷകനിൽ ആകാംക്ഷ ഉണർത്തിയാണ് ഇടവേളയിലേക്ക് കടക്കുന്നത്. തുടക്കം മുതൽ വിനായകന്റെ കഥാപാത്രത്തെക്കുറിച്ച് പ്രേക്ഷകനുണ്ടാവുന്ന ഒരായിരം ചോദ്യങ്ങൾക്ക് ഇടവേളയോടെ പാതി ഉത്തരം ലഭിക്കുന്നു. ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകുന്ന രണ്ടാം പകുതികൂടെയാവുമ്പോൾ ചിത്രം പൂർണമാവുന്നു. മികച്ചൊരു സന്ദേശവും നൽകിയാണ് ചിത്രം അവസാനിക്കുന്നത്. കോമഡിയും ഫാന്റസിയും ത്രില്ലറും ഒരുപോലെ സമന്വയിക്കുന്ന ചിത്രം സമ്മർദങ്ങളില്ലാതെ തിയേറ്ററിൽ അനുഭവിക്കാവുന്ന മികച്ച എന്റർടെയ്‌നറാണ്.

Content Highlights: 'Titans', directed by Prince Joy, stars Jayasurya and Vinayakan in lead roles. The story revolves around Antony Yakuza (Jayasurya) and a fantasy character named Rejimon (Vinayakan). The film seamlessly blends comedy, fantasy, and emotional moments. Outstanding visual effects handled by Vishak Babu and technical work by cinematographer Vishnu Sharma and editor Shameer Muhammed. Music and background score are composed by Don Vincent.