സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളും ജീവിത സമരങ്ങളും | Freedom Fight Review

ചില വാക്കുകളുണ്ട്. തളര്‍ന്നിരിക്കുന്ന മനസിലും ശരീരത്തിലും തീപിടിക്കുന്ന അനുഭവം നല്‍കാന്‍ കെല്‍പ്പുള്ള വാക്കുകള്‍. സ്വാതന്ത്ര്യം അങ്ങനെയൊരു വാക്കാണ്. എന്തുകാര്യത്തിനാണ് ഒരാള്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നത്? ഒറ്റ ഉത്തരം നല്‍കി മടക്കാവുന്ന ചോദ്യമല്ല അത്. ചെറുതാകട്ടെ, വലുതാകട്ടെ. സ്വാതന്ത്ര്യം എന്ന ഈ ഒറ്റ വാക്കിന് പിന്നില്‍ മറഞ്ഞിരിക്കുന്ന ഒരുപാട് തലങ്ങളെ രണ്ടര മണിക്കൂറില്‍ അനാവരണം ചെയ്യുകയാണ് ജിയോ ബേബിയും കൂട്ടരും സ്വാതന്ത്ര്യ സമരം എന്ന ചിത്രത്തിലൂടെ.
അഞ്ച് ചിത്രങ്ങള്‍ അടങ്ങിയ ആന്തോളജിയാണ് സ്വാതന്ത്ര്യ സമരം. സോണി ലീവിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. പ്രമേയപരമായി യാതൊരു പരസ്പര ബന്ധവും അവകാശപ്പെടാനില്ലാത്ത ചിത്രങ്ങളുടെയെല്ലാം അടിസ്ഥാനം സ്വാതന്ത്ര്യം എന്ന അവകാശമാണ്. ഓരോരുത്തരും ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം എത്രമാത്രം വ്യത്യസ്തമാണ് എന്നാണ് അഞ്ച് ചിത്രങ്ങളും നമ്മോടുപറയുന്നത്.
അഞ്ച് സിനിമകളിലേയും കഥാപാത്രങ്ങള്‍ നമുക്ക് അന്യരല്ല. വീടിന്റെ വാതിലൊന്ന് തുറന്ന് പുറത്തേക്കിറങ്ങിയാല്‍ കണ്മുന്നില്‍ കാണാം സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ജീവിതങ്ങളെ. രജിഷാ വിജയന്‍ മുഖ്യവേഷത്തിലെത്തിയ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്ത ഗീതു അണ്‍ചെയിന്‍ഡ് എന്ന ചിത്രം പറയുന്നത് കല്യാണപ്രായമായ പെണ്‍കുട്ടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ചോദ്യങ്ങളാണ്. ഇഷ്ടമുള്ള വേഷം ധരിച്ച് ഒന്ന് ഓഫീസില്‍ പോവാനോ എതിര്‍പ്പുകള്‍ തുറന്നുപറയാനോ എന്തിന് സ്വന്തം വിവാഹത്തിന് ഒരഭിപ്രായം പറയാനോ പോലും സ്വാതന്ത്ര്യമില്ലാത്ത അനേകം പെണ്‍കുട്ടികളുടെ പ്രതിനിധിയാണ് ഗീതു. തങ്ങളുടെ ഇഷ്ടപ്രകാരമുള്ള ഒരു വിവാഹം നടത്തിയാല്‍ മകള്‍ ജീവിതകാലം മുഴുവന്‍ സന്തോഷമായി കഴിയുമെന്ന അച്ഛനമ്മമാരുടെ മിഥ്യാധാരണയ്ക്ക് നേരെയുള്ള സ്വാതന്ത്ര്യം പ്രഖ്യാപിക്കലാണ് ഗീതു അണ്‍ചെയിന്‍ഡ്.
മുട്ടുന്ന സമയത്ത് പിടിച്ചുവെയ്ക്കാതെ മൂത്രമൊഴിക്കാനുള്ള സ്ത്രീകളുടെ അവകാശത്തെക്കുറിച്ചാണ് കുഞ്ഞില മാസിലാമണി സംവിധാനം ചെയ്ത അസംഘടിതര്‍ എന്ന ചിത്രം പറയുന്നത്. പല വാണിജ്യ സ്ഥാപനങ്ങളിലും മണിക്കൂറുകളോളം നിന്ന് ജോലി ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍. അവര്‍ക്ക് ഒരു ശൗചാലയസൗകര്യം ഏര്‍പ്പെടുത്താനോ, അഥവാ ഉണ്ടെങ്കില്‍ത്തന്നെ ഉപയോഗിക്കാനോ ഈ സ്ഥാപനങ്ങള്‍ അനുവദിക്കാറില്ല. എല്ലാം ജോലി കഴിഞ്ഞിട്ട് എന്ന മട്ട്. ആ മനോഭാവത്തിനെതിരെയാണ് ചിത്രം സംസാരിക്കുന്നത്. കോഴിക്കോടാണ് കഥ നടക്കുന്നതെങ്കിലും സംസ്ഥാനത്തെ ഇതേ ജോലി ചെയ്യുന്ന ഒട്ടനവധി സ്ത്രീ തൊഴിലാളികളുടെ പ്രതിനിധികളാണ് ചിത്രത്തിലെ സ്ത്രീകഥാപാത്രങ്ങള്‍. തൊഴിലാളികള്‍ക്കുവേണ്ടി എന്ന് വീമ്പിളക്കുന്ന പ്രസ്ഥാനങ്ങളെയും വെള്ളാനകളാവുന്ന സര്‍ക്കാര്‍ പദ്ധതികളേയും കണക്കറ്റ് പരിഹസിക്കുന്നുണ്ട് ചിത്രം. കൂട്ടത്തില്‍ അല്പം ഡോക്യുമെന്ററി സ്വഭാവത്തിലൂടെ കടന്നുപോകുന്ന ചിത്രം കൂടിയാണിത്. വിജി പെണ്‍കൂട്ട്, കബനി, ശ്രിന്ദ തുടങ്ങിയവരാണ് പ്രധാനവേഷത്തില്‍.
നിനക്ക് ഒന്നും ഉണ്ടാക്കാനറിയില്ല അല്ലെങ്കില്‍ ഇങ്ങനെയാണോ ഇതെല്ലാം ചെയ്യേണ്ടത് എന്ന് നേരിട്ടും അല്ലാതെയും എത്രയോ കേട്ടിരിക്കുന്നു നമ്മുടെ വീട്ടമ്മമാര്‍. ആണ്‍കോയ്മ എന്ന ചിന്താഗതിയുടെ ഉല്‍പ്പന്നങ്ങളായ ഇത്തരം ചോദ്യങ്ങളും പറച്ചിലുകളും കേള്‍ക്കേണ്ടിവരുന്നവളാണ് ഫ്രാന്‍സിസ് ലൂയിസിന്റെ റേഷന്‍ ക്ലിപ്തവിഹിതം എന്ന ചിത്രത്തിലെ നായിക. സ്വാതന്ത്ര്യം എന്നതില്‍ നിന്ന് വ്യതിചലിച്ച് സമരം എന്ന ഘടകത്തിലേക്കാണ് ഈ ചിത്രം ശ്രദ്ധക്ഷണിക്കുന്നത്. സമരമെന്നാല്‍ ജീവിതസമരം എന്നാണ് അര്‍ത്ഥമാക്കുന്നത്. ജീവിക്കാന്‍ കഷ്ടപ്പെടുന്ന ഒരുകുടുംബമാണ് ഇവിടെയുള്ളത്. വലിയ മീന്‍പോലും ആര്‍ഭാടമാണവര്‍ക്ക്. അന്നന്ന് കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കുന്ന, സാധനം വാങ്ങി കുറച്ച് പണം കൊടുത്ത് ബാക്കി പിന്നെ തരാം എന്ന് പറയുന്ന കേരളത്തിലെ കുടുംബങ്ങളെയാണിവര്‍ പ്രതിനിധീകരിക്കുന്നത്. നായകന്റെ വീടിന്റെ ഒരുമതിലിനപ്പുറം സമ്പന്നതയുടെ നിറപ്പകിട്ടുള്ള മറ്റൊരു കുടുംബമുണ്ട്. ഒരു കുടുംബത്തിന് അടിസ്ഥാനപരമായി വേണ്ട ഘടകങ്ങളിലൊന്ന് ഭക്ഷണമാണെന്ന് അടിവരയിടുന്നുണ്ട് ചിത്രം. സിനിമയിലെ രണ്ട് വീടുകളുടേയും പുറംഭാഗം കാണിക്കാതെ ഉള്‍വശം മാത്രമേ കാണിക്കുന്നുള്ളൂ എന്നത് ശ്രദ്ധേയമാണ്. വീടിന്റെ ഉള്‍വശം കാണിച്ചുകൊണ്ടാണ് അവിടങ്ങളിലെ സമരം ഏതുതരത്തിലുള്ളതാണെന്ന് സംവിധായകന്‍ പറയുന്നത്.
ഒരു വീടിനുള്ളിലാണെങ്കിലും മൂന്ന് വിഭിന്നതരത്തിലുള്ള സ്വാതന്ത്ര്യം തേടുന്നവരുടെ കഥയാണ് ജിയോ ബേബി എഴുതി സംവിധാനം ചെയ്ത്, ജോജു ജോര്‍ജ്, രോഹിണി തുടങ്ങിയവര്‍ മുഖ്യവേഷങ്ങളിലെത്തിയ ഓള്‍ഡ് ഏജ് ഹോം എന്ന ചിത്രം. അല്‍ഷിമേഴ്‌സിന്റെ പിടിയിലേക്ക് വീണിരിക്കുന്ന ഷാജിയാണ് ഇവിടെ സ്വാതന്ത്ര്യം അന്വേഷിക്കുന്ന ആദ്യത്തെയാള്‍. റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്ന ഷാജിക്ക് വലിയ സ്വപ്നങ്ങളൊന്നമില്ല. ഉള്ള കുഞ്ഞുകുഞ്ഞ് ആഗ്രഹങ്ങള്‍ ആരെങ്കിലും ചെയ്ത് തന്നിരുന്നെങ്കില്‍ എന്നതില്‍ സന്തോഷം കണ്ടെത്തുകയാണ് ഈ കഥാപാത്രം. ആ സന്തോഷമാണ് അയാളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം. ഭാര്യ ലാലിയാകട്ടെ സ്വാതന്ത്ര്യം തന്റേതായ രീതിയില്‍ സ്വയം അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. ഇനിയെങ്കിലും താനിഷ്ടമുള്ളത് ചെയ്യട്ടെ എന്ന് മക്കളോട് പറയുന്നതില്‍ത്തന്നെ കാണാം അവര്‍ എത്രമാത്രം സ്വതന്ത്രയാണെന്ന്. തന്റെ സ്വാതന്ത്ര്യത്തില്‍ ആരും കൈകടത്താന്‍ വരേണ്ട എന്ന കര്‍ക്കശനിലപാടും ഇവരില്‍ കാണാം. വീട്ടിലെ ജോലിക്കാരിയായ ധനയ്ക്കാകട്ടെ മുതലാളി പറയുന്നത് അനുസരിക്കണമെന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും സാധിക്കുന്നില്ല. ഒരര്‍ത്ഥത്തില്‍ നോക്കുകയാണെങ്കില്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകഴിഞ്ഞ ലാലിയുടേയും സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഷാജിയുടേയും ഇടയില്‍ ജീവിതസമരം ചെയ്യുകയാണ് ധന.
സ്വാതന്ത്ര്യവും സമരവും ഏറ്റവും മൂര്‍ത്തിമദ് ഭാവം പൂണ്ട അവസാന ചിത്രമാണ് പ്ര തൂ മു. പേര് തന്നെയാണ് ചിത്രത്തിലെ ഏറ്റവും വലിയ സസ്‌പെന്‍സും. മലയാളത്തില്‍ ഇന്നേവരെ ഒരു ചലച്ചിത്രകാരനും തൊടാന്‍ ധൈര്യപ്പെടാത്ത വിഷയവും അവതരണരീതിയുമാണ് ഈ ചിത്രത്തെ വേറിട്ടതാക്കുന്നത്. മന്ത്രിയുടെ വീട്ടിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനെത്തുന്ന തൊഴിലാളികളുടെ ജീവിതത്തില്‍ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തിനാധാരം. ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി സീരീസിലെ ഏറ്റവും സംഘര്‍ഷഭരിതമായ ചിത്രവും ഇതുതന്നെ. സിനിമയിലെ വെളുപ്പ് നിറം രാഷ്ട്രീയക്കാരനേയും കറുപ്പ് മാലിന്യം അല്ലെങ്കില്‍ അതുവൃത്തിയാക്കാന്‍ വന്നവനേയും പ്രതിനിധാനം ചെയ്യുന്നു. നിന്റെ ജീവിതം സെപ്റ്റിക് ടാങ്ക് വരെയേ ഉള്ളൂ എന്നും നിന്റെ സ്വാതന്ത്ര്യം ഞങ്ങള്‍ തീരുമാനിക്കും എന്നുമുള്ള രാഷ്ട്രീയ മുതലാളിമാരുടെ ആക്രോശം നിശ്ശബ്ദമായി ചിത്രത്തിലുടനീളം അനുഭവിക്കാം. മലയാളസിനിമയില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്തതരം ക്ലൈമാക്‌സ് ഒരുക്കിയതിന് സംവിധായകന്‍ ജിതിന്‍ ഐസക്കിനും അങ്ങനെയൊരു രംഗം അഭിനയിച്ച് ഫലിപ്പിച്ചതില്‍ നടന്മാരായ ഉണ്ണി ലാലുവിനും സിദ്ധാര്‍ത്ഥ്ശിവയ്ക്കും കയ്യടി നല്‍കാം. ഒപ്പം തൊട്ടാല്‍ പൊള്ളുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളെ സത്യസന്ധമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ ജിയോ ബേബി കാണിച്ച മനസിനും.
Content Highlights: Freedom Fight Malayalam movie review, rajisha vijayan, joju george, srinda, jeo baby, Rohini
Content Highlights: