അടിച്ചമർത്തലുകളും വംശവെറിയും, വേട്ടയാടപ്പെടുന്ന ജീവിതങ്ങളുടെ 'പാരഡെെസ്' | Review

അധികാരദുർവിനിയോഗത്തിൻ്റേയും അടിച്ചമർത്തലിന്റേയും വേട്ടയാടലിന്റേയും ജീവിതക്കാഴ്ചകൾ. റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിത്താനഗെയുടെ ‘പാരഡൈസി'നെ ഒറ്റവാചകത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം. മുപ്പതിലധികം രാജ്യാന്തര പുരസ്കാരങ്ങൾ നേടിയിട്ടുള്ള പ്രസന്ന വിത്തനഗെയുടെ പത്താമത്തെ ചിത്രമാണ് 'പാരഡൈസ്.' അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ കെെയടികൾ നേടിയതിനുശേഷമാണ് ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുന്നത്.
അഞ്ചാം വിവാഹവാർഷികം ആഘോഷിക്കാൻ ശ്രീലങ്കയിൽ എത്തുന്ന അമൃത-കേശവ് ദമ്പതികളിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. ഇവരുടെ തൊഴിൽസംബന്ധമായ നേട്ടവും യാത്രയുടെ മധുരം വർധിപ്പിക്കുന്നുണ്ട്. പക്ഷേ ഇവർ യാത്രയ്ക്കായി ശ്രീലങ്ക തിരഞ്ഞെടുക്കുന്നത് രാജ്യമൊട്ടാകെ തീച്ചൂളയിൽ നിൽക്കുന്ന സമയമാണ്. രാജ്യത്തൊട്ടാകെ സാമ്പത്തിക പ്രതിസന്ധിയും പ്രക്ഷോഭങ്ങളുമാണെങ്കിലും വിനോദസഞ്ചാരികൾക്ക് ആദ്യമൊന്നും ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നില്ല. സന്തോഷത്തോടെ കാഴ്ചകൾ കണ്ടും ശ്രീലങ്കയുടെ പ്രകൃതിഭംഗി ആസ്വദിച്ചും തങ്ങളുടെ സമയം വിനിയോഗിക്കുന്ന ദമ്പതിമാരുടെ ജീവിതത്തിലേയ്ക്ക് ചില യാദൃശ്ചികമായ സംഭവങ്ങൾ കടന്നുവരികയാണ്. അവരുടെ യാത്ര മാത്രമല്ല, ജീവിതത്തെത്തന്നെ തകിടം മറിക്കുന്നുണ്ട് തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങൾ.
യാത്രയ്ക്കിടെ അപ്രതീക്ഷിതമായി ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ അമൃതയേയും കേശവിനെയും മാനസികമായി രണ്ടുതരത്തിലാണ് ബാധിക്കുന്നത്. ഒരാൾ സഹാനുഭൂതിയുടെയും സ്നേഹത്തിൻ്റെയും പിന്നാലെ പോകുമ്പോൾ മറ്റൊരാൾ കരിയറിൻ്റേയും പകയുടേയും പാതയിലാണ് സഞ്ചരിക്കുന്നത്. തുടർന്ന് ഇരുവരുടേയും ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളിലൂടെയും പ്രശ്നങ്ങളിലൂടെയുമാണ് ചിത്രത്തിൻ്റെ പുരോഗതി. അമൃതയായി ദർശന രാജേന്ദ്രനും കേശവ് ആയി റോഷൻ മാത്യുവും വേഷമിടുന്നു.
2022-ൽ ശ്രീലങ്ക നേരിട്ട സാമ്പത്തിക പ്രതിസന്ധിയും അതിനെ തുടർന്നുണ്ടായ വിലക്കയറ്റവും ഇന്ധനത്തിൻ്റെയും മരുന്നുകൾ ഉൾപ്പെടെയുള്ള അവശ്യവസ്തുകളുടെ ദൗർലഭ്യവും ജനകീയ പ്രക്ഷോഭങ്ങളുമൊക്കെ ചിത്രത്തിൻ്റെ പശ്ചാത്തലമാകുന്നുണ്ട്. ജനജീവിതത്തിന് നേരെയുള്ള അധികാരികളുടെ സമീപനവും വംശീയ വിദ്വേഷങ്ങളുമൊക്കെ ചിത്രത്തിൽ തുറന്നുകാട്ടുന്നുണ്ട്. അപ്രതീക്ഷിതമായ സംഭവവികാസങ്ങളിലൂടെ മുന്നേറുന്ന ചിത്രം തുടക്കം മുതൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന ആകാംക്ഷ നിലനിർത്തുന്നുണ്ട്. ഐതിഹ്യങ്ങളുടെ കൂട്ടിപിടിച്ച് കഥാപരിസരത്തിന് ശക്തമായ രാഷ്ട്രീയ അടിത്തറ നൽകാനും സംവിധായകൻ ശ്രമിച്ചിട്ടുണ്ട്.
ഒരു ജനത നേരിടുന്ന പ്രശ്നങ്ങളും ഭീകരതകളും വെെകാരികമായും അതിശയോക്തിയില്ലാതെയും അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ ഈ ചിത്രത്തിലൂടെ. അതിലുമേറെ മനുഷ്യൻ്റെയുള്ളിലെ ചിന്തകളിലൂടെയും ആകുലതകളിലൂടെയും സഞ്ചരിക്കാനും ചിത്രത്തിനാകുന്നുണ്ട്. കലുഷിതമായ ചുറ്റുപാടുകളിലാകും പലപ്പോഴും മനുഷ്യമനസ്സിന്റെ സങ്കീർണതകൾ പുറത്തുവരുന്നത്. ചെയ്യുന്നതെന്തെന്നോ ശരിതെറ്റുകളെക്കുറിച്ചോ ചിന്തിച്ചുപ്രവർത്തിക്കാനും ആ സമയത്ത് സാധിക്കണമെന്നില്ല. ഇത്തരമൊരു കഥാസന്ദർഭത്തിലൂടെയാണ് ചിത്രത്തിൻ്റെ പുരോഗതി.
റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവർ തങ്ങളുടെ കഥാപാത്രങ്ങൾ ഭദ്രമാക്കി. ശ്രീലങ്കൻ താരങ്ങളായ ശ്യാം ഫെർണാണ്ടോയും മഹേന്ദ്ര പെരേരയും ഈ ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. രാജീവ് രവി ഛായാഗ്രഹണവും, എ. ശ്രീകർ പ്രസാദ് ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. ‘കെ’യാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. ശ്രീലങ്കൻ പശ്ചാത്തലത്തിലുള്ള കഥപറച്ചിൽ മലയാളി പ്രേക്ഷകർക്ക് പുത്തൻ അനുഭവം സമ്മാനിക്കുന്നുണ്ട്.
സാമൂഹിക വ്യവസ്ഥിതികളെ ചോദ്യം ചെയ്യുകയും സമൂഹത്തിൽ ഗുണകരമായ മാറ്റങ്ങൾക്ക് കാരണമാവുകയും ചെയ്യുന്ന കഥകൾ പ്രേക്ഷകരിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ന്യൂട്ടൺ സിനിമയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മണിരത്നവും മദ്രാസ് ടാക്കീസും ആദ്യമായി സഹകരിക്കുന്ന മലയാള ചിത്രം കൂടിയാണ് 'പാരഡൈസ്.'
Content Highlights: darshana rajendran roshan mathew movie paradise review