അക്ഷരം തെറ്റാതെ വിളിക്കാം പെർഫോർമർ ഇന്ദ്രൻസ് എന്ന്, കയ്യടിപ്പിച്ച് മധുബാല; ഫീൽ ഗുഡ് ചിന്ന ചിന്ന ആസൈ

ധാരാളം സാധ്യതകളുള്ള ജോണറാണ് ഫീൽ ഗുഡ്. ഒരു തിരക്കഥാകൃത്തിനെയോ സംവിധായകനെയോ സംബന്ധിച്ച് അല്പം വെല്ലുവിളി ഉയർത്തുന്നതുമാണ് ഈ വിഭാഗം. ആ വെല്ലുവിളിയെ സമർത്ഥമായി മറികടക്കുന്നതാണ് വർഷ വാസുദേവ് എന്ന നവാഗത സംവിധായിക ഒരുക്കിയ ചിന്ന ചിന്ന ആസൈ എന്ന ചിത്രം. ഇന്ദ്രൻസും മധുബാലയുമാണ് പ്രധാനവേഷങ്ങളിൽ. മലയാള സിനിമാപ്രേക്ഷകർക്ക് കണ്ടുപരിചയമുള്ള ആശയമാണെങ്കിലും സംവിധാന മികവുകൊണ്ടും താരപ്രകടനങ്ങൾകൊണ്ടും കഥാന്ത്യത്തിൽ ഉള്ളുനിറയ്ക്കുന്ന അനുഭവമാവുകയാണ് ചിന്ന ചിന്ന ആസൈ. അഭിജിത് ബാബുജിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
വാരാണസിയാണ് ചിത്രത്തിന്റെ പശ്ചാത്തലം. വാരാണസിയല്ലാതെ മറ്റൊരിടവും സിനിമയിലില്ല എന്നും പറയാം. കോഴിക്കോട്ടുകാരൻ റിട്ടയേഡ് യു.പി. സ്കൂൾ അധ്യാപകൻ മാധവൻ മാഷും തമിഴ്നാട്ടിൽനിന്ന് വാരാണസി കാണാനെത്തുന്ന ലീലയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ജീവിതത്തിൽ ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്ത, തികച്ചും അപരിചിതരായ, ജീവിതത്തിന്റെ നല്ലൊരു ഘട്ടം പിന്നിട്ട രണ്ടുപേർ കണ്ടുമുട്ടുന്നതിനായി വാരാണസി ഇടയാകുകയാണ്. മാധവൻ മാഷും ലീലയും എങ്ങനെ പരിചിതരാകുന്നുവെന്നും ആ പരിചയം കൂടുതൽ വിശാലമായ അർത്ഥത്തിലേക്ക് വ്യാപിക്കുകയും ചെയ്യുകയാണ്.
വാരാണസി എന്നുകേൾക്കുമ്പോൾ പൊതുവേ എല്ലാവരുടേയും മനസിലേക്ക് വരിക ഭക്തിയുടേതായ മുഖമായിരിക്കും. എന്നാൽ ശാന്തതയുടേയും സമാധാനത്തിന്റേയും സൗഹൃദങ്ങളുടേയും ഒറ്റപ്പെടലിന്റേയും മുഖം കൂടി വാരാണസിക്കുണ്ടെന്ന് ചിത്രം കാട്ടിത്തരുന്നു. ജീവിതത്തിൽ ഏതെങ്കിലുമൊക്കെ രീതിയിൽ ഒറ്റപ്പെടുന്നവരിലേക്കാണ് ചിത്രം കണ്ണുകൾ തിരിച്ചിരിക്കുന്നത്. അവർക്കെല്ലാം ഉള്ളിന്റെയുള്ളിൽ 'ചിന്ന ചിന്ന ആസൈകൾ' ഉണ്ടെന്നും പല കഥാപാത്രങ്ങളിലൂടെ വർഷ വാസുദേവ് കാട്ടിത്തരുന്നു. മകളുണ്ടെങ്കിലും ഒരുതരും ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ട് മാധവൻ മാഷ്. തഞ്ചാവൂരിൽനിന്ന് വാരാണസിയിലെത്തിയ സംഘത്തിലെ ഒരാളായ ലീല ജീവിതകാലം മുഴുവൻ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇരുവരും ഒറ്റപ്പെടലിന്റെ കെട്ടുപാടുകൾ പൊട്ടിച്ചെറിയുന്നത് പരസ്പരം പരിചയപ്പെടുമ്പോഴാണ്, തുറന്ന് സംസാരിക്കുമ്പോഴാണ്.
സംഭാഷണങ്ങളിലൂടെയാണ് ചിത്രം മുന്നേറുന്നത്. കഥാപാത്രങ്ങളുടെ പശ്ചാത്തലവും മാനസികാവസ്ഥയും അവർ അനുഭവിക്കുന്ന ഒറ്റപ്പെടലുമെല്ലാം സംഭാഷണങ്ങളായിത്തന്നെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. അതെല്ലാം മൂർച്ച കുറയാതെ എത്തിച്ചു എന്നിടത്താണ് വർഷ വാസുദേവ് എന്ന സംവിധായിക വിജയിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്തയുടെ സംഗീതവും ചിത്രത്തെ വൈകാരികമായ അനുഭവമാക്കുന്നു.
അഭിനേതാക്കളിലേക്ക് വന്നാൽ മാധവൻ മാഷായെത്തിയ ഇന്ദ്രൻസിൽനിന്ന് തുടങ്ങാം. വാരാണസിയിലെ ഓരോ ഇഞ്ചും പരിചിതമായ കഥാപാത്രത്തെ ഇന്ദ്രൻസ് മനോഹരമാക്കി. സൗഹൃദവും പ്രണയവും വിരഹവും വേദനയുമെല്ലാം നിറഞ്ഞ മാധവൻ മാഷ് ഇന്ദ്രൻസിന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലാണ്. സംസാരത്തിലും നടപ്പിലുമെല്ലാം തനി കോഴിക്കോട്ടുകാരൻ യുപി സ്കൂൾ വാധ്യാരായി നിറഞ്ഞാടുകയായിരുന്നു ഇന്ദ്രൻസ്. കത്തി രാകുംപോലെ തന്നിലെ അഭിനേതാവിനെ ഓരോ സിനിമയിലും അദ്ദേഹം മൂർച്ച കൂട്ടി, തിളക്കമേറ്റുകയാണ്. നീണ്ട ഇടവേളയ്ക്കുശേഷം മലയാളത്തിൽ അവതരിപ്പിച്ച മുഴുനീള നായികാവേഷം മധുബാല ഭംഗിയാക്കി. നിരവധി ലേയറുകൾ ഉള്ള ഒരു കഥാപാത്രവും ഇതുതന്നെയാണ്. കൃത്യമായ, ഹൃദയംതൊടുന്ന പശ്ചാത്തലവും ഈ കഥാപാത്രത്തിനുണ്ട്. ചിന്ന ചിന്ന ആസൈ എന്ന പേരിന് കാരണമായതും ലീല എന്ന കഥാപാത്രം തന്നെയാകാം. ഇടയ്ക്ക് വന്ന് നിമിഷനേരം കൊണ്ട് കണ്ണുനനയിക്കുന്നുണ്ട് വിഷ്ണു അഗസ്ത്യയുടെ പേരില്ലാ കഥാപാത്രം. ജാഫർ സാദിഖിന്റെ ഷെട്ടിയും അപർണാ ബാലമുരളിയുടെ ജാനകിയും മനസിൽ തങ്ങിനിൽക്കും. കാളി വെങ്കട്ട്, തമ്പി രാമയ്യ എന്നിവരാണ് മറ്റുവേഷങ്ങളിൽ.
വാരാണസിയിൽ വരുന്നവർ തിരിച്ചുപോകുമ്പോൾ തങ്ങൾക്ക് പ്രിയപ്പെട്ടത് എന്തെങ്കിലും അവിടെ ഉപേക്ഷിക്കണമെന്നൊരു ചൊല്ല് നിലവിലുണ്ട്. അങ്ങനെ നോക്കുകയാണെങ്കിൽ തങ്ങൾക്കിടയിലെ അപരിചിതത്വത്തിന്റെ അതിർവരമ്പുകൾ മാഞ്ഞില്ലാതാവാൻ കാരണമായ വാരണാസിയിൽ പരസ്പരം ഉപേക്ഷിക്കുന്നുണ്ട് മാധവൻ മാഷും ലീലയും. വാരണാസിയെക്കുറിച്ച് പ്രചരിക്കുന്ന ആ ചൊല്ല് തന്നെയാകാം മാധവൻ മാഷ് ഗംഗാതീരത്തെ ആ പടിക്കെട്ടുകളിലിരുന്ന് ഓർത്തിരിക്കുക. ഫീൽഗുഡ് ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് മനസുതണുപ്പിക്കുന്ന അനുഭവം തന്നെയാണ് ചിന്ന ചിന്ന ആസൈ.
Content Highlights: Newcomer Varsha Vasudev’s directorial debut Chinna Chinna Aasai, starring Indrans and Madhoo, overcomes the challenges of the feel-good genre to deliver a deeply moving, beautifully layered cinematic experience set in Varanasi.