44 മില്യണ്‍ യൂറോയുടെ വന്‍കൊള്ള, പക്ഷേ മണി ഹയിസ്റ്റല്ല ബര്‍ലിന്‍

സീരീസില്‍ നിന്നും
സീരീസില്‍ നിന്നും

ലോകമെമ്പാടും തരംഗം സൃഷ്ടിച്ച മണി ഹയിസ്റ്റിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊരാളായിരുന്നു ബെര്‍ലിന്‍. സീരീസിലെ ബുദ്ധിരാക്ഷസനായ പ്രൊഫസര്‍ സെര്‍ജിയോയുടെ അര്‍ധ സഹോദരനും കൊള്ളയുടെ രണ്ടാമത്തെ കമാന്‍ഡറുമാണ് ബെര്‍ലിന്‍. പെഡ്രോ അലോണ്‍സോയാണ് ബെര്‍ലിനായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. 

ശരീരത്തിലെ കോശങ്ങളെയും അവയവങ്ങളെയും ബാധിക്കുന്ന അപൂര്‍വരോഗത്തിന്റെ പിടിയിലും റോയല്‍ മിന്റിലെ കൊള്ളയ്ക്ക് ബെര്‍ലിന്‍ നേതൃത്വം നല്‍കുന്നതാണ് മണി ഹയിസ്റ്റില്‍ അവതരിപ്പിച്ചത്. ഒടുവില്‍ തന്റെ കൂട്ടാളികളെ രക്ഷപ്പെടുത്താന്‍ വേണ്ടി സ്വയം ബലിയര്‍പ്പിക്കാന്‍ ബെര്‍ലിന്‍ തീരുമാനിക്കുകയും പോലീസിന്റെ വെടിവെപ്പില്‍ മരിക്കുകയും ചെയ്യുന്നു. 

മരണത്തിന് ശേഷവും മണി ഹയിസ്റ്റിന്റെ തുടര്‍ന്നുള്ള സീസണുകളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഫ്ളാഷ്ബാക്കുകളിലൂടെ ബെര്‍ലിന്റെ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ടായിരുന്നു. ബാങ്ക് ഓഫ് സ്‌പെയിന്‍ തട്ടിപ്പിനെക്കുറിച്ചുള്ള ബെര്‍ലിന്റെ യഥാര്‍ത്ഥ പദ്ധതികളും ടാറ്റിയാന എന്ന സ്ത്രീയുമായുള്ള ബെര്‍ലിന്റെ പ്രണയവും വിവാഹവുമാണ് ഫ്ളാഷ്ബാക്കുകളില്‍ അവതരിപ്പിച്ചത്. കഥാപാത്രം മരിച്ചിട്ടും ബെര്‍ലിനുള്ള ജനപ്രീതി വര്‍ധിച്ചു. അതുകൊണ്ടു തന്നെ സ്പിന്‍ ഓഫ് സീരീസിനെക്കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ക്ക് രണ്ടാമതൊന്നും ചിന്തിക്കേണ്ടി വന്നില്ലെന്നാണ് തോന്നുന്നത്.

രണ്ടു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പുതിയ പദ്ധതികളുമായി ബെര്‍ലിന്‍ എത്തിയിരിക്കുകയാണ്. പാരീസിലെ ഒരു പ്രശസ്ത ഓക്ഷന്‍ സെന്ററില്‍ ബെര്‍ലിനും സംഘവും നടത്തുന്ന 44 മില്യണ്‍ യൂറോയുടെ വന്‍കൊള്ളയാണ് സീരീസിന്റെ പ്രമേയം. മണി ഹയിസ്റ്റിന്റെ സംവിധായകന്‍ അലക്സ് പിന തന്നെയാണ് ബര്‍ലിന്‍ ഒരുക്കിയിരിക്കുന്നത്.

അതിബുദ്ധിമാനായ പ്രൊഫസര്‍ ഡാമിയനാണ് ബര്‍ലിന്‍ നേതൃത്വം നല്‍കുന്ന കൊള്ളയുടെ സെക്കന്റ് കമാന്‍ഡര്‍. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്‍മാരും അടങ്ങുന്ന നാല് ചെറുപ്പക്കാരും ഇവരുടെ സംഘത്തിലുണ്ട്. കൊള്ളയ്ക്ക് വേണ്ടിയുള്ള ആസൂത്രണത്തിലൂടെയാണ് സീരീസ് തുടങ്ങുന്നത്. ഓക്ഷന്‍ സെന്ററിന് കുറച്ചുമാറി ഒരു ആഡംബര ഹോട്ടലിൽ കള്ളപ്പേരിലാണ് സംഘം താമസിക്കുന്നത്. പലരെയും പറഞ്ഞ് പറ്റിച്ച് വളരെ നാടകീയമായാണ് ഇവര്‍ ഓരോ നീക്കവും നടത്തുന്നത്. രണ്ടാമത്തെ വിവാഹബന്ധവും പരാജയമായതിന് ശേഷം ബെര്‍ലിന്‍ നടത്തുന്ന ആദ്യത്തെ കൊള്ളയാണിത്. പ്രണയത്തില്‍ വിശ്വാസമില്ലെന്നും അതൊരു വലിയ അസംബന്ധമാണെന്നും ഇയാള്‍ ഇയ്ക്കിടെ കൂട്ടാളികളോട് പറയുന്നുണ്ട്. എന്നാല്‍ ഈ പറഞ്ഞ അതേ വ്യക്തി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒരു സ്ത്രീയെ കാണുകയും അവരില്‍ ആകൃഷ്ടനാവുകയും ചെയ്യുന്നു. പിന്നെ അവരെ തന്നിലേക്ക് കൊണ്ടുവരാന്‍ ഇയാള്‍ നടത്തുന്ന ശ്രമങ്ങളെല്ലാം വളരെ രസകരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. അതിനിടെ ഓക്ഷന്‍ സെന്ററിനകത്ത് കയറി കൂടാനുള്ള ഇവരുടെ ശ്രമം വിജയകരമാകുന്നു. പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങള്‍ കഥയെ മറ്റൊരു ഗതിയിലേക്ക് തിരിച്ചു വിടുന്നു. 

മണി ഹയിസ്റ്റില്‍ നിന്ന്  ഒരുപാട് വ്യത്യസ്തമാണ് ബെര്‍ലിന്‍. ത്രില്ലിനൊപ്പം പൊട്ടിച്ചിരിക്കാനുള്ള ഒരുപാട് നിമിഷങ്ങളും ഈ സീരീസിലുണ്ട്. ബെര്‍ലിന്‍ എന്ന കഥാപാത്രത്തിന്റെ നിര്‍മിതിയും പെഡ്രോ അലോണ്‍സോയുടെ പ്രകടനവുമാണ് ഏറ്റവും പ്രധാന ആകര്‍ഷണം. മണി ഹയിസ്റ്റിലെ അന്വേഷണ ഉദ്യോഗസ്ഥരായ റാക്കല്‍, അലീസിയ എന്നീ കഥാപാത്രങ്ങളും ബെര്‍ലിനിലുണ്ട്.

Content Highlights: Berlin web series, Money Heist, pedro alonso, Netflix, spin off series