ചിരിയിലും ചിന്തയിലും പൊതിഞ്ഞ അവറാച്ചന്റെയും മക്കളുടെയും കഥ | Movie Review

മക്കളെ നേർവഴിക്ക് നടത്തേണ്ടവരാണ് മാതാപിതാക്കൾ. എന്നാൽ അപ്പനെ നേർവഴിക്ക് നടത്തേണ്ട ഗതികേട് മക്കൾക്ക് വന്നാലോ? അങ്ങനെ ഒരു 'തലതെറിച്ച' അപ്പന്റെയും രണ്ട് ആൺമക്കളുടെയും കഥയാണ് 'അവറാച്ചൻ ആൻഡ് സൺസ്'.
ചെല്ലാനം സ്വദേശിയായ അവറാച്ചന്റെയും മക്കളായ ജെയ്സണിന്റെയും ജെയ്മോന്റെയും കഥയാണ് നർമത്തിൽ പൊതിഞ്ഞ് തമ്പി അവതരിപ്പിച്ചിരിക്കുന്നത്. ജെയ്സൺ വിവാഹിതനാണ്. ഭാര്യ ഗർഭിണിയും. ജെയ്‌മോന് ഒരു പ്രണയവും ഉണ്ട്. വിഭാര്യനാണ് അവറാച്ചൻ. ജീവിതത്തിൽ പ്രത്യേകിച്ചു ഉത്തരവാദിത്വബോധം ഒന്നുമില്ലാതെ, മക്കളുടെ ഭാഷയിൽ പറഞ്ഞാൽ 'കാള കളിച്ചു' തന്നിഷ്ടപ്രകാരം നടക്കുന്ന ഒരു അപ്പൻ.
കള്ളുകുടി ആണ് പ്രധാനം. അതുപോലെതന്നെ ആവശ്യമില്ലാതെ 'വള്ളി' പിടിക്കലും. അങ്ങനെ ഒരു പ്രശ്നം ഉണ്ടാക്കിയതിന്റെ ഭാഗമായി അവറാച്ചനെ പെങ്ങളായ ഏലിക്കുട്ടിയുടെ അടുത്തേക്ക് നാട് കടത്തുകയാണ് മക്കൾ. ആനക്കാംപൊയിലിലെ ഏലിക്കുട്ടിയുടെ നാട്ടിൽ അവറാച്ചൻ എത്തുന്നതും അയാളുടെ ജീവിതത്തിൽ പിന്നീട് സംഭവിക്കുന്നതുമാണ് ചിത്രം പറയുന്നത്.
ബിജു മേനോൻ എന്ന നടനിലെ വേഴ്‌സാറ്റിലിറ്റി പ്രേക്ഷകൻ എന്നോ തിരിച്ചറിഞ്ഞതാണ്. അതിലേക്കാണ് അവറാച്ചൻ എന്ന കഥാപാത്രവും കടന്നുവരുന്നത്. മക്കളോട് സ്നേഹം ഉണ്ടെങ്കിലും പ്രകടിപ്പിക്കാൻ അറിയാത്ത, പുറമെ പരുക്കനായ എന്നാൽ ഉള്ളിൽ ലോലനായ, അതേസമയം എന്തും നേരിടാൻ മനക്കട്ടിയുള്ള അവറാച്ചനായി ബിജു മേനോൻ ജീവിക്കുക തന്നെ ആയിരുന്നു. ഗണപതിയും ശ്രീനാഥ് ഭാസിയുമാണ് മക്കളായി എത്തുന്നത്. ഇരുവരുടെയും ഇതുവരെയും കാണാത്ത വേഷം, ആർക്കും ഇഷ്ടം തോന്നുന്ന പാവങ്ങളായ കുടുംബസ്നേഹമുള്ള രണ്ട് മക്കൾ.
പോളി വത്സൻ, ഗ്രെയ്‌സ് ആന്റണി, കോട്ടയം നസീർ, സാജൻ പള്ളുരുത്തി, അഖില ഭാർഗവൻ, സാബുമോൻ, പാർവതി ബാബു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനയ് ഫോർട്ട് ആണ് എടുത്ത് പറയേണ്ട മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. വിനയിന്റെ മറ്റൊരു വ്യത്യസ്ത കഥാപാത്രമാണ് ചിത്രത്തിലെ അനി. അതുപോലെ ഒരു അതിഥിവേഷവും ചിത്രത്തിൽ ഞെട്ടിക്കാൻ എത്തുന്നുണ്ട്.
ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ നവാഗതനായ തമ്പിയാണ്. നർമത്തിന്റെ മേമ്പൊടികൾ ചേർത്ത് വൈകാരികമായ നിമിഷങ്ങൾ സമ്മാനിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ജോസഫ് വിജീഷും തമ്പിയും ചേർന്നാണ്. കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം, ആ ഒരു ഓർമപ്പെടുത്തൽ ചിത്രം സമ്മാനിക്കുന്നുണ്ട്.
Content Highlights: Biju Menon plays the lead role of Avarachan, an irresponsible father in the family drama. Ganapathi and Sreenath Bhasi portray his sons, Jayson and Jaymon, in central roles. Directed by debutant Thambi and presented by Listin Stephen, with a screenplay co-written by Joseph Vijeesh and Thambi. Features supporting performances by Vinay Forrt, Grace Antony, Kottayam Nazeer, and Sabumon. The storyline revolves around family dynamics, emotional bonds, and relatable humor.