Adinasham Vellapokkam Review | അടിമുടി പൊട്ടിച്ചിരി; ഇത്തിരി കാര്യമുള്ള 'അടിനാശം വെള്ളപ്പൊക്കം'

'അടിനാശം വെള്ളപ്പൊക്കം' ചിത്രത്തില്‍നിന്ന്‌ | Photo: Special Arrangement
'അടിനാശം വെള്ളപ്പൊക്കം' ചിത്രത്തില്‍നിന്ന്‌ | Photo: Special Arrangement

പേരും പ്രശസ്തിയമുള്ള ഒരു എന്‍ജിനിയറിങ് കോളേജ്. അച്ചടക്കത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത പ്രിന്‍സിപ്പാള്‍. കോളേജിന് കളങ്കം വരുത്താന്‍ ഒരുമ്പെട്ടിറങ്ങുന്ന കോളേജിന്റെ സഹ ഉടമയായ പ്രിന്‍സിപ്പാളിന്റെ ഭര്‍ത്താവ്. ഇരുവരുടേയും മകളോട് പ്രണയം തോന്നുന്ന കോളേജിലെ റാങ്ക് പ്രതീക്ഷയായ വിദ്യാര്‍ഥി. പ്രണയം പറയാന്‍ ഇയാള്‍ കണ്ടെത്തുന്ന കുറുക്കുവഴി ചെന്നെത്തിക്കുന്നത് കൂടുതല്‍ കുരുക്കുകളിലേക്ക്. ആ കുരുക്കഴിച്ചെടുക്കാനുള്ള പെടാപ്പാടും അതിലേക്ക് വന്നുചേരുന്ന അധോലോകവും. ഇവരെല്ലാം കൂടെചേര്‍ന്ന് തിയേറ്ററില്‍ സൃഷ്ടിക്കുന്ന രണ്ടു മണിക്കൂര്‍ ആറു മിനിറ്റ് നീളുന്ന പൊട്ടിച്ചിരിയുടെ ഭൂകമ്പം. ഒരല്പം ഗൗരമേറിയ കാര്യത്തിന്റെ മേമ്പൊടിയില്‍ പ്രക്ഷേകര്‍ക്ക് മതിമറന്ന് ചിരിക്കാനുള്ള വകയുണ്ട് എ.ജെ. വര്‍ഗീസ് സംവിധാനംചെയ്ത 'അടിനാശം വെള്ളപ്പൊക്ക'ത്തില്‍.

പുറത്തിറങ്ങി പത്തുവര്‍ഷങ്ങള്‍ക്കിപ്പുറവും സിനിമാ പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് 'അടി കപ്യാരേ കൂട്ടമണി'. ചിത്രത്തിന്റെ രണ്ടാംഭാഗം വേണമെന്നുവരെ ആരാധകര്‍ ആവശ്യപ്പെടാറുണ്ട്. 'അടി കപ്യാരേ കൂട്ടമണി'ക്കും 'ഉറിയടി'ക്കും ശേഷം എ.ജെ. വര്‍ഗീസ് സംവിധാനംചെയ്യുന്ന ചിത്രമാണ് 'അടിനാശം വെള്ളപ്പൊക്കം'. സൂര്യഭാരതി ക്രിയേഷന്‍സിന്റെ ബാനറില്‍ മനോജ് കുമാര്‍ കെ.പിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഫണ്‍ ത്രില്ലറാണ് 'അടിനാശം വെള്ളപ്പൊക്കം'. ഷൈന്‍ ടോം ചാക്കോ, ബൈജു സന്തോഷ്, ബാബു ആന്റണി, അശോകന്‍, പ്രേംകുമാര്‍, മഞ്ജുപിള്ള, ജോണ്‍ വിജയ്, വിനീത് മോഹന്‍, രാജ്കിരണ്‍ തോമസ്, സജിത്ത് തോമസ്, സഞ്ജയ് തോമസ്, പ്രിന്‍സ് ജൂനിയര്‍, ശ്രീകാന്ത് വെട്ടിയാര്‍, ലിസബത്ത് ടോമി എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍. വരുണ്‍ തോമസ് എന്ന കഥാപാത്രമായാണ് സഞ്ജയ് തോമസ്. വിനീത് മോഹന്‍ ബെന്നിയായും സജിത് അമ്പാട്ട് ലാലുവായും പ്രിന്‍സ് ജൂനിയര്‍ റിഹാന്‍ എന്ന കഥാപാത്രമായും ചിത്രത്തിലെത്തുന്നു. ലിബര്‍ട്ടി എന്‍ജിനിയറിങ് കോളേജിന്റെ പ്രിന്‍സിപ്പാളായ ഷീല സെബാസ്റ്റ്യനായാണ് മഞ്ജു പിള്ള ചിത്രത്തിലെത്തുന്നത്. ഭര്‍ത്താവ് സെബാസ്റ്റ്യന്‍ സേവ്യറായി അശോകനും ഇരുവരുടേയും മകളുടെ വേഷത്തില്‍ (ഐഡ) ലിസബത്ത് ടോമിയും എത്തുന്നു.

വരുണിന് ഐഡയോട് പ്രണയം തോന്നുന്നു. പ്രണയം പറയാന്‍ ബെന്നി വരുണിനെ സഹായിക്കുന്നു. എന്നാല്‍, കൂട്ടാവുന്നത് അല്പം വളഞ്ഞവഴിയാണ്- ലഹരി. ഇത് ഒരിക്കലും ഒന്നിക്കാത്ത വരുണിനേയും ലാലുവിനേയും റിഹാനേയും ഒന്നിപ്പിക്കുന്നു. തുടര്‍ന്ന് ഒരേ പ്രശ്‌നത്തില്‍നിന്ന് ഇവര്‍ പുറത്തുകടക്കാന്‍ നടത്തുന്ന ശ്രമമാണ് ചിത്രത്തിന്റെ കഥയെ മുന്നോട്ടുനയിക്കുന്നത്. അഴിക്കാന്‍ ശ്രമിക്കുന്ന കുരുക്ക് കൂടുതല്‍ മുറുകുകയും അധോലോകവുമായി നേരില്‍ കണ്ടുമുട്ടേണ്ടിയും വരുന്നിടത്താണ് കഥ കൂടുതല്‍ രസകരമാവുന്നത്.

ഒരു പരിധിവരെ ലോജിക്കിനെ പുറത്തുനിര്‍ത്തി കാണേണ്ട ചിത്രമാണ് 'അടിനാശം വെള്ളപ്പൊക്കം'. എന്നാല്‍, കഥാഗതി ആവശ്യപ്പെടുന്ന ലോജിക്കെല്ലാം കണ്ണിപോലെ ചിത്രം കൂട്ടിയിണക്കുന്നുണ്ട്. പഴയ സിനിമകളില്‍ പ്രണയം പറയാന്‍ അല്പം മദ്യം കഴിക്കുന്നത് ക്ലീഷേയായി ഉപയോഗിച്ചു പോന്നിട്ടുണ്ട്. മദ്യത്തിന് പകരം ഇന്നത്തെ കാലത്തെ ലഹരിയെങ്കിലും അത് കഥയെ മുന്നോട്ടുകൊണ്ടുപോകാന്‍ ഉപയോഗിച്ചിരിക്കുന്നത് രസകരമായാണ്. ഒരു നേരത്തെ വളഞ്ഞ വഴിക്ക് ഉപയോഗിക്കുന്ന ലഹരി എത്തിക്കുന്ന വലിയ കുഴികള്‍ ചിത്രത്തില്‍ കാണിച്ചുതരുന്നു. അതിനെല്ലാമുപരിയായി ചിത്രം ലഹരി ഉപയോഗത്തിനെതിരായ ഗൗരവമേറിയ മുന്നറിയിപ്പായും മാറുന്നു.

അധോലോക നായകനായ കൊളംബസ് എന്ന വേഷത്തിലാണ് ഷൈന്‍ ടോം ചാക്കോ ചിത്രത്തില്‍ എത്തുന്നത്. കൊളംബസിന്റെ എതിര്‍വശത്ത് ജോണ്‍ വിജയ് അവതരിപ്പിക്കുന്ന ഗഞ്ചാക്കുറുപ്പ്. എസ്.ഐ. ഉല്ലാസ് ഉലഹന്നാനായി ബൈജു സന്തോഷും അന്‍വര്‍ അലിയായി ബാബു ആന്റണിയും കമ്മിഷണറായി പ്രേംകുമാറും ചേതന്‍ കുമാറായി ശ്രീകാന്ത് വെട്ടിയാറും ചിത്രത്തിലെത്തുന്നു. അഭിനേതാക്കളുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.

കണ്ണികളായി കോര്‍ത്തുകോര്‍ത്തുപോകുന്ന സംഭവങ്ങളെ പ്രേക്ഷകന് വിശ്വസനീയമാക്കുന്നത് അതിലെ കോമഡിയാണ്. മെയ് വഴക്കം വേണ്ടിടത്ത് അങ്ങനെയും മൊഴിവഴക്കം വേണ്ടിടത്ത് അതിന്റെ പൂര്‍ണ്ണതയിലും ഓരോ അഭിനേതാക്കളും തങ്ങളുടെ ഭാഗം മികച്ചതാക്കുന്നു. ഒട്ടേറെ കഥാപാത്രങ്ങളുണ്ടെങ്കിലും അവരെല്ലാം മികച്ച പ്രകടനങ്ങളാണ് കാഴ്ചവെക്കുന്നത്. ഷൈനും ജോണ്‍ വിജയും മഞ്ജുവും അശോകനും ബൈജു സന്തോഷും പ്രേംകുമാറും തുടങ്ങി എല്ലാവരും കൈയടി അര്‍ഹിക്കുന്നു. പഴയ ആക്ഷന്‍ ഹീറോ വേഷങ്ങളെ ഓര്‍മിപ്പിക്കുന്ന ബാബു ആന്റണിയും തന്റെ ഭാഗം ഭംഗിയാക്കുന്നു.

സൂരജ് എസ്. ആനന്ദ് ആണ് ഛായാഗ്രഹണം. മികച്ച ഫ്രെയ്മുകളാണ് സൂരജിന്റേത്. ശ്രീരാഗ് സുരേഷിന്റെ പശ്ചാത്തലസംഗീതവും കഥയുടെ ഒഴുക്കിനൊപ്പമുള്ളതാണ്. ഏറെക്കാലത്തിന് ശേഷം സുരേഷ് പീറ്റേഴ്‌സിന്റെ ഗാനമുള്ള മലയാള ചിത്രമാണ് 'അടിനാശം വെള്ളപ്പൊക്കം'. ഇലക്ട്രോണിക്‌ കിളി, രാമകൃഷ്ണന്‍ ഹരീഷ് എന്നിവരുടെ പാട്ടുകളും മികച്ചതാണ്. ലോജിക്കിനപ്പുറമുള്ള ചിരികള്‍ തിയേറ്ററില്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അനുഭവമാകും 'അടിനാശം വെള്ളപ്പൊക്കം'.

Content Highlights: Adinasham Vellapokkam Malayalam Movie Review