Aasha Review | ഇന്നേവരെ കാണാത്ത ഉർവശി, ഞെട്ടിച്ച് ജോജു ജോർജ്; ഡാർക്ക് ത്രില്ലർ 'ആശ'

ഫാമിലി ത്രില്ലർ ജോണറിൽപ്പെടുന്ന ധാരാളം ചിത്രങ്ങൾ പല ഭാഷകളിലുമായി റിലീസ് ചെയ്യാറുണ്ട്. ഇതുവരെ ഇത്തരമൊരു ചിത്രം ചെയ്യാത്ത താരമാണ് ആ ചിത്രത്തിൽ വേഷമിടുന്നതെങ്കിലോ? കൗതുകം കുറച്ച് കൂടുതലായിരിക്കും. അങ്ങനെയൊരു ചിത്രമാണ് നവാഗതനായ സഫർ സനൽ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ 'ആശ'. ഉർവശി, ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ് എന്നിവരാണ് മുഖ്യവേഷങ്ങളിൽ. സംവിധായകൻ സഫർ സനൽ, ജോജു ജോർജ്, രമേഷ് ഗിരിജ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയത്. ആദ്യന്തം ടെൻഷൻ നിലനിർത്തിക്കൊണ്ട് മുന്നേറുന്ന ചിത്രമാണ് ആശ.
ആശ എന്ന അമ്മയുടെ കഥയാണ് ചിത്രം പറയുന്നത്. സാധാരണ സിനിമയിൽ കണ്ടുവരുന്ന അമ്മമാരിൽ നിന്ന് തികച്ചും വ്യത്യസ്തയാണ് ആശ. രണ്ട് പെൺകുട്ടികളെ ഒറ്റയ്ക്ക് വളർത്തിയ, ആ മക്കളോട് സ്വാർത്ഥത കലർന്ന സ്നേഹം പ്രകടിപ്പിക്കുന്ന അമ്മയാണ് ആശ. തികച്ചും അവിചാരിതമായി ആശയ്ക്ക് നേരിടേണ്ടിവരുന്ന ഒരു ചെറിയ സംഭവം. ആ സംഭവത്തിന്റെ പരിണതഫലമായി അവർക്ക് നൽകേണ്ടിവരുന്ന വലിയ വില. അത് ആശയുടെ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാക്കുന്നത് എന്നെല്ലാമാണ് സിനിമ ചർച്ച ചെയ്യുന്നത്. രണ്ട് മണിക്കൂർ മാത്രം ദൈർഘ്യമുള്ള ചിത്രം അടുത്തതെന്ത് സംഭവിക്കുമെന്ന ആകാംക്ഷ നിലനിർത്തിക്കൊണ്ടാണ് മുന്നേറുന്നത്.
Also Read: ആശയിൽ ഇതുവരെ കാണാത്ത ഉർവശി, സിനിമയ്ക്ക് കാരണം ജോജു ജോർജ് | Urvashi | Vijayaraghavan
സിനിമയുടെ ഓപ്പണിങ് ഷോട്ടിൽത്തന്നെ ആശ എന്ന കഥാപാത്രത്തിന്റെ സ്വഭാവവും ദിനചര്യകളും സംവിധായകൻ കാട്ടിത്തരുന്നുണ്ട്. വഴിയേ പോകുന്ന പ്രശ്നങ്ങൾ അങ്ങോട്ടുചെന്ന് ചോദിച്ചുവാങ്ങുന്ന ആശയുടെ ജീവിതത്തിലേക്ക് ജീമോൻ എന്നയാൾ എത്തുന്നതോടെയാണ് ചിത്രം ഗിയർ മാറ്റുന്നത്. വാശിയിൽ ഒട്ടും പിന്നിലല്ലാത്ത രണ്ടുപേർ കൊമ്പുകോർക്കുന്ന രംഗങ്ങളാണ് ആദ്യപകുതിയിൽ. രണ്ടാം പകുതിയിൽ കാണാനാവുക ആശ എന്ന കഥാപാത്രത്തിന്റെ മാനസികസംഘർഷമാണ്. തനിക്കുമേൽ വന്ന ഒരു പ്രശ്നം അവരെങ്ങനെ പരിഹരിക്കുന്നു എന്ന ആകാംക്ഷയാണ് ചിത്രത്തെ കൂടുതൽ സംഘർഷഭരിതമാക്കുന്നത്.
ആശ എന്ന ടൈറ്റിൽ റോളിലെത്തുന്നത് ഉർവശിയാണ്. കരിയറിൽ അവർ ഇന്നേവരെ ചെയ്യാത്ത വേഷമാണ് ആശയിലേതെന്ന് നിസ്സംശയം പറയാം. ജീവിതത്തിലെ നിസ്സഹായാവസ്ഥയിലൂടെയും അതിജീവനത്തിനായുള്ള പോരാട്ടത്തിലൂടെയും കടന്നുപോകുന്നുണ്ട് ആശ. നീണ്ട ഇടവേളയ്ക്കുശേഷമാണ് ഉർവശി ഇങ്ങനെയൊരു വേഷം അവതരിപ്പിച്ചിരിക്കുന്നത്. സ്വാർത്ഥതയും സ്നേഹവും കരുതലും പ്രതികാരവും എല്ലാം ഉൾപ്പെടുന്ന ആശ എന്ന കഥാപാത്രത്തെ ഉർവശി അതിഗംഭീരമാക്കിയിട്ടുണ്ട്. മലയാളത്തിലെ അമ്മ വേഷങ്ങളിൽ ഇങ്ങനെയൊരു കഥാപാത്രം അടുത്തകാലത്തൊന്നും വന്നിട്ടില്ല. അമ്മ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് നിർമിക്കുന്ന സിനിമകളിലെയെല്ലാം ക്ലീഷേകളെ തകർത്തെറിഞ്ഞിട്ടുണ്ട് ആശ. ജീമോൻ എന്ന വേഷത്തിലെത്തിയ ജോജു ജോർജും ഒട്ടും മോശമാക്കിയിട്ടില്ല. ജോജുവും ഇങ്ങനെയൊരു വേഷം ആദ്യമായിട്ടാണ് ചെയ്യുന്നത്. രണ്ടാം പകുതിയിൽ ആശയും ജീമോനും ചേർന്നാണ് ചിത്രം മുന്നോട്ടുകൊണ്ടുപോകുന്നത്. ഐശ്വര്യലക്ഷ്മി, വിജയരാഘവൻ, ജോയ് മാത്യു എന്നിവരുടെ കഥാപാത്രങ്ങളും നിർണായകമാണ്. ലക്ഷ്മി മേനോൻ, അജയൻ അടാട്ട്, കോട്ടയം രമേശ് എന്നിവരാണ് മറ്റുവേഷങ്ങളിൽ.
മധു നീലകണ്ഠന്റെ ക്യാമറയും ഗോവിന്ദ് വസന്തയുടെ സംഗീതവും കഥാഗതിയുമായി ചേർന്നുനിൽക്കുന്നതാണ്. ഒരു ക്ലോസ്ഡ് സ്പേസിൽ നടക്കുന്ന ത്രില്ലർ എന്ന് ആശയെ വിശേഷിപ്പിക്കാം. പരീക്ഷണസിനിമകൾക്ക് പഞ്ഞമില്ലാത്ത മലയാള സിനിമയിലെ ധീരമായ പരീക്ഷണമാണ് ആശ.
Content Highlights: Directed by debutant Zafar Sanal and featuring powerhouse performances from Urvashi and Joju George, Asha is an edge-of-the-seat dark family thriller that shatters traditional maternal tropes through a tense, highly engaging narrative.