കുടുംബബന്ധങ്ങൾ എന്ന ആശയം ബോളിവുഡിൽ മരിച്ചു, അതുള്ളത് തെന്നിന്ത്യൻ സിനിമകളിൽ -സെറീന വഹാബ്

#Movies Desk
സറീന വഹാബ്.|Photo: Mathrubhumi
സറീന വഹാബ്.|Photo: Mathrubhumi

1970- കളിൽ ഹിന്ദി സിനിമയിലൂടെ അഭിനയജീവിതം ആരംഭിച്ച നടിയാണ് സെറീന വഹാബ്. നിരവധി മലയാളസിനിമകളിലും സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത സറീന സിനിമാസ്വദകർക്ക് സുപരിചിതയാണ്. നാല് പതിറ്റാണ്ടിലേറെയായി സിനിമാരംഗത്ത് പ്രവർത്തിക്കുന്ന താരം ഹിന്ദി സിനിമകളെയും തെന്നിന്ത്യൻ സിനിമകളെയും കുറിച്ചുള്ള അഭിപ്രായം വ്യക്തമാക്കി.

ദി രാജാസാബ് എന്ന തെലുങ്ക് ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയിലാണ് സെറീന സമകാലിക ഹിന്ദി സിനിമയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പങ്കുവെച്ചത്. ബോളിവുഡിൽ കുടുംബ ബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ള സിനിമകൾ നിർമ്മിക്കുന്നില്ല എന്ന് താൻ വിശ്വസിക്കുന്നതായി താരം പങ്കുവെച്ചു.

‘മുംബൈയിലുള്ളവർ എന്തിനാണ് തെലുങ്ക് സിനിമകളിൽ അഭിനയിക്കുന്നത് എന്ന് ചോദിക്കുന്നുണ്ട്. ഹിന്ദി സിനിമകളിൽ കുടുംബ ബന്ധങ്ങളില്ല. തെന്നിന്ത്യൻ സിനിമകളിലാണ് ഇപ്പോൾ കുടുംബം ജീവനോടെയുള്ളത്. അവർ ആളുകൾ കാണാൻ താത്പര്യപ്പെടുന്ന കുടുംബ- ബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ള സിനിമകൾ നിർമ്മിക്കുന്നു’ സറീന അഭിപ്രായപ്പെട്ടു.

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണമാണ് സെറീനയുടെ ജന്മദേശം. തെലുങ്ക് മാതൃഭാഷയായ തനിക്ക് മറ്റാരെക്കാളും നന്നായി ഭാഷ കൈകാര്യം ചെയ്യാൻ സാധിക്കുമെന്നും നടി അഭിപ്രായപ്പെട്ടു. നിലവിൽ മൂന്ന് തെലുങ്ക് സിനിമകളിൽ അഭിനയിക്കുന്നുണ്ടെന്നും ഹിന്ദി, തെലുങ്ക് സിനിമാമേഖലകളോട് നന്ദിയുണ്ടെന്നും സെറീന ഈ അവസരത്തിൽ വ്യക്തമാക്കി.

Content Highlights: Veteran actress Zareena Wahab shares her thoughts on contemporary Hindi cinema, praising South Indian films for their focus on family values.