'തബലയുടെ താളത്തിനൊപ്പം നൃത്തം ചെയ്യുന്ന തലമുടി'; ഉസ്താദ് മുടി വെട്ടിയൊതുക്കാത്തതിന്റെ കാരണമിതാണ്..

സാക്കിര്‍ ഹുസൈന്‍ എന്ന വിഖ്യാത തബലവാദകനെ കുറിച്ച് പറയുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ സിഗ്നേച്ചര്‍ സ്റ്റൈല്‍ എന്ന് വിശേഷിപ്പിക്കാവുന്ന തലമുടിയും ആരാധകരുടെ മനസ്സില്‍ പ്രത്യക്ഷപ്പെടും. എന്തുകൊണ്ടാണ് അദ്ദേഹം തലമുടി വെട്ടിയൊതുക്കാതിരുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?. സാക്കിര്‍ ഏര്‍പ്പെട്ട ഒരു കരാറിലെ അസാധാരണമായ ഒരു വ്യവസ്ഥ കാരണമാണ് അദ്ദേഹത്തിന് മുടി വെട്ടിയൊതുക്കാന്‍ കഴിയാതിരുന്നത്.
ദീര്‍ഘകാലമായി താജ്മഹല്‍ ചായപ്പൊടിയുടെ പരസ്യങ്ങളുടെ മുഖമായിരുന്നു സാക്കിര്‍. അവരുമായുണ്ടായിരുന്ന കരാറില്‍, മുടി മുറിക്കരുത് എന്നൊരു വ്യവസ്ഥയുണ്ടായിരുന്നു. അതിനാലാണ് പില്‍ക്കാലത്ത് അദ്ദേഹത്തിന് മുടി മുറിക്കാന്‍ കഴിയാതിരുന്നത്. ഹുസൈന്‍ തന്നെയാണ് ഇക്കാര്യം തമാശരൂപേണ മുന്‍പൊരിക്കല്‍ പറഞ്ഞത്. 1990-കളിലും പിന്നീടും അദ്ദേഹം പ്രത്യക്ഷപ്പെട്ട താജ്മഹല്‍ ചായപ്പൊടിയുടെ പരസ്യവും അതിന്റെ വാ താജ് എന്ന ടാഗ്‌ലൈനും ഏറെ പ്രശസ്തമായിരുന്നു.
എനിക്ക് മുപ്പത് സെക്കന്‍ഡില്‍ എന്റെ സംഗീതവൈഭവം പ്രകടിപ്പിക്കാന്‍ സാധിക്കില്ല, എന്നാല്‍ എനിക്ക് എന്റെ തലമുടി ചലിപ്പിക്കാം. ഞാന്‍ ഇപ്പോഴും അവരുടെ ഗുഡ്‌വില്‍ അംബാസഡര്‍ ആണ്. മുടി കൊഴിഞ്ഞു തുടങ്ങിയെങ്കിലും അത് മുറിക്കാന്‍ എനിക്ക് അവകാശമില്ല, അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെത്തിയ കാലം മുതല്‍ക്കായിരുന്നു സാക്കിര്‍ മുടി നീട്ടി വളര്‍ത്താന്‍ ആരംഭിച്ചത്. ഞാന്‍ ആദ്യം യു.എസില്‍ പോയപ്പോള്‍ എനിക്ക് നീണ്ട മുടി ഉണ്ടായിരുന്നില്ല. പക്ഷേ നീണ്ട മുടിയുള്ള ഹിപ്പികളെ ഞാന്‍ ശ്രദ്ധിച്ചിരുന്നു. കോളേജിന്റെ ആദ്യവര്‍ഷം, പ്രതിവാരം വെറും 25 ഡോളര്‍ ആയിരുന്നു സമ്പാദിക്കാന്‍ കഴിഞ്ഞിരുന്നത്. അതുകൊണ്ട് മുടിവെട്ടാനുള്ള ചെലവ് താങ്ങാനാകുമായിരുന്നില്ല. അതിനാല്‍ മുടി വളര്‍ത്താന്‍ തീരുമാനിച്ചു. അക്കാലത്ത് ശാന്തി എന്നൊരു റോക്ക് എന്‍ റോള്‍ ഗ്രൂപ്പില്‍ പെര്‍ഫോം ചെയ്തിരുന്നു. ആ സംഘത്തിലെ മറ്റ് ആര്‍ട്ടിസ്റ്റുകളും ഇക്കാര്യത്തില്‍ പ്രചോദനമായെന്നും സാക്കിര്‍ പറഞ്ഞിട്ടുണ്ട്.
ഇന്ത്യയിലേക്ക് മടങ്ങിയെത്തിയിന് പിന്നാലെ പിതാവ് അല്ലാ റഖയ്‌ക്കൊപ്പം ഒരു ടെലിവിഷന്‍ പരിപാടിയില്‍ പ്രത്യക്ഷപ്പെട്ടതോടെ സാക്കിറിനൊപ്പം അദ്ദേഹത്തിന്റെ മുടിയും ശ്രദ്ധ നേടി. താജ്മഹല്‍ പരസ്യത്തില്‍ അഭിനയിക്കാന്‍ കരാര്‍ ഒപ്പിട്ടതോടെ, മുടി വെട്ടരുത് എന്ന് അവര്‍ നിര്‍ദേശിച്ചതായും സാക്കിര്‍ പറഞ്ഞു.
Content Highlights: zakir hussain and his long hair story