എന്റെ ചിത്രങ്ങൾ നീക്കം ചെയ്യണം, അവ പങ്കുവയ്ക്കരുത്; അഭ്യർഥനയുമായി സൈറ വസിം

Zaira Wasim
Zaira Wasim

സോഷ്യൽ മീഡിയയിൽ നിന്ന് തന്റെ ചിത്രങ്ങൾ നീക്കം ചെയ്യണമെന്നും അവ പങ്കുവയ്ക്കരുതെന്നും ആരോധകരോട് അഭ്യർഥിച്ച് ബോളിവുഡ് താരം സൈറ വസിം. ദം​ഗൽ, സീക്രട്ട് സൂപ്പർസ്റ്റാർ എന്നീ ചിത്രങ്ങളിലൂടെ ശ്ര​ദ്ധ നേടിയ താരമാണ് സൈറ. ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കാൻ പോവുകയാണെന്നും അതിനാൽ തന്റെ അഭ്യർഥനയെ മാനിക്കണമെന്നും സൈറ പങ്കുവച്ച കുറിപ്പിൽ ആവശ്യപ്പെടുന്നു.

"നിങ്ങൾ എനിക്ക് തന്ന നിരന്തരമായ സ്നേഹത്തിനും അനുകമ്പയ്ക്കും ഓരോരുത്തരോടും നന്ദി പറയാൻ ‍ഞാനീ നിമിഷം ഉപയോ​ഗിക്കുന്നു. നിങ്ങളായിരുന്നു എന്റെ സ്നേഹവും കരുത്തും. എല്ലാത്തിനും പിന്തുണച്ച് കൂടെ നിന്നതിന് നന്ദി. ഈ കരുതലും സ്നേഹവും ഉൾക്കൊണ്ട് തന്നെ നിങ്ങളോട് ഞാൻ ഒരു സഹായം കൂടി ചോദിക്കുകയാണ്. 

നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് എന്റെ ചിത്രങ്ങൾ നീക്കം ചെയ്യാൻ ഞാൻ അഭ്യർഥിക്കുന്നു. മറ്റു ആരാധകരോട് ഇക്കാര്യം ആവശ്യപ്പെടാനും  ഞാൻ അഭ്യർഥിക്കുന്നു. 

ഇന്റൻനെറ്റിൽ നിന്ന് ഇത് നീക്കം ചെയ്യുക എന്നത് നടപ്പുള്ള കാര്യമല്ല എന്നെനിക്കറിയാം. എങ്കിലും നിങ്ങൾക്ക്  നിങ്ങളുടെ പേജുകളിലൂടെ അത് പങ്കുവയ്ക്കാതിരിക്കാമല്ലോ. ഇതുവരെ നൽകിയ പിന്തുണ ഇക്കാര്യത്തിലും എനിക്ക് ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ എന്റെ ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കാൻ പോവുകയാണ്. നിങ്ങളുടെ സഹകരണം എനിക്കേറെ സഹായകമാകും. എന്റെ യാത്രയുടെ ഭാ​ഗമായതിന് നന്ദി.....''- സൈറ കുറിക്കുന്നു


ബോളിവുഡ് വിടുകയാണെന്ന് അറിയിച്ച് ഈയടുത്താണ് സൈറ വാർത്തകളിൽ ഇടംപിടിച്ചത്. സിനിമ വിശ്വാസത്തെ ബാധിക്കുന്നെന്നും അതിനാൽ അഭിനയം നിർത്തുന്നെന്നുമായിരുന്നു സൈറ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയത്. 

“അഭിനയജീവിതത്തിൽ അഞ്ചുവർഷം പിന്നിട്ടെങ്കിലും ഈ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നതിൽ ഞാൻ ശരിയായ സന്തോഷം അനുഭവിക്കുന്നില്ല. മറ്റാരോ ആകാൻവേണ്ടി വലിയ സംഘർഷത്തിലൂടെ ഇക്കാലയളവിൽ കടന്നുപോയെന്നാണു തോന്നുന്നത്. ഇപ്പോഴത്തെ ജീവിതം, മതവും വിശ്വാസവുമായുള്ള ബന്ധത്തിനു ഭീഷണിയാണെന്നു ഞാൻ തിരിച്ചറിഞ്ഞു. ജീവിതത്തിലെ അനുഗ്രഹങ്ങളെല്ലാം എനിക്കു നഷ്ടപ്പെട്ടുപോയി. സമാധാനവും വിശ്വാസവും ദൈവവുമായുള്ള ബന്ധവും താറുമാറാക്കിയ കാര്യങ്ങൾ ചെയ്യുന്നത് അവസാനിപ്പിക്കാൻ ഏറ്റവും പറ്റിയ സമയത്തു ഞാൻ തീരുമാനിച്ചു” -അഭിനയം നിർത്തുകയാണെന്ന് വ്യക്തമാക്കി സൈറ പങ്കുവച്ച കുറിപ്പിൽ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയാണ്. 

Content Highlights: Zaira Wasim requests fans to take down her pictures from social media

Content Highlights: