കുട്ടികളെ ബന്ദികളാക്കിയ യൂട്യൂബർക്ക് പ്രചോദനം ബോളിവുഡ് സിനിമകളോ? ചർച്ചകളിൽ നിറഞ്ഞ് ‘എ വെനസ്ഡേ’യും ‘മഡാരി’യും

മഡാരി എന്ന ചിത്രത്തിന്റെ പോസ്റ്റർ, പവായ് എൽആൻഡ്ടിക്ക് ­സമീപമുള്ള മഹാവീർ ക്ലാസിക് ബിൽഡിങ്, എ വെനസ്ഡേയുടെ പോസ്റ്റർ | ഫോട്ടോ: ANI, X
മഡാരി എന്ന ചിത്രത്തിന്റെ പോസ്റ്റർ, പവായ് എൽആൻഡ്ടിക്ക് ­സമീപമുള്ള മഹാവീർ ക്ലാസിക് ബിൽഡിങ്, എ വെനസ്ഡേയുടെ പോസ്റ്റർ | ഫോട്ടോ: ANI, X

മുംബൈ: പവായിലെ സ്റ്റുഡിയോയിൽ യുട്യൂബർ രോഹിത് ആര്യ ബന്ദികളാക്കിയ 17 കുട്ടികൾ ഉൾപ്പെടെ 19 പേരെ പോലീസ് അത്യന്തം നാടകീയമായ നീക്കത്തിലൂടെ പോറലുപോലുമേൽക്കാതെ രക്ഷപ്പെടുത്തിയ സംഭവം ത്രില്ലർ സിനിമയുടെ നേർ സാക്ഷ്യമായി മാറി. ബോളിവുഡിലെ ശ്രദ്ധേയമായ ചില സിനിമകളുടെ കഥാസന്ദർഭങ്ങ ളെ പ്രതിഫലിപ്പിക്കുന്നതായിരുന്നു സംഭവം. എ വെനസ്ഡേ, മഡാരി തുടങ്ങിയ സിനിമ കളുമായി സമാനത കാണാതിരിക്കാൻ പലർക്കും കഴിഞ്ഞില്ല.

വാർത്ത പുറത്തുവന്നയുടനെ, ആര്യ രോഹിത് എന്നയാൾ എ തേസ്ഡേ, എ വെനസ്ഡേ, മഡാരി തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണോ കുറ്റകൃത്യത്തിന് മുതിർന്നതെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ പലരും ആരാഞ്ഞു.

എ വെനസ്ഡേ (2008) എന്ന ചിത്രത്തിൽ നസീറുദ്ദീൻ ഷാ അഭിനയിച്ച കഥാപാത്രം ഭീകരാക്രമണങ്ങൾക്ക് പ്രതികാരം ചെയ്യാൻ മുംബൈയിലുടനീളം ബോംബുകൾ സ്ഥാപിക്കുകയും പോലീസിന്റെ അലംഭാവത്തെ ചോദ്യം ചെയ്യാൻ പൊതുജനത്തെ നിർബന്ധിക്കു കയും ചെയ്യുന്നുണ്ട്.

2016-ലെ മഡാരി എന്ന സിനിമയിൽ, അഴിമതി തുറന്നുകാട്ടാനും അധി കാരത്തിലിരിക്കുന്നവർ ഉത്തരവാദിത്വമുള്ള വരായിരിക്കണമെന്ന് ഓർമ്മിപ്പിക്കാനും ഒരു മന്ത്രിയുടെ മകനെ തട്ടിക്കൊണ്ടുപോകുന്നു. സർക്കാരിന്റെ അനാസ്ഥയിൽ പാലം തകർ ന്ന് മകൻ മരിച്ചതിന് പ്രതികാരമായാണ് ഇർ ഫാൻ ഖാൻ അവതരിപ്പിച്ച നിർമൽ എന്ന കഥാപാത്രം മന്ത്രിയുടെ മകനെ തട്ടിക്കൊണ്ടു പോകുന്നത്.

എ തേസ്ഡേ എന്ന സിനിമയിൽ യാമി ഗൗതം 16 കുട്ടികളെ ബന്ദികളാക്കുകയും നീതി ആവശ്യപ്പെടുകയും ചെയ്യുന്ന രംഗമുണ്ട്.

രക്ഷാദൗത്യത്തിനിടെ പ്രതി രോഹിത് ആര്യ പോലീസിന്റെ വെടിയേറ്റു മരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. 1.45-ന് മഹാവീർ ക്ലാസിക് കെട്ടിടത്തിൽ ഒരാൾ 17 കുട്ടികളെ ബന്ദികളാക്കിയതായി പവായ് പോലീസ് സ്റ്റേഷനിൽ വിവരം ലഭിക്കുകയായിരുന്നെന്ന് ജോയിന്റ് പോലീസ് കമ്മിഷണർ (ക്രമസമാധാനം) സത്യനാരായണൻ പറഞ്ഞു. പോലീസ് സംഘം ഉടൻ സ്ഥലത്തെത്തി. എയർ ഗണ്ണിനു പുറമേ, ചില രാസവസ്തുക്കളും ഇയാളുടെ കൈവശം ഉണ്ടായിരുന്നു. അനുനയനീക്കം ഫലിക്കാഞ്ഞതിനെത്തുടർന്ന് പോലീസ് നടപടിയിലേക്ക് തിരിഞ്ഞു. എട്ടംഗ പോലീസ് കമാൻഡോ സംഘം കുളിമുറിവഴി സ്റ്റുഡിയോയിലേക്ക് പ്രവേശിച്ച് പ്രതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു.

ഒരു വെബ് സീരീസിനായി സ്റ്റുഡിയോയിൽ ഓഡിഷൻ നടന്നുവരുകയായിരുന്നു. 15 വയസ്സുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയും പ്രതി രോഹിത് ആര്യ വിളിച്ചിരുന്നു. രണ്ടുദിവസമായി ഓഡിഷൻ നടന്നുവരുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ‘ചിലരോട് ചോദ്യങ്ങൾ ചോദിക്കാൻ’ ആഗ്രഹിക്കുന്നെന്ന് പറഞ്ഞുകൊണ്ട് പ്രതിതന്നെ ബന്ദികളാക്കിയവരുടെ വീഡിയോ പുറത്തുവിടുകയായിരുന്നു. എയർഗൺ ഉപയോഗിച്ച് പ്രതി കുട്ടികളെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ പോലീസിന്‌ വെടിവെക്കേണ്ടി വരികയായിരുന്നെന്നും പരിക്കേറ്റതിനെത്തുടർന്ന് ആശുപത്രിയിൽവെച്ച്‌ മരിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.

Content Highlights: Mumbai: 17 children rescued from a Youtuber`s studio. Was the hostage situation inspired by Bollywood thrillers like A Wednesday & Madaari? Police operation details.