'യെന്റമ്മാ'യില്‍ സല്‍മാനൊപ്പം രാംചരണ്‍ നൃത്തം ചെയ്തത് പ്രതിഫലം വാങ്ങാതെയെന്ന് റിപ്പോര്‍ട്ട്

ഒറ്റ ദിവസംകൊണ്ടുതന്നെ തരംഗമായി മാറിയിരിക്കുകയാണ് സല്‍മാന്‍ ഖാന്റെ പുതിയ ചിത്രമായ കിസി കാ ഭായി കിസി കി ജാന്‍ എന്ന ചിത്രത്തിലെ 'യെന്റമ്മാ' എന്ന ഗാനം. ഓസ്‌കര്‍ നെറുകയില്‍ നില്‍ക്കുന്ന തെലുങ്കിലെ യുവസൂപ്പര്‍താരം രാംചരണ്‍ തേജയുടെ സാന്നിധ്യമാണ് ഗാനത്തിന്റെ പ്രധാന ആകര്‍ഷണം. ഇപ്പോഴിതാ ഈ ഗാനത്തേക്കുറിച്ച് സുപ്രധാനമായ ഒരുവിവരം പുറത്തുവന്നിരിക്കുകയാണ്.
സല്‍മാനൊപ്പമുള്ള ഗാനരംഗത്തില്‍ പ്രതിഫലം വാങ്ങാതെയാണ് രാംചരണ്‍ അഭിനയിച്ചത് എന്നാണ് റിപ്പോര്‍ട്ട്. രാംചരണും പിതാവ് ചിരഞ്ജീവിയുമായും അടുത്തബന്ധം പുലര്‍ത്തുന്നയാളാണ് സല്‍മാന്‍ ഖാന്‍. ചിരഞ്ജീവി നായകനായി അഭിനയിച്ച ഗോഡ്ഫാദര്‍ എന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ അതിഥിതാരമായി എത്തിയിരുന്നു. ഈ വേഷം ചെയ്യുന്നതിന് ബോളിവുഡ് സൂപ്പര്‍താരം പ്രതിഫലം വാങ്ങിയിരുന്നില്ല. ഇതാണ് ഇങ്ങനെയൊരു നൃത്തരംഗത്തിലെത്താന്‍ രാംചരണിനെ പ്രേരിപ്പിച്ചതെന്നാണ് ടോളിവുഡ് വൃത്തങ്ങളില്‍ നിന്നുള്ള വിവരം.
തെലുങ്ക് നടന്‍ വെങ്കിടേഷ്, പൂജ ഹെഗ്‌ഡേ എന്നിവരും ഗാനരംഗത്തില്‍ നിറഞ്ഞാടുന്നുണ്ട്. പായല്‍ ദേവ് ഈണമിട്ട ഗാനം യൂട്യൂബില്‍ മാത്രം ഒരു കോടിയിലേറെ പേര്‍ കണ്ടുകഴിഞ്ഞു. വിശാല്‍ ദല്‍ദാനിയും പായല്‍ ദേവും ചേര്‍ന്നാണ് തട്ടുപൊളിപ്പന്‍ ഗാനം ആലപിച്ചിരിക്കുന്നത്. ഷബീര്‍ അഹമ്മദിന്റേതാണ് വരികള്‍. ജഗപതി ബാബു, ഭൂമിക ചാവ്‌ള, വിജേന്ദര്‍ സിങ്, അഭിമന്യു സിങ്, രാഘവ് ജുയാല്‍, സിദ്ധാര്‍ത്ഥ് നിഗം, ജാസീ ഗില്‍, ഷെഹനാസ് ഗില്‍, പലക് തിവാരി, വിനാലി ഭട്‌നാഗര്‍ എ്‌നിവരാണ് ചിത്രത്തിലെ മറ്റഭിനേതാക്കള്‍.
ആക്ഷനും കോമഡിയും നിറച്ചാണ് ചിത്രമെത്തുക. സല്‍മാന്‍ ഖാന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നതും. ഫര്‍ഹാദ് സംജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ വര്‍ഷം ഈദ് റിലീസായി കിസി കാ ഭായ് കിസി കി ജാന്‍ തിയേറ്ററുകളിലെത്തും.
Content Highlights: yentamma song, ram charan performed with salman without payment, kisi ka bhai kisi ki jaan songs