'സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർ അമ്പരന്നുപോകും'; ഗീതുമോഹൻദാസ് ചിത്രം 'ടോക്‌സിക്കി'നെ കുറിച്ച് യഷ്

'ടോക്സിക്' പ്രേക്ഷകരെ അമ്പരപ്പിക്കുമെന്ന് റോക്കിങ് സ്റ്റാർ യഷ്. സാൻ ഡിയാഗോ കോമിക്- കോൺ ഫെസ്റ്റിവലിൽ തന്റെ പുതിയ ചിത്രമായ 'ടോക്‌സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ- അപ്സ്' എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓഗസ്റ്റ് 26-ന് 'ടോക്‌സിക്' ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കെയാണ് താരത്തിന്റെ തുറന്നുപറച്ചിൽ. ചിത്രം പ്രേക്ഷകരെ അമ്പരപ്പിക്കുന്ന അനുഭവമായിരിക്കും. വലിയ ആക്ഷൻ രംഗങ്ങൾക്കപ്പുറം ശക്തമായ വൈകാരികതയും ചിത്രത്തിന്റെ മുഖമുദ്രയായിരിക്കുമെന്നും യഷ് പറഞ്ഞു.
'ഇതൊരു റോളർ- കോസ്റ്റർ റൈഡ് പോലെയാണ്. വൈൽഡും അൺഅപ്പോളജറ്റിക്കുമാണ്. എന്നാൽ അതേസമയം, ആഴത്തിലുള്ള ഒരു സിനിമ കൂടിയാണിത്. പുറമേ കാണുമ്പോൾ ഒരു ബിഗ്- സ്‌കെയിൽ സിനിമ മാത്രമായി തോന്നുമെങ്കിലും, അതിന്റെ ഉള്ളിൽ ശക്തമായ വികാരങ്ങളുണ്ട്. തിയേറ്ററിലേക്ക് എത്തുന്ന ഓരോരുത്തരും സിനിമ കഴിഞ്ഞിറങ്ങുമ്പോൾ അമ്പരന്നുപോകും. 'ഇതെന്തായിരുന്നു!' എന്നാകും അവരുടെ പ്രതികരണം,' അദ്ദേഹം പറഞ്ഞു.
ആക്ഷൻ ചിത്രങ്ങളോടുള്ള തന്റെ ഇഷ്ടവും യഷ് പങ്കുവെച്ചു. ലോകോത്തര നിലവാരത്തിലുള്ള ആക്ഷൻ രംഗങ്ങൾ ചിത്രത്തിലൊരുക്കിയ ഹോളിവുഡ് ആക്ഷൻ കൊറിയോഗ്രാഫറായ ജെ.ജെ. പെറിയുടെ സംഭാവനയും അദ്ദേഹം പ്രശംസിച്ചു. യഷ്, നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് 'ടോക്‌സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ- അപ്സ്'.
യഷും ഗീതു മോഹൻദാസും ചേർന്ന് രചന നിർവഹിച്ച ചിത്രത്തിന്റെ സംവിധാനം ഗീതു മോഹൻദാസാണ്. കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ചിരിക്കുന്ന 'ടോക്‌സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ- അപ്സ്' ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഉൾപ്പെടെ ഓഗസ്റ്റ് 26-ന് റിലീസ് ചെയ്യും. കെ.വി.എൻ. പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.